Advertisement

നാൽപ്പത് പിന്നിട്ട് അഗ്നിസാക്ഷി

June 3, 2016
Google News 1 minute Read

കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലാണ് സാഹിത്യകൃതികൾ. ചരിത്രത്തിന്റെ പുനർ വായനയാണ് ഇവയിലൂടെ സാധ്യമാകുന്നത്. മലയാള നോവൽ സാഹിത്യത്തിലെ ക്ലാസിക് നോവലുകളിലൊന്നായ അഗ്നിസാക്ഷി പ്രസിദ്ധീകരിക്കപ്പെട്ടിട്ട് 40 വർഷം പിന്നിട്ടു. 1976ല്‍ പ്രസിദ്ധീകരിച്ച നോവല്‍ പ്രസിദ്ധീകരിക്കപ്പെട്ട കാലം മുതല്‍ ഇന്നുവരെ ആസ്വാദകരുടെ ഏറ്റവും ഇഷ്ടപ്പെട്ട കൃതിയായി നിലകൊള്ളുകയാണ്.

നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് മലയാളി സ്ത്രീയുടെ ജീവിതത്തെ ചരിത്രത്തിൽനിന്ന് പറിച്ചെടുത്തുകൊണ്ടാണ് അഗ്നിസാക്ഷി ജന്മം കൊണ്ടത്. ലളിതാംബികാ അന്തർജനം തന്റ തന്നെ സമുദായത്തിലെ സ്ത്രീ ജീവിതങ്ങളെ വായനക്കാരിലേക്ക് പ്രതിഷ്ഠിക്കുകയായിരുന്നു അഗ്നിസാക്ഷിയിലൂടെ. സ്വ സമുദായത്തിൽ നിന്ന് കൊണ്ട് അനീതിക്കെതിരെ പൊരുതുകയായിരുന്നു ലളിതാംബികാ അന്തർജനം.

Lalithambikaവി ടി ഭട്ടതിരിപ്പാടിന്റെയും എംആർബിയുടേയും തോപ്പിൽ ഭാസി, കുളൂർ എന്നിവരുടേയുമെല്ലാം കൃതികളിൽ അറുപത്, എഴുപതുകളിലെ കേരളത്തിലെ സാമുദായികാവസ്ഥകൾ സ്ഥിരം കാഴ്ചകളായിരുന്നു. നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങൾക്കെതിരെ ശബ്ദമുയർത്തുമ്പോഴും മറക്കുടയ്ക്കുള്ളിലെ മഹാനരകത്തെ പൊളിച്ചു കാണിക്കുമ്പോഴും ഇനിയും അനാവരണം ചെയ്യപ്പെടാതെ പോയ ഒരുപറ്റം പ്രശ്‌നങ്ങൾ നേരിടുന്നുണ്ടായിരുന്നു നമ്പൂതിരി സ്ത്രീകൾ. മറ്റ് സമുദായത്തിലുള്ള സ്ത്രീകൾ ചിന്തകൊണ്ടും വിദ്യകൊണ്ടും പ്രബുദ്ധരാകുമ്പോഴും മറക്കുട നീക്കി പുറത്തുവരാൻ അവരുടെ മനസ്സ് പാകമായിരുന്നില്ല. എന്നാൽ നമ്പൂതിരി സ്ത്രീ എന്നതിലപ്പുറം ഒരു അസ്ഥിത്വം അവർക്കുണ്ടെന്ന് ഉറക്കെ പറയുകയായിരുന്നു ലളിതാംബികാ അന്തർജനം.

agnisakshiഫെമിനിസം എന്ന രചനാ ശാഖയൊന്നും രൂപപ്പെട്ടിട്ടില്ലാത്ത 1970 കളിലെ മലയാള സാഹിത്യത്തിൽ ഈ നോവൽ പുതുവെളിച്ചമായിരുന്നു. ബ്രാഹ്മണ സ്ത്രീയായ തേതിക്കുട്ടിക്കാവിന്റെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങളാണ് അഗ്നിസാക്ഷിയുടെ ഇതിവൃത്തം. ‘കുടി’വെപ്പിന് ശേഷം ഭർതൃ വീട്ടിൽ തേതിക്കുട്ടി നേരിടുന്ന വെല്ലുവിളികൾ മുതൽ സമുദായ വിലക്കുകളിൽനിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണവും അവിടെ നിന്ന് അലൗകിക ജീവിതത്തിലേക്കുള്ള ചുവടുവെപ്പുമാണ് നോവൽ. ഇന്ത്യയുടെ സ്വാതന്ത്രത്തിന് മുമ്പുതന്നെ സമുദായ സ്വാതന്ത്രം നേടുന്ന തേതി മലയാള സാഹിത്യത്തിലെതന്നെ ശക്തമായ സ്ത്രീ കഥാപാത്രമാണ്.

മാനമ്പള്ളി ഇല്ലത്തെ ഉണ്ണി നമ്പൂതിരിയുടെ വേളിയായെത്തുന്ന തേതിയുടെ ദാമ്പത്യ ജീവിതം സുഖകരമായിരുന്നില്ല. ഉണ്ണിയ്ക്ക് പൂജാ വിധികളിലും സാമുദായിക ചിട്ടകളിലുമായിരുന്നു ശ്രദ്ധ. ഇഷ്ട ജീവിതം ലഭിക്കില്ലെന്ന് ഉറപ്പായതൊടെ നാടിനുവേണ്ടി ഇറങ്ങുകയാണ് തേതി. ആ കാലഘട്ടത്തിലെ, ബ്രാഹ്മണ സമുദായത്തിൽ നിലനിന്നിരുന്ന ആചാരാനുഷ്ഠാനങ്ങൾ വ്യക്തി ജീവിതത്തിൽ എത്രമാത്രം ആധിപത്യം നേടിയിരുന്നു എന്നതിന്റെ നേർചിത്രമാണ് ഉണ്ണി നമ്പൂതിരി.

shyam-agnisakshiകേരള സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ അവാർഡ്, പ്രഥമ വയലാർ അവാർഡ്, എന്നിവ സ്വന്തമാക്കിയ നോവൽ 1999ൽ ചലച്ചിത്രമായി. സംവിധായകൻ ശ്യാമപ്രസാദ് ഒരുക്കിയ ചിത്രത്തിനും പ്രേക്ഷക ശ്രദ്ധ നേടാനായി. നാൽപത് വർഷം പിന്നിടുമ്പോൾ സമൂഹത്തിൽ സ്ത്രീ ജീവിതങ്ങൾക്ക് ഏറെ മാറ്റം വന്നിട്ടുണ്ട്. എന്നാൽ തുല്യ നീതിയും തുല്യ സ്വാതന്ത്ര്യവും ചർച്ചയാകുന്ന ഈ കാലഘട്ടത്തിലും ഏറെ പ്രസക്തമാണ് അഗ്നിസാക്ഷി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here