അഹങ്കാരത്തിന്റെ കൊടി കുത്തരുത്

അധികാരത്തിലെത്തിയാൽ കൂടുതൽ അഹങ്കാരികളായി മാറുമെന്നത് സി പി എം എക്കാലവും നേരിടേണ്ടി വരുന്ന ആരോപണമാണ്. ജനങ്ങൾ വോട്ട് നൽകി ജയിപ്പിക്കുന്നവർ ഒരൊറ്റ നാൾകൊണ്ട് രാജാക്കൻമാരായി മാറുന്നില്ല., മറിച്ച് , കൂടുതൽ വിനീതരായ ദാസൻമാരാകേണ്ട ബാധ്യതയാണ് അവർക്കുമേൽ ചാർത്തപ്പെടുന്നത്. ഇവിടെ, ‘വിജയ’ കിരീടം ചൂടിയ ‘രാജാ’ക്കൻമാരും അവരുടെ താഴേത്തട്ട് വരെയുള്ള അണികളും ധാർഷ്ട്യത്തിന്റെ കൊടി ഉയർത്തുവാനുള്ള പുറപ്പാടിലാണ്.
പ്രാദേശികാതിക്രമങ്ങളുടെയും, ‘നോക്കുകൂലി’യുടെയുമൊക്കെ പേരിൽ ആവോളം പഴികേട്ട ചരിത്രം സിപിഎം മന്ത്രിസഭകൾക്കുണ്ട്. മുൻ ഭരണത്തിന്റെ നെറികേടുകൾക്ക് കടുത്ത ശിക്ഷ നൽകി, ഇടതുമുന്നണിയെ അധികാരത്തിലേറ്റിയ ജനങ്ങൾക്ക് മുമ്പിൽ, സർക്കാർ പരിഹാരം നൽകേണ്ട നിരവധി പ്രശ്നങ്ങളുണ്ട്. മുൻഗണനാക്രമത്തിൽ, അവയെ പരിഹരിച്ചുകൊണ്ട് ജനങ്ങളുടെ കൂടുതൽ വിശ്വാസം നേടിയെടുക്കുന്നതിലാണ് ഭരണകൂടം ഇപ്പോൾ ശ്രദ്ധ പതിപ്പിക്കേണ്ടത്.. വിവാദങ്ങൾ സൃഷ്ടിച്ചും, ധാർഷ്ട്യത്തോടെ സ്വന്തം നിലപാടുകളെ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചും ചില നേതാക്കൾ പുതുഭരണത്തിന്റെ ശോഭ കെടുത്താൻ ശ്രമിക്കുകയാണിപ്പോൾ – ഇത്തരം കൊടി നാട്ടലുകൾ കൊണ്ടുള്ള നഷ്ടമാർക്കെന്ന് എത്ര വേഗം തിരിച്ചറിയുന്നോ, അത്രയും നന്ന്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here