കൈക്കൂലി വാഗ്ദാനം; ജഡ്ജി കേസിൽ നിന്ന് പിൻമാറി

25 ലക്ഷം രൂപ കൈക്കൂലി വാഗ്ദാനം ലഭിച്ചതിനെത്തുടർന്ന് ജഡ്ജി കേസിൽ നിന്ന് പിൻമാറി. നെടുമ്പാശ്ശേരി സ്വർണക്കടത്ത് കേസിൽ തനിക്ക് കൈക്കൂലി വാഗ്ദാനം ചെയ്തതായി ജസ്റ്റിസ് കെ.ടി.ശങ്കരൻ തുറന്ന കോടതിയിൽ അറിയിച്ചു. ഇക്കാരണത്താൽ കേസ് പരിഗണിക്കുന്നതിൽ നിന്ന് താൻ ഒഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു.
കരുതൽ തടങ്കൽ റദ്ദാക്കാനാണ് പ്രതികൾ കൈക്കൂലി വാഗ്ദാനം ചെയ്തത്. പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന കോഫെപോസെ നിയമം ഒഴിവാക്കണമെന്ന ഹർജിയാണ് കോടതി പരിഗണിക്കാനിരുന്നത്. താൻ കേസിൽ നിന്ന് പിൻമാറാൻ വേണ്ടി സ്വീകരിച്ച ഗൂഢതന്ത്രമാണോ ഇതെന്ന് സംശയമുണ്ടെന്നും ജസ്റ്റിസ് കെ.ടി.ശങ്കരൻ പറഞ്ഞു.
മൂവാറ്റുപുഴ സ്വദേശികളായ യാസിർ ഇഗ്നു മുഹമ്മദ്,പിഎ നൗഷാദ് എന്നിവർ 2013 മുതൽ 2015 വരെയുളള കാലയളവിൽ 400 കോടി രൂപ വിലമതിക്കുന്ന സ്വർണം നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയെന്നാണ് കേസ്. എമിഗ്രേഷൻ ഉദ്യോഗസ്ഥരായ ജാബിൻ ബഷീർ,ഷിനോയ്,ബിബിൻ സ്‌കറിയ,സലിം എന്നിവർ ഇവരെ സഹായിച്ചതായും കണ്ടെത്തിയിരുന്നു.