പത്തനാപുരത്ത് ക്യാമറ റോള്‍ ചെയ്തു തുടങ്ങി!!
ഇത്തവണ പത്തനാപുരത്ത് നടന്ന തെരഞ്ഞെടുപ്പ് പോലെ ഒരു തെരഞ്ഞെടുപ്പ് കേരളം ഇത് വരെ കണ്ടുകാണില്ല. ഒരു സിനിമാ റീലീസിന്റെ പ്രതീതിയായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ദിവസങ്ങളിലുടനീളം ഇവിടെ. പത്തനാപുരം നിയോജകമണ്ഡലം സിനിമയുടെ ലൊക്കേഷൻപോലെയായി. പ്രധാന താരങ്ങൾ മൂന്നുപേർ: ഇടതുമുന്നണിയുടെ നായകൻ കെ.ബി. ഗണേഷ്‌കുമാർ, ഐക്യജനാധിപത്യമുന്നണിയിലെ ജഗദീഷ് എന്ന പി.വി.ജഗദീഷ്‌കുമാർ, എൻ.ഡി.എ.യിലെ ഭീമൻ രഘു എന്ന രഘു ദാമോദരൻ.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായതോടെ സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് പിടിക്കാന്‍ മറ്റ് ആക്ഷന്‍ താരങ്ങള്‍ കൂടി എത്തി പത്തനാപുത്ത് ലൊക്കേഷന്‍ കാഴ്ചകള്‍ കാണാമെന്ന് മോഹിച്ചവര്‍ക്ക് കട്ട് പറഞ്ഞാണ് പ്രചാരണത്തിന്റെ ആദ്യഘട്ടം തുടങ്ങിയത്. ഗണേഷും ജഗദീഷും തമ്മിലുള്ള വ്യക്തിപരമായ ആരോപണങ്ങളായിരുന്നു ഫസ്റ്റ് ഹാഫ്. ഇടവേളവരെയും താരങ്ങളെ ഒന്നും ഇങ്ങോട്ട് കണ്ടില്ല.
ഇടതനെയും വലതനെയും മാറി മാറി ഭരണ സിരാകേന്ദ്രത്തിലേക്ക് അയച്ച തെരഞ്ഞെടുപ്പ് ചരിത്രമാണ് മലയോരപട്ടണത്തിനുള്ളത്. തീ പാറുന്ന മല്‍സരങ്ങള്‍ക്കും ഫോട്ടോ ഫിനിഷുകള്‍ക്കും അനായാസവിജയങ്ങള്‍ക്കുമെല്ലാം മണ്ഡലം സാക്ഷിയായിട്ടുണ്ട്. സംസ്ഥാനത്തെ ഞെട്ടിക്കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങളും പത്തനാപുരം സംഭാവന ചെയ്തിട്ടുണ്ട് എന്നതാണ് സത്യാവസ്ഥ. മാവേലിക്കര പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ ഏട്ട് പഞ്ചായത്തുകളാണ് ഉള്ളത്. കിഴക്കന്‍ മേഖലയിലെ ആര്യങ്കാവും തെന്‍മലയും കഴിഞ്ഞ തവണ പുനലൂരിലേക്ക് വിട്ട് കൊടുത്തിട്ട് വെട്ടിക്കവലയും മേലിലയും ഒപ്പം ചേര്‍ക്കുകയും ചെയ്തു. ഇതിനുപുറമെ കോണ്‍ഗ്രസിന് ഏറെ സ്വാധീനമുള്ള തലവൂരും പട്ടാഴിയും പിറവന്തൂരും ഇടത് പാരമ്പര്യമുള്ള വിളക്കുടിയും പത്തനാപുരവും പട്ടാഴി വടക്കും ചേരുമ്പോള്‍ പത്തനാപുരം മണ്ഡലത്തിന്റെ ചിത്രം ഏറെക്കുറെ പൂര്‍ണമാകും. ഇതാണ് പത്തനാപുരം മണ്ഡലത്തിന്റെ ഫ്ലാഷ് ബാക്ക്.
