Advertisement

കോവൂരിന്റെ സ്വന്തം മൂസക്കായി

May 28, 2016
Google News 2 minutes Read

കോഴിക്കോട് ജില്ലയിലെ കോവൂർ എന്ന ഗ്രാമത്തിൽ 1969 ജൂലൈ 17 ന് ഒരു ഉണ്ണി പിറന്നു. കലാകുടുംബത്തിൽ പിറന്നതുകൊണ്ടു തന്നെ അവന് കലയോട് അഭിനിവേശം തോന്നുക സ്വാഭാവികം. അച്ചനോടൊപ്പം വിവിധ നാടകവേദികളിൽ അവനും സജീവമായിരുന്നു. ശകുനി, ചന്ദ്രോത്സവം തുടങ്ങിയ നാടകങ്ങളിൽ അവൻ ബാലനടനായി അഭിനയിച്ചു. കാമ്പിശ്ശേരി നാടകമത്സരത്തിൽ മികച്ച ബാലതാരമായിമാറി ആ കുട്ടി .അങ്ങനെ കുട്ടികാലത്തെ തന്നെ തന്നിലെ നടന വൈഭവം അവൻ തെളിയിച്ചു. പ്രശസ്ത കവി കുഞ്ഞുണ്ണി മാഷ് അവന്റെ അച്ച്ചനമ്മമാരോട് പറഞ്ഞു മകൻ കലാകാരനാവുമെന്ന്. അത് പിന്നീട് സത്യമായി. നാടകത്തട്ടിൽ നിന്നും മിനി സ്‌ക്രീനിലേക്കും അവിടെ നിന്ന് സിനിമയിലേക്കും ചേക്കേറിയ വിനോദ് കാവൂർ എന്ന കലാകാരന്റെ ജീവിതവഴിയിലൂടെ….

കുട്ടികാലം തൊട്ടേ അഭിനയം കൂടെയുണ്ടായിരുന്നല്ലേ ??

കുട്ടികാലത്തെ തന്നെ കലാകാരൻ ആയിരുന്നു. സ്‌കൂളിൽ പഠിക്കുമ്പോൾ ഡാൻസും , മോണോ ആക്ടും ഒക്കെ ചെയ്തിരുന്നു. അച്ഛന് കുറേ നാടകക്കാരായിട്ട് ബന്ധം ഉണ്ടായിരുന്നു. ശകുനി, ചന്ദ്രോത്സവം തുടങ്ങിയ നാടകങ്ങളിൽ ബാലനടനായി അഭിനയിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് കാമ്പിശ്ശേരി നാടകമത്സരത്തിൽ മികച്ച ബാലതാരമായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് കെപിഎസിയിൽ നിന്നും ക്ഷണം വരുനത്. എന്നാൽ പഠനത്തെ ബാധിക്കും എന്ന് കരുതി അത് സ്വീകരിച്ചില്ല. സ്‌കൂൾ കഴിഞ്ഞ് കോളേജിൽ എത്തിയപ്പോഴും ഞാൻ കലയെ കൈവിട്ടില്ല. അവിടേയും ഒരു താരമായി. അങ്ങനെയാണ് കലകൊണ്ട് ജീവിക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചത്.

എങ്ങനെയാണ് മിനി സ്‌ക്രീനിൽ എത്തിയത് ??

