മഴക്കാലമെത്തി. മഴക്കുഴികള്‍ നിര്‍മ്മിക്കാം ഇത്തരം ലളിതമായ മാര്‍ഗ്ഗങ്ങളിലൂടെ…

മഴക്കാലമെത്തി.മഴവെള്ളക്കൊയ്ത്തിന്റെ ആരംഭം ലളിതമായ മഴക്കുഴികളിലൂടെയാവാം. ചെറിയ മഴക്കുഴികള്‍ നിര്‍മ്മിച്ച് മഴവെള്ളം സംരക്ഷിക്കുന്ന മഹത് കര്‍മ്മത്തില്‍ അങ്ങനെ നമുക്കും പങ്കാളികളാകാം.മഴവെള്ളശേഖരണത്തിന് വിവിധ മാര്‍ഗ്ഗങ്ങള്‍ നിലവിലുണ്ട്.അതിലേറ്റവും ലളിതമാണ് മഴക്കുഴികള്‍.
ഭൂമിയില്‍ വീഴുന്ന മഴവെള്ളം വീഴുന്നിടത്തു തന്നെ വിവിധ രീതികളില്‍ ശേഖരിച്ച് ഭൂമിയില്‍ താഴാനുള്ള അവസരമൊരുക്കാനാണ് മഴക്കുഴികള്‍. ഇതിലൂടെ ജലത്തിന്‍റെ നല്ലൊരു ഭാഗവും ഭൂഗര്‍ഭജലമായി മാറും. സാധാരണ ലഭിക്കുന്ന മഴ ഒഴുകി കടലില്‍ പതിക്കുന്നതിനാലാണ് കുടിവെള്ള ക്ഷാമവും ജല ദൗര്‍ലഭ്യവും ഉണ്ടാകുന്നതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
സ്വന്തം സ്ഥലത്ത് നിര്‍മ്മിക്കുന്ന ചെറു മഴകുഴികളിലൂടെയുള്ള മഴവെള്ള ശേഖരണമാണ് മഴക്കുഴി നിര്‍മ്മാണത്തില്‍ ഏറ്റവും ലളിതമായത്.മഴക്കുഴിയില്‍ വീഴുന്ന വെള്ളം പരമാവധി രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ വറ്റിപ്പോകും. അത് കൊണ്ട് തന്നെ ഇതില്‍ കൊതുക് പെറ്റ് പെരുകിയുള്ള ദോഷങ്ങള്‍ ഉണ്ടാകുകയും ഇല്ല.
ചരിവു കുറഞ്ഞ പ്രദേശങ്ങളും പറമ്പുകളുമാണ് മഴക്കുഴി നിര്‍മ്മിക്കാന്‍ അനുയോജ്യമായ സ്ഥലം. ചരിവുള്ള പ്രദേശത്ത് മഴക്കുഴികള്‍ ഗുണം ചെയ്യില്ല. ഇവിടെ മരങ്ങളും ചെടികളുമെല്ലാം വച്ചുപിടിപ്പിച്ചും മഴവെള്ളം ഭൂമിയില്‍ താഴാന്‍ അനുവദിക്കുകയാണ് വേണ്ടത്.
സംസ്ഥാനത്തിപ്പോള്‍ 2- 2- 2 അടി വിസ്തൃതിയുള്ള കുഴികളാണ് മഴവെള്ളസംഭരണത്തിന് നിര്‍മ്മിക്കുന്നത്. പറമ്പുകളില്‍ വീഴുന്ന മഴ ഒരു പ്രത്യേക ചാലുനിര്‍മ്മിച്ച് ഈ കുഴികളില്‍ സംഭരിക്കുന്നു. ഫോര്‍ വാട്ടര്‍ പ്രവര്‍ത്തകര്‍ ഇത്തരം മഴക്കുഴികള്‍ ഉണ്ടാക്കുന്നതിന് ലളിതമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. സ്വന്തം പുരയിടങ്ങളില്‍ നിര്‍മ്മിക്കുന്ന ചെറു കുഴികളുടെ ഫോട്ടോയും മറ്റും അവര്‍ സ്വന്തം പേജിലൂടെ ഷെയര്‍ ചെയ്യുന്നുമുണ്ട്. ജലം അമിതമായി ഒഴുകിപ്പോകാതെ മണ്ണില്‍ താഴ്ത്താന്‍ സഹായിക്കുന്ന പുല്‍വര്‍ഗ്ഗത്തില്‍ പെട്ട സസ്യങ്ങളാണ് രാമച്ചം , വിവിധ തരം മുളകള്‍ , കൈതകള്‍ എന്നിവ. കൂടാതെ ഇവ ജലത്തെ അരിച്ച് ശുദ്ധമാക്കുകയും ചെയ്യും. ഇവ പുരയിടങ്ങളില്‍ വച്ച് പിടിപ്പിക്കാനും സംഘടനാ പ്രവര്‍ത്തക്ര നിര്‍ദേശം നല്‍കുന്നു.