നിത്യോപയോഗ സാധനങ്ങളുടെ വിലകുതിക്കുന്നതിനിടെ സാധാരണക്കാരെ പൊള്ളിച്ച് പാചകവില വര്‍ദ്ധന!!
ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്ന ചൊല്ല് അക്ഷരാര്‍ത്ഥത്തില്‍ സത്യമായിരിക്കുകയാണ് ഇപ്പോള്‍ കേരളത്തില്‍. കാലവര്‍ഷം ആരംഭിച്ചതോടെ തൊട്ടതിനും പിടിച്ചതിനുമെല്ലാം വില റോക്കറ്റ് പോല കുതിച്ചുയര്‍ന്ന സമയത്താണ് ഇരുട്ടടി പോലെപാചകവില വര്‍ദ്ധവും പ്രബല്യത്തില്‍ വന്നത്. ഒരു മാസം തട്ടിയും മുട്ടിയും ജീവിതചിലവ് മുന്നോട്ട് കൊണ്ടു പോകുന്ന ശരാശരിക്കാര്‍ മുണ്ട് ഇനിയും മുറുക്കി ഉടുക്കേണ്ടി വരുമെന്ന് സാരം.
ഗാർഹികാവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വില സബ്സിഡി ഉളളതിന് 22 രൂപയും സബ്സിഡി യില്ലാത്തതിന് 23.5 രൂപയും ആണ് കൂട്ടിയത്. വ്യാവസായികാവശ്യങ്ങൾക്കുളള സിലിണ്ടറിന് 38 രൂപയും കൂടിയിട്ടുണ്ട്. ഈ വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്പോഴത്തെ വിപണിയിലെ അവശ്യ സാധനങ്ങളുടെ വില കൂടി പരിശോധിച്ചാലേ ഇന്നത്തെ ശരാശരിക്കാരന്‍ അവുഭവിക്കുന്ന ദുരന്തത്തിന്റെ ചിത്രം വ്യക്തമാകൂ.
95-100 രൂപയില്ലാതെ ഒരു കിലോ ബീന്‍സ് വാങ്ങാന്‍ മാര്‍ക്കറ്റില്‍ ഇന്ന് ഒരു മലയാളിയും മാര്‍ക്കറ്റില്‍ പോകണ്ട. പച്ചക്കറിയിനത്തില്‍ ബിന്‍സിനും പച്ചമുളകിനുമാണ് ഏറ്റവും കൂടുതല്‍ വില. പച്ചമുളകിന്റെ വില 100 നും 150നും ഇടയ്ക്കാണ്.
തക്കാളി,വെണ്ടയ്ക്ക, വള്ളിപ്പയര്‍, കോളിഫ്ളവര്‍ എന്നിവയ്ക്ക് 60 രൂപയാണ്. 20 രൂപയ്ക്ക് ലഭിക്കുന്ന സവാളയും. 25 രൂപയ്ക്ക് കിട്ടുന്ന കുമ്പളങ്ങയും മത്തനുമാണ് ഇപ്പോള്‍ വിലക്കയറ്റതിന് അപമാനമായി നില്‍ക്കുന്നത്. സത്യത്തില്‍ മൂന്നോ നാലോ സാധനങ്ങള്‍ ഒഴിച്ചാല്‍ ബാക്കി മിക്കവാറും എല്ലാ പച്ചക്കറിയകളുടേയും വില മുപ്പത് രൂപയില്‍ കൂടുതലാണ്. പച്ചക്കറി വിട്ട് ഭക്ഷണം നോണ്‍ വെജ് ആക്കാമെന്ന് വച്ചാല്‍ അവിടെയും രക്ഷയില്ല. കോഴിയിറച്ചിയ്ക്കും പച്ചമീനിനും വരെ പൊള്ളുന്ന വിലയാണ്. 150 രൂപയാണ് കോഴി ഇറച്ചിയുടെ വില.
കിലോയ്ക്ക് അമ്പത് രൂപവരെയാണ് മീനിന് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വന്ന വര്‍ദ്ധനവ്. സാധാരക്കാരന്റെ മത്സ്യമായ മത്തിയ്ക്ക് കിലോയ്ക്ക്200 രൂപയാണ് എറണാകുളത്തെ ഇന്നലത്തെ വില. ഈ മാസം ട്രോളിംഗ് കൂടി വരുന്നതോടെ വില ഇനിയും കുതിയ്ക്കും.
ഇത്തരത്തില്‍ വിലക്കയറ്റത്തിനു നടുവില്‍ പൊറുതിമുട്ടുന്ന ആളുകള്‍ക്കിടയിലേക്കാണ് പെട്രോള്‍-ഡീസല്‍-പാചകവില വര്‍ദ്ധന വന്നിരിക്കുന്നത്. ഇനി ഡീസല്‍ വിലയുടെ പേരില്‍ സാധാരണ നടക്കാറുള്ളപോലെ നിത്യോപയോഗ സാധനങ്ങളുടെ വില ഇനിയും വര്‍ദ്ധിപ്പിച്ചാല്‍ സാധാരണക്കാരുടെ അവസ്ഥ ഇനിയും പരിതാപകരമാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here