അക്കാലത്ത് ടോം ആൻഡ് ജെറി എന്ന ട്രൂപ് തുടങ്ങിയിരുന്നു ഞാൻ. കാപ്‌സ്യൂൾ കോമഡി ആയിരുന്നു അതിൽ ചെയ്തിരുന്നത്. ഞാനും സുബൈർ എന്ന സുഹൃത്തും ചേർന്നാണ് അത് നടത്തിയിരുന്നത്. ചില കാരണങ്ങളാൽ അദ്ദേഹം ആത്മഹത്യ ചെയ്തു. പിന്നീട് എന്റെ ശിഷ്യൻ കബീറുമായി ചേർന്നാണ് ട്രൂപ് നടത്തിയത്. കോമഡിയും പാട്ടും ഡാൻസുമായി ഞങ്ങൾ രണ്ടു മണിക്കൂർ ദൈർഖ്യമുള്ള പരിപാടികൾ ചെയ്തിരുന്നു. പരിപാടി വിജയകരമായതോടെ നിരവധി ട്രൂപ്പുകളിൽ നിന്നും ക്ഷണങ്ങൾ വന്നു തുടങ്ങി. കാലികറ്റ് സൂപ്പർ ജോക്‌സ്, കാലിക്കറ്റ് സ്‌പോട്ട് ലാൻഡ്, തുടങ്ങിയവയിൽ പ്രോഗ്രാമുകൾ ചെയ്തു. ഇതിനടിയിൽ നാടകങ്ങളിലും സജീവമായിരുന്നു ഞാൻ. കേരള സർക്കാരിന്റെ കേരളോത്സവ നാടകമത്സരത്തിൽ തുടർച്ചയായി അഞ്ചു വർഷം മികച്ച നടനായിരുന്നു. പിന്നീടാണ് ദൂരദർശനിൽ എത്തുന്നത്. അവിടെ കുഞ്ഞാടുകൾ ആയിരുന്നു ആദ്യ പ്രോഗ്രാം.

മറിമായത്തിലെ ‘മൊയ്ദുവും’ എം 80 മൂസയിലെ ‘മൂസക്കായിയും ‘ ഏറെ ജനശ്രദ്ധ നേടിയ കഥാപാത്രങ്ങൾ ആയിരുന്നു . അതിനെ കുറിച്ച് ??

ദൂരദർശനിലെ കുഞ്ഞാടുകൾക്ക് ശേഷമാണ് ഏഷ്യനെറ്റിൽ ദുർഗ്ഗ എന്ന പ്രോഗ്രാം ചെയ്യുന്നത്. അതിനു ശേഷം സൂര്യ ടി വിയിലെ കളിക്കളം എന്ന പരിപാടിയുടെ അവതാരകനായി. സൂര്യയിൽ തന്നെ ഒരു റിയാലിറ്റി ഷോയിലും പങ്കെടുത്തിരുന്നു. അതിനു ശേഷമാണ് അമൃതയിലെ സൂപ്പർ ടാലെന്റ്‌റ് എന്ന പരിപാടിയിൽ പങ്കെടുക്കുന്നത്. അതിന്റെ ഫൈനൽസ് വരെ എത്തി. അതിലെ എന്റെ പ്രകടനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അങ്ങനെയാണ് മറിമായത്തിൽ എത്തുന്നത്. എന്നേയും മണികണ്ഠനേയും രചന നാരായണൻ കുട്ടിയേയും ആയിരുന്നു ആദ്യമായ് കാസ്റ്റ് ചെയ്തത്. അതേ ടീമിന്റെ തന്നെ ‘വല്ലാത്ത പഹയൻ’ എന്ന സിനിമയും ഇറങ്ങിയിരുന്നു. അതിനു ശേഷമാണ് എം 80 മൂസയിലേക്കെത്തുന്നത്. രണ്ടിലും കോഴിക്കോടിന്റെ തനത് ശൈലിയിൽ ആണ് സംസാരം. കഥാപാത്രം അത് ആവിശ്യപ്പെടുന്നുമുണ്ട് . തനി നാടാൻ നാടൻ രീതിയിൽ ഉള്ള സംസാരവും ചേഷ്ടകളും കൊണ്ടാവണം ആ കഥാപാത്രങ്ങൾക്ക് ഇത്രയേറെ ജനസമ്മിതി കിട്ടാൻ കാരണം. ഒരു പരിപാടി ജനകീയമാകണം എങ്കിൽ അതിൽ റിയാലിറ്റി വേണം. മറിമായത്തിലെ ‘മൊയ്ദുവും’ എം 80 മൂസയിലെ ‘മൂസക്കായിയും’ ഒക്കെ ലോകത്ത് എവിടെയെങ്കിലും  ജീവിച്ചിരിക്കുന്ന അല്ലെങ്കിൽ ഉണ്ടാവാൻ സാധ്യതയുള്ള ഒരാളാണെന്ന് ജനങ്ങൾക് തോന്നിയിട്ടുണ്ടാവണം.

