അഭിമാന ചിറകില്‍ ഇന്ത്യ. പുനരുപയോഗ ബഹിരാകാശ വാഹനത്തിന്റെ വിക്ഷേപണം വിജയം.

ഇന്ത്യയുടെ പുനരുപയോഗ ബഹിരാകാശ വാഹനത്തിന്റെ വിക്ഷേപണം വിജയം. ഇന്ന് രാവിലെ ഏഴിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് വിജയകരമായി സ്പേഷ് ഷട്ടിലിന്റെ ചെറു മാതൃക വിക്ഷേപിച്ചു. 6.5മീറ്റര്‍ നീളവും1.75 ടണ്‍ ഭാരവുമാണ് പരീക്ഷണ വാഹനത്തിനുണ്ടായിരുന്നത്. വിക്ഷേപണം കഴിഞ്ഞ് 20 മിനിട്ട് കഴിഞ്ഞപ്പോള്‍ പരീക്ഷണ വിജയകരമാണെന്ന് ഐ.എസ്ആര്‍ഒ പ്രഖ്യാപിച്ചു.
ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയില്‍ ബൂസ്റ്റര്‍ റോക്കറ്റില്‍ ഘടിപ്പിച്ചിരിക്കുന്ന വിമാന മാതൃകയിലുള്ള വാഹനത്തിന്റെ (ആര്‍.എല്‍.വി-ടി.ഡി) വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ ഞായറാഴ്ച ആരംഭിച്ചിരുന്നു. 12 വര്‍ഷം മുമ്പ് ആരംഭിച്ച പദ്ധതിയാണ് ഇന്ന് ലക്ഷ്യം കണ്ടത്. 95 കോടിരൂപയോളമാണ് ഇതിന് ചെലവായത്. 2030 ഓടെ പൂര്‍ണ്ണ തോതിലുള്ള പുനരുപയോഗ വിക്ഷേപണ വാഹനം സജ്ജമാകുമെന്നാണ് കരുതുന്നത്. ശബ്ദത്തേക്കാള്‍ 25മടങ്ങ് വേഗതയാണ് യഥാര്‍ത്ഥ വാഹനത്തിനുണ്ടാകുക.
2011 മുതല്‍ നെയ്യാറ്റിന്‍കര സ്വദേശിയായ ശ്യാം മോഹനാണ് ആര്‍.എല്‍.വി-ടി.ഡി.യുടെ പ്രോജക്ട് ഡയറക്ടര്‍.
2002 മുതല്‍ 2004 വരെ ഡോ.ജി.മാധവന്‍ നായരുടെ മേല്‍നോട്ടത്തില്‍ ശ്യാം മോഹന്‍ ആര്‍.എല്‍.വി.യുടെ സിസ്റ്റം എന്‍ജിനിയറിങ്ങിലും സിസ്റ്റം ആര്‍ക്കിടെക്ചറിലും ജോലി ചെയ്തു. പിന്നീട് ഡോ. എ.പി.ജെ.അബ്ദുല്‍ കലാം, ഡോ. കസ്തൂരിരംഗന്‍, ഡോ. ആര്‍.നരസിംഹ, ഡോ. ജി.മാധവന്‍ നായര്‍ തുടങ്ങിയവര്‍ പലതവണ ശ്യാംമോഹന്റെയും സംഘത്തിന്റെയും പഠനങ്ങള്‍ പരിശോധിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top