Advertisement

കരുണയ്ക്ക് ഇങ്ങനെയും ചില മുഖങ്ങളുണ്ട്

June 11, 2016
Google News 2 minutes Read

കൂലിപണിക്കാരായ അച്ഛനമ്മമാരുടെ 4 മക്കളിൽ രണ്ടാമത്തെ മകനാണ് ചിത്രത്തിൽ കാണുന്ന ഓട്ടോഡ്രൈവർ. ഓട്ടോ ഓടിച്ച് കിട്ടുന്ന തുകയുടെ ഒരു ഭാഗം  താൻ പഠിക്കുന്ന മെഡിക്കൽ കോളേജിലെ രോഗികളുടെ ചികിത്സാ ഫണ്ടിലേക്ക് കൊടുക്കുകയാണ് ഇദ്ദേഹം.

ഇദ്ദേഹത്തിന്റെ അച്ഛൻ നേരത്തെ മരിച്ചു. അപസ്മാര രോഗിയായ ജ്യേഷ്ഠനും, രണ്ട് അനിയത്തിമാരും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് എംബിബിഎസ് മൂന്നാം വർഷ വിദ്യാർത്ഥിയായ ഈ ഓട്ടോ ഡ്രൈവർ. വിദ്യാർത്ഥിയായ ഇദ്ദേഹം നല്ല മാർക്കോടെ പാസ്സായപ്പോൾ അവിടുത്തെ സൂപ്രണ്ടാണ് ഇദ്ദേഹത്തിന് ഈ ഓട്ടോ സമ്മാനമായി നൽകിയത്. എന്നാൽ അഭിമാനിയായ ഈ ചെറുപ്പക്കാരൻ ആദ്യമാസംതന്നെ തന്റെ വരുമാനത്തിന്റെ ഒരു പങ്ക് സൂപ്രണ്ടിനെ ഏൽപ്പിച്ചിട്ട്, എല്ലാ മാസവും താൻ ഇങ്ങനെ ഒരു തുക ഏൽപ്പിച്ച് ഓട്ടോയുടെ കടംവീട്ടാമെന്ന് പറഞ്ഞു. എന്നാൽ സൂപ്രണ്ട് അത് പുഞ്ചിരിച്ചുകൊണ്ട് നിരസിച്ചപ്പോൾ തുക രോഗികൾക്കുള്ള ഫണ്ടിലേക്ക് അടക്കാം എന്ന് പറഞ്ഞു ഇദ്ദേഹം. അന്ന് മുതൽ ആശുപത്രിയിലേക്കുള്ള ഓട്ടത്തിന് ഇദ്ദേഹം ആരോടും കണക്ക് പറയാറില്ല; എന്ന് മാത്രമല്ല ആ തുക മുഴുവൻ രോഗികളുടെ ചികിത്സാ ഫണ്ടിലേക്ക് കൊടുക്കുകയുംചെയ്യുന്നു. ഇതിനായി ഓട്ടോയിൽ ഒരു പെട്ടിയും സ്ഥാപിച്ചിട്ടുണ്ട്. സാമൂഹ്യ പ്രവർത്തകയായ ഡോ എംഎസ് സുനിലിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇത് ലോകം അറിയുന്നത്.

കരുണയ്ക്ക് ഇങ്ങനെയും ചില മുഖങ്ങളുണ്ട്. ചിലപ്പോൾ പാവങ്ങൾക്കും നിരാലമ്പർക്കും വേണ്ടി ദൈവം ഇങ്ങനെ ചിലരെ ഭൂമിയിലേക്കയയ്ക്കും. സ്വാർത്ഥലാഭത്തിന് വേണ്ടി പരസ്പരം മുറിവേൽപ്പിക്കുന്നവർക്ക് ഈ ചെറുപ്പക്കാരൻ ഒരു മാതൃകയാകട്ടെ. ഡോ എംഎസ് സുനിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം താഴെ ചേർക്കുന്നു.

        “ചില ദീപങ്ങൾ അണയാറില്ല…

മെഡിക്കൽ കോളേജിൽ കിടക്കുന്ന, കൂട്ടുകാരന്റെ അമ്മയെ കാണാൻ വേണ്ടിയാണ്‌ ടൌണിൽ നിന്നുംഓട്ടോ പിടിച്ചത്‌. Backache ഉള്ളത്കൊണ്ട് കുണ്ടിലും കുഴിയിലും ”ഒന്നു
പതുക്കെ പോണേ” എന്ന് ഡ്രൈവറോട് വിനീതമായി അപേക്ഷിച്ചു! നീരസത്തോടെയുള്ള ഒരു നോട്ടംപ്രതീക്ഷിച്ച എനിക്ക് ‘ok sir’ എന്ന വിനയത്തോടെയുളള മറുപടിയാണ് കിട്ടിയത്!!

ചില ഓട്ടോകാർക്കുള്ള തിക്കും തിരക്കൊന്നും നമ്മുടെ ഈ ഡ്രൈവർക്കില്ല. പറഞ്ഞപോലെ തന്നെ മിതമായ സ്പീഡിൽ വളരെ സൂക്ഷിച്ച് എനിക്ക് യാതൊരുവിധ ശാരീരിക ആസ്വാസ്ത്യങ്ങളുംഉണ്ടാക്കാതെ യാണ് അയാൾ എന്നെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചത്.

മെഡിക്കൽ കോളേജിന്റെ പോർട്ടികോയിൽ വണ്ടി നിന്നു. ‘എത്രയായി ‘ എന്ന എന്റെ ചോദ്യത്തിന് ഡ്രൈവറുടെ അടുത്തുള്ള ഒരു box ചൂണ്ടി അയാൾ പറഞ്ഞു ”ഇഷ്ടമുള്ളത് ഈ പെട്ടിയിൽ ഇട്ടോളൂ”. എനിക്ക് പെട്ടെന്ന് കാര്യം പിടികിട്ടിയില്ല!! “നിർദ്ധനരായ രോഗികൾക്കുള്ള ധനസഹായം” എന്ന് എഴുതിവെച്ചിരിക്കുന്ന ആ പെട്ടിയിലേക്ക് ഒരു നിമിഷം സ്തബ്ദനായി ഞാൻ നോക്കിