കാശ് വേണമെന്നില്ല; ഈ ഹോട്ടലിൽ ഭക്ഷണം കിട്ടും

കാനഡയിലെ എഡ്മണ്ടിൽ പ്രവർത്തിക്കുന്ന ‘ഇന്ത്യൻ ഫ്യൂഷൻ’ എന്ന റെസ്റ്ററന്റിലെ ഭക്ഷണത്തിന് രുചി അൽപ്പം കൂടുതലാണ്. സ്‌നേഹവും അനുകമ്പയും സമാസമം ചേർത്ത് വിളമ്പുന്ന ഈ ഹോട്ടലിൽ, ഭക്ഷണം വാങ്ങാൻ പണം ഇല്ലാത്തവർക്ക് സൗജന്യമായി ഭക്ഷണം നൽകും പ്രകാശ് ചിബ്ബർ എന്ന ഹോട്ടൽ ഉടമ.
ഈ ഹോട്ടലിലെ ബാക്ക് പോസ്റ്ററിൽ ഇങ്ങനെ കുറിച്ചിരിക്കുന്നു :
സൗജന്യ ഭക്ഷണം : ‘സുഹൃത്തുക്കളേ, നിങ്ങൾക്ക് വിശക്കുകയാണ് എന്നാൽ കയ്യിൽ ഭക്ഷണം വാങ്ങാനുള്ള പണം ഇല്ലെങ്കിൽ, ഫ്രീ മീൽ/ കോഫീ എന്നിവയ്ക്കായി താഴെ കാണുന്ന മണി അടിക്കുകയോ, അകത്തേക്ക് വരികയോ ചെയ്യുക.’
കഴിഞ്ഞ രണ്ട് വർഷമായി ആഹാരം വാങ്ങാൻ കാശില്ലാത്തവർക്ക് സൗജന്യ ഭക്ഷണം നൽകി വരികയാണ് പ്രകാശ് ചിബ്ബർ. 2005 ൽ കാനഡയിലേക്ക് കുടിയേറിയ ഇദ്ദേഹം, തുടക്കത്തിൽ നിരവധി കഷ്ടതകൾ അനുഭവിച്ചിരുന്നു. ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതിരുന്ന ആദ്യകാല അനുഭവങ്ങളാണ് ചിബ്ബറിനെ ഈ ദിവ്യ പ്രവർത്തനത്തിലേക്ക് എത്തിച്ചത്.
ഇത് വഴി ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് മാതൃകയാകുകയാണ് പ്രകാശ് ചിബ്ബർ.