സംസ്ഥാനത്തെ ഈ മണ്ഡലം ഒരിക്കലും കൊടിയുടെ നിറം നോക്കി വോട്ട് ചെയ്തിട്ടില്ല. പാര്‍ലമെന്റ് മണ്ഡലം എന്ന നിലയില്‍ വര്‍ഷങ്ങളായി കൊടിക്കുന്നില്‍ സുരേഷാണ് ഡല്‍ഹിയ്ക്ക് പറക്കുന്നത്. എന്നാല്‍ രാഷ്ട്രീയ സമവാക്യങ്ങളെല്ലാം അട്ടിമറിയ്ക്കുന്നതായിരുന്നു ഇത്തവണത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം. എട്ട് പഞ്ചായത്തുകളില്‍ ഏഴിനെയും ചുമപ്പിച്ചു കൊണ്ടാണ് വിധി വന്നത് എന്ന സൈഡ് ട്രാക്കുമുണ്ട് ഈ മണ്ഡലത്തിന്.
ഏതെല്ലാം താരങ്ങള്‍ ആര്‍ക്കൊക്കെ വേണ്ടി പത്തനാപുരത്ത് എത്തും എന്ന് കാത്തിരുന്നനര്‍ക്ക് ക്ലൈമാക്സ് വരെ കാത്തിരിക്കേണ്ടി വന്നു. കാത്ത് കാത്ത് ഇരുന്നങ്കിലും അത് ഒരു ഒന്നൊന്നര ക്ലൈമാക്സ് ആയിരുന്നു. മലയാള സിനിമാ രാഷ്ട്രീയം കൂടി ഇതിന് ആന്റി ക്ലൈമാക്സ് ആയി വന്നു. മോഹന്‍ലാല്‍ ഗണേഷ്കുമാറിനായി പത്തനാപുരത്ത് എത്തിയതോടെയാണ് സിനിമാലോകം സജീവമായി കൊണ്ടും കൊടുത്തും പത്തനാപുരത്തേക്ക് എത്തിയത്. മോഹന്‍ലാല്‍ മണ്ഡലത്തില്‍ എത്തിയതിനെ തുടര്‍ന്ന് സലീ കുമാര്‍ അമ്മയിലെ അംഗത്യം രാജിവച്ചതോടെയാണ് കൂട്ടപ്പൊരിച്ചില്‍ ആരംഭിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോഹന്‍ലാല്‍ എത്തിയതില്‍ പ്രതിഷേധിച്ചാണ് സലീംകുമാര്‍ രാജി വച്ചത്. താരമണ്ഡലങ്ങളില്‍ പോയി പക്ഷം പിടിയ്ക്കരുതെന്ന സംഘടന നിര്‍ദ്ദേശം മോഹന്‍ലാല്‍ പാലിച്ചില്ലെന്നാണ് പ്രധാന പരാതി.
ഇതില്‍ പ്രതിഷേധിച്ച് സ്ഥാനാര്‍ത്ഥി ജഗദീഷും രംഗത്തെത്തി. താരങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നത് വ്യക്തിബന്ധങ്ങള്‍ കൂടി കണക്കിലെടുത്താണെന്ന് പറഞ്ഞ് അമ്മയുടെ പ്രസിഡന്റും എംപിയുമായ നടന്‍ ഇന്നസെന്റും രംഗത്തുവന്നു. ഇതോടെ പരാതികള്‍ക്കും പരിവേദനങ്ങള്‍ക്കും അറുതി നല്‍കി വോട്ടെടുപ്പ് നടന്നു. 74.85ശതമാനം വോട്ടെടുപ്പാണ് ഇവിടെ നടന്നത്. കുറച്ചു ദിവസങ്ങൾകൂടി കാത്തിരിക്കാം പത്തനാപുരത്തെ യഥാര്‍ത്ഥ സിനിമ തുടങ്ങാന്‍!
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here