60 കോടീശ്വരൻമാരുമായി 14ആം നിയമസഭ

ഇത്തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരിൽ 60 പേർ കോടീശ്വരൻമാർ. തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സ്വത്തുവിരങ്ങൾ അനുസരിച്ചാണ് സമ്പന്നരായ എംഎൽഎമാരെ കണ്ടെത്തിയിരിക്കുന്നത്. സമ്പന്നരിൽ ഒന്നാംസ്ഥാനം കുട്ടനാട് എംഎൽഎ തോമസ് ചാണ്ടിക്ക്. കോടീശ്വരൻമാരുടെ എണ്ണത്തിൽ ഒന്നാമത് പ്രതിപക്ഷമാണെങ്കിലും ആസ്തിയിൽ ആ സ്ഥാനം ഭരണപക്ഷത്തിനുതന്നെ.

തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നവരിൽ 202 പേരായുരുന്നു കോടീശ്വരൻമാർ. എന്നാൽ സീറ്റ് കിട്ടിയത് ഇതിൽ 60 പേർക്ക്. 34 പേരാണ് പ്രതിപക്ഷത്തെ കോടീശ്വരൻമാർ. ഇതിൽ പതിനഞ്ച് മുസ്ലീംലീഗ് എംഎൽഎമാരും 14 കോൺഗ്രസുകാരും ഉൾപ്പെടും. ഭരണപക്ഷത്ത് 25 പേർ. എന്നാൽ എണ്ണത്തിൽ കുറവാണെങ്കിലും ഭരണപക്ഷത്തിനാണ് ആസ്തി കൂടുതൽ.

കോടീശ്വരൻമാരിൽ ഒന്നാംസ്ഥാനക്കാരനായ തോമസ് ചാണ്ടിയുടെ ആകെ ആസ്തി 92 കോടി 38 ലക്ഷം രൂപ. രണ്ടാംസ്ഥാനവും ഭരണപക്ഷത്തിനുതന്നെ. ബേപ്പൂർ എംഎൽഎ വികെസി മമ്മദ് കോയയാണ് രണ്ടാം സ്ഥാനക്കാരൻ. അദ്ദേഹത്തിന്റെ ആസ്തി 30 കോടി 42 ലക്ഷം.

ഇടത്തേക്കുചാഞ്ഞ ഗണേഷ് കുമാറിന് 22 കോടി 22 ലക്ഷത്തിന്റെ സ്വത്തുണ്ട്. മുൻ മന്ത്രി മഞ്ഞളാംകുഴി അലി 20 കോടി 27 ലക്ഷം, നിലമ്പൂരിലെ സിപിഎം സ്വതന്ത്രനും വ്യവസായിയുമായ പി.വി. അൻവറിന്റെ ആസ്തി 14 കോടി 39 ലക്ഷം എന്നിങ്ങനെയാണ് സമ്പന്നരുടെ വിവരങ്ങൾ. കെ. മുരളീധരൻ ആറാം സ്ഥാനത്താണ്. അദ്ദേഹത്തിന്റെ ആസ്തി 13 കോടി 5 ലക്ഷം.

നടനും കൊല്ലം മണ്ഡലത്തിലെ വിജയിയുമായ എം. മുകേഷ്, അടൂർ പ്രകാശ്, താനൂരിലെ ഇടത് സ്വതന്ത്രൻ വി. അബ്ദുറഹ്മാൻ, അനൂപ് ജേക്കബ് എന്നിവർ ആദ്യ പത്തിൽ ഉൾപ്പെടും. ഉടുമ്പഞ്ചോല എംഎൽഎ എംഎം മണി, മുൻമന്ത്രിമാരായ എ.കെ.ബാലൻ, രമേശ് ചെന്നിത്തല, കെ.എം.മാണി, പി.കെ.കുഞ്ഞാലിക്കുട്ടി, പി.കെ.അബ്ദുറബ്, വി.കെ.ഇബ്രാഹിംകുഞ്ഞ്, എസ്.ശർമ തുടങ്ങിയവരൊക്കെ ഉൾപ്പെട്ടതാണ് പതിനാലാം നിയമസഭയിലെ കോടീശ്വരൻമാർ

നിയുക്ത മുഖ്യമന്ത്രി പിണറായി വിജയൻ 57 ആം സ്ഥാനത്തുണ്ട്. ഒരു കോടി ഏഴ് ലക്ഷത്തി പതിനാറായിരത്തി ആറന്നൂററിഎൺപത്തിനാല് രൂപയാണ് പിണറായിയുടെ ആസ്തി.

അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റിഫോംസ് ആണ് സ്ഥാനാര്‍ഥികളുടേയും എംഎല്‍എമാരുടേയും സ്വത്തുവിവരങ്ങള്‍ ക്രോഡീകരിച്ച് പട്ടിക തയാറാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top