സിനിമയിലേക്കുള്ള രംഗപ്രവേശം ??

അമൃതയിലെ സൂപ്പർ ടാലെന്റ്‌റ് എന്ന പരിപാടിയിലെ എന്റെ പ്രകടനത്തിലൂടെ തന്നെയാണ് ഞാൻ സിനിമയിലേക്ക് വരുന്നതും. ആദ്യ സിനിമ മഴനൂൽ കനവായിരുന്നു. പിന്നീടാണ് ആദാമിന്റെ മകൻ അബു, പുതിയ തീരങ്ങൾ, പരുന്ത് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുന്നത്.

തൃശ്ശൂരിൽ സമാപിച്ച രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേളയിൽ മികച്ച നടനായി തിരഞ്ഞെടുത്തു. എന്ത് തോന്നുന്നു ?? താരങ്ങൾ ഷോർട്ട് ഫിലിമുകളിൽ നിന്നും വിട്ടു നിൽക്കുമ്പോൾ എന്താണ് വിനോദിനെ ഇതിലേക്ക് ആകർഷിച്ചത് ??

അതേ കാരണത്താൽ എന്ന ചിത്രത്തിനാണ് എനിക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. വർഷം എന്ന സിനിമയിലാണ് ഞാൻ ആദ്യമായി ഒരു സീരിയസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പിന്നീടാണ് നേരറിയാതെ, അതെ കാരണത്താൽ ഒക്കെ വരുന്നത്. അവാർഡ് കിട്ടിയതിൽ സന്തോഷമുണ്ട്. ഹ്രസ്വ ചിത്രങ്ങളുടെ ഷൂട്ടിങ്ങ് പെട്ടെന്ന് തീരുന്നതിനാൽ ഡേറ്റ് പ്രശ്‌നമൊന്നും വരാറില്ല. അത് കൊണ്ട് തന്നെ ചാനൽ പ്രോഗ്രാമുകൾ ചെയുന്നതിൽ ബുദ്ധിമുട്ടില്ല.

സുഹൃത്ത് സുരഭി ലക്ഷ്മിക്കും ഫ്‌ളവേഴ്‌സ് ടിവി യുടെ മികച്ച ഹാസ്യതാരത്തിനുള്ള അവാർഡ് ലഭിച്ചു. എന്ത് തോന്നുന്നു ??

അവാർഡ് കിട്ടിയതിൽ സന്തോഷമുണ്ട്. ഞാനാണ് സുരഭിയെ എം 80 മൂസയിലേക്ക് കൊണ്ട് വരുന്നത്. ഞങ്ങൾ ‘ഓൺ ദ വേ’ എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. നല്ല കഴിവുള്ള കുട്ടിയാണ് സുരഭി. ഈ അവാർഡ് അവൾ അർഹിക്കുന്നുണ്ട്. എം 80 മൂസയിലെ ഞങ്ങളുടെ കെമിസ്ട്രിയും ആ അവാർഡിന് ഒരു കാരണമാണ്. കാരണം മൂസക്കായി ഇല്ലാതെ പാത്തു ഇല്ലല്ലോ.

എഴുത്തിലേക്ക് തിരിയാനുണ്ടായ സാഹചര്യം ?? കിട്ടിയ പ്രതികരണങ്ങൾ ??

എഴുത്തിലേക്ക് തിരിഞ്ഞത് മനപൂർവ്വം അല്ല. മനസ്സിലെ കഥകൾ എഴുതി. അത്രെയേ ഒള്ളു. നല്ല പ്രതികരണങ്ങളാണ് ഇതുവരെ കിട്ടിയത്. ‘എകാഭിനായ സമാഹാരം’, ‘കലോൽസവം മോണോ ആക്റ്റ്’ എന്നീ പുസ്തകങ്ങളാണ് എഴുതിയത്. ഈ പുസ്തകങ്ങൾ പഠിച്ചിട്ടാണ് കുട്ടികൾ നിരവധി മത്സരങ്ങളിലും കലോത്സവ വേദികളിലും സമ്മാനം വാങ്ങിയതൊക്കെ. എകാഭിനായ സമാഹാരത്തിന് ശേഷമാണ് കലോത്സവം മോണോ ആക്റ്റ് എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഇപ്പോൾ മൂന്നാമത്തെ പുസ്തകത്തിന്റെ പണിപ്പുരയിലാണ്.

