Advertisement

ടെറ്റനസ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന 18കാരിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പുനര്‍ജന്മം.

June 9, 2016
Google News 0 minutes Read

മാരകമായ ടെറ്റനസ് രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന കായംകുളം സ്വദേശിനി 18 വയസുള്ള പെണ്‍കുട്ടിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പുനര്‍ജന്മം. ടെറ്റനസിന്‍റെ മൂര്‍ദ്ധന്യത്തില്‍ മരണത്തെ മുഖാമുഖം കണ്ട അവസ്ഥയില്‍ നിന്നാണ് പെണ്‍കുട്ടിയെ ഡോക്ടര്‍മാര്‍ രക്ഷിച്ചെടുത്തത്. മൂന്നാഴ്ചത്തെ  ഐ.സി.യു.വിലെ തീവ്ര പരിചരണത്തിന് ശേഷമാണ്  കുട്ടി ജീവിതത്തിലേക്ക് തിരിച്ച് വന്നത്.
ശരീരത്തില്‍ ഒരു മുറിവും ഇല്ലാതെയാണ് ഈ കുട്ടിക്ക് ടെറ്റനസ് വന്നത്. മറ്റെന്തെങ്കിലും അണുബാധയില്‍ കൂടിയാകാം  ടെറ്റനസ് ബാധിച്ചതെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്. മേയ് ആദ്യവാരത്തില്‍ ചെറിയ പല്ലുവേദനയാണ് പെണ്‍കുട്ടിയ്ക്ക് ആദ്യം വന്നത്. പിന്നീട് വായ് തുറക്കാന്‍ പ്രയാസവും ശ്വാസ തടസവും ശരീരമാസകലം വേദനയുമുണ്ടായി. കിടന്നിട്ട് എഴുന്നേല്‍ക്കാന്‍ വയ്യാതായതോടുകൂടി തൊട്ടടുത്തുള്ള ആശുപത്രിയിലെ ദന്തല്‍ ഡോക്ടറേയും ഇ.എന്‍.ടി. ഡോക്ടറേയും കാണിച്ചു. കുറവില്ലാത്തതിനാല്‍  മേയ് ആറാം തീയതിയോടെ  മെഡിക്കല്‍ കോളേജിലെത്തിയ കുട്ടിയെ പരിശോധിച്ച  ഡോക്ടര്‍മാര്‍ അസുഖം ടെറ്റനസാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. അപ്പോഴേക്കും ടെറ്റനസ് ബാധിച്ച് അഞ്ചു ദിവസം തികഞ്ഞിരുന്നു. വായ് പോലും തുറക്കാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല കുട്ടി അപ്പോള്‍. ശ്വാസ തടസം, മസിലുകള്‍ കോച്ചിപ്പിടിച്ച് അസഹനീയമായ വേദന എന്നിവയായിരുന്നു ലക്ഷണങ്ങള്‍. ഒരു ഘട്ടത്തില്‍ ശ്വാസതടസം കൂടുകയും അതീവ ഗുരുതരാവസ്ഥയിലേക്ക് മാറുന്നതായി മനസിലാക്കിയ ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ കുട്ടിയെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലേക്ക് മാറ്റി. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ജീവന്‍ രക്ഷാമരുന്നുകള്‍ നല്‍കി തീവ്ര പരിചരണത്തില്‍ നിരീക്ഷിച്ചു.
ഇതിനിടെ പല പ്രാവശ്യം കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായി. ബി.പി., പള്‍സ് എന്നിവയില്‍ വ്യതിയാനമുണ്ടാകുകയും ന്യൂമോണിയ ബാധിക്കുകയും ചെയ്തു.
രക്ഷപ്പെട്ടു എന്നു തോന്നിയ പലസമയത്തും രോഗാവസ്ഥ പെട്ടെന്ന് വഷളായി. 3 ആഴ്ച വെന്‍റിലേറ്റര്‍ സഹായത്തോടെയുള്ള വിദഗ്ധ സംഘത്തിന്‍റെ ശ്രമഫലമായി പെണ്‍കുട്ടിയുടെ അസുഖം പൂര്‍ണമായും ഭേദമായി.  വ്യാഴാഴ്ചയോടെ കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു.