നാടകത്തിൽ നിന്നും സിനിമയിൽ വന്നതുകൊണ്ട് ഉണ്ടായ ഗുണങ്ങൾ ??

നാടകത്തിലും മിമിക്രിയിലും സജീവമായിരുന്നത് കൊണ്ടാണ് സിനിമയിലേക്ക് വന്നത്. അതുകൊണ്ട് തന്നെ എനിക്ക് അഭിനയിക്കാൻ ബുദ്ധിമുട്ടോ പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ല. എനിക്ക് ഒരിക്കലും റീടേക്കിന്റെ ആവിശ്യം വന്നിട്ടില്ല.

എഴുത്ത്, അഭിനയം അല്ലാതെ വേറെന്തൊക്കെ മേഖല കൈകാര്യം ചെയ്തിട്ടുണ്ട് ??

സംസ്ഥാന സർക്കാരിന് വേണ്ടി നിരവധി പ്രോജക്റ്റുകളുടെ ഭാഗം ആവാൻ സാധിച്ചിട്ടുണ്ട്. ആറു വർഷം കേരള ഗവണ്മെന്റിന്റെ എയ്ഡ്‌സ് ബോധവത്ക്കരണപരിപാടിയിലും പ്രവർത്തിച്ചിട്ടുണ്ട്. കുട്ടികളുടെ വ്യക്തിത്വവികസനം,ആശയവിനിമയം,നേതൃത്വപാടവം തുടങ്ങി കുട്ടികൾക്കു വേണ്ടിയുള്ള സെമിനാറുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമേ ഞാൻ പാടിയ നാടൻ പാട്ടുകൾ അടങ്ങുന്ന ‘ഗ്രാമീണം’ എന്ന ഓഡിയോ സിഡി പുറത്തിറക്കി.

മമൂട്ടിയുമായി അഭേദ്യമായ ബന്ധമാണ് വിനോദ് കോവൂരിന് ഉള്ളത് എന്ന് കേട്ടിട്ടുണ്ട്….

അതെ. അദ്ദേഹം എനിക്ക് മൂത്ത ജ്യേഷ്ഠനെ പോലെയാണ്. അദ്ദേഹം എപ്പോഴും പറയും ശരീരം നോക്കണം, കുടിക്കരുത്, വലിക്കരുത് എന്നൊക്കെ. അതൊക്കെ അക്ഷരം പ്രതി കേട്ടിട്ടുണ്ട്. ഇതുവരെ കുടിച്ചിട്ടോ വലിച്ചിട്ടോ ഇല്ല. അവാർഡ് കിട്ടിയപ്പോഴും അദ്ദേഹം വിളിച്ച് ഒരു മണിക്കൂർ സംസാരിച്ചു. അദ്ദേഹത്തിന്റെ പത്തേമാരി എന്ന ചിത്രത്തിലേക്ക് എന്നെ ക്ഷണിച്ചിരുന്നെങ്കിലും എനിക്ക് അതിൽ ഭാഗമാവാൻ കഴിഞ്ഞില്ല.

വരാനിരിക്കുന്ന പ്രോജക്ട്‌സ് ??

ഗോഡ്‌സെ, വയ്യാവേലി, ഇതൊക്കെയാണ് വരാനിരിക്കുന്ന പ്രോജക്ട്‌സ്.

കുടുംബം ??

അമ്മയും രണ്ടു ജ്യേഷ്ഠൻമാരുമുണ്ട്. ഭാര്യ ദേവയാനി. ജ്യേഷ്ഠൻമാരാണ് കലയിലേക്ക് കയ്പിടിച്ച് കയറ്റിയത്. അവർ ജീവിത തിരക്കുകൾ കാരണം കലയെ കൈവിട്ടു. അമ്മയും കലാകാരിയായിരുന്നു. ചെറുപ്പത്തിൽ അമ്മയുടെ കൂടെ വേദി പങ്കിടാനുള്ള ഭാഗ്യവും എനിക്ക് ലഭിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here