മെഡിസിന്‍ വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. എം.കെ. സുരേഷിന്‍റെ നേതൃത്വത്തില്‍ അസി. പ്രൊഫസര്‍ ഡോ. അജിത, ക്രിട്ടിക്കല്‍ കെയര്‍ ടീം ലീഡര്‍ ഡോ. അനില്‍ സത്യദാസ്, ഡോ. അരുണ്‍ പ്രതാപ്, ഡോ. അന്‍വിന്‍, ഡോ. ദിവ്യ ജോണ്‍, ഡോ. ആന്‍സി, വിദഗ്ധ നഴ്സുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് ഈ കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്.

എന്താണ് ടെറ്റനസ്?
മുറിവിലൂടെ ശരീരത്തില്‍ ബാധിക്കുന്ന മാരകമായ അണുബാധയാണ് ടെറ്റനസ്. ടെറ്റനസ് ബാധിച്ചാല്‍ അപൂര്‍വമായി മാത്രമേ രക്ഷപ്പെടാറുള്ളൂ. ക്ലോസ്ട്രീഡിയം റ്റെറ്റനി എന്ന വായുരഹിത ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന റ്റെറ്റനോസ്പസ്മിന്‍ എന്ന നാഡീവിഷം ശരീരത്തിലെ ഞരമ്പുകളിലേക്ക് കയറുമ്പോഴാണ് രോഗം മൂര്‍ഛിക്കുന്നത്. വായ് തുറക്കാന്‍ പ്രയാസം, പേശി വലിഞ്ഞ് മുറുകല്‍, ശ്വാസ തടസം, ബിപി വ്യതിയാനം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ചിലപ്പോള്‍ ജന്നിയും വരാം.
മുറിവുണ്ടാകുമ്പോള്‍ ടെറ്റനസ് ഇഞ്ചക്ഷന്‍ എടുക്കണമെന്ന ബോധവത്ക്കരണം കൂടിയത് കാരണം ഇപ്പോള്‍ അപൂര്‍വമായി മാത്രമേ ഈ രോഗം വരാറുള്ളൂ.
മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് ഈ രോഗം പകരുന്നില്ല. എന്നാല്‍  ടൈറ്റനസ് പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുത്തിട്ടില്ലാത്ത അമ്മയില്‍ നിന്നും നവജാതശിശുവിലേക്ക് പൊക്കിള്‍ക്കൊടി മുറിക്കുമ്പോള്‍ ഈ രോഗം പകരാവുന്നതാണ്.
പ്രതിരോധകുത്തിവയ്പ്പുകള്‍ വഴി ടെറ്റനസ് ബാധയെ പൂര്‍ണ്ണമായി തടയാം. നവജാത ശിശുക്കളില്‍ മൂന്ന് തവണകളായി 6, 10, 14 ആഴ്ചകളില്‍ ടെറ്റനസ് ഇഞ്ചക്ഷന്‍ എടുക്കണം. തുടര്‍ന്ന് എപ്പോഴെങ്കിലും മുറിവ് പറ്റിയാല്‍ കുത്തിവയ്പ്പ് എടുക്കണം. ഒന്നരമാസത്തിനു ശേഷം മുറിവ് പറ്റിയാല്‍ വീണ്ടും കുത്തിവയ്പ്പ് എടുക്കണം. ചില സന്ദര്‍ഭങ്ങളില്‍ മുറിവില്ലാതെ അണുബാധയില്‍ കൂടിയും ടെറ്റനസ് വരാം.
എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വിദഗ്ധ ചികിത്സ തേടിയിരിക്കണം. മുറിവ് പറ്റിയാല്‍ ടെറ്റനസ് ഇഞ്ചക്ഷന്‍ കര്‍ശനമായി എടുക്കണമെന്ന് എല്ലാ ജനങ്ങളും ബോധവാന്മാരാകുന്നത് അത്യാവശ്യമാണ്. അല്ലെങ്കില്‍ ഭയാനകമായ രോഗാവസ്ഥയിലേക്ക് നീങ്ങുകയും മരണം വരെ സംഭവിക്കുകയും ചെയ്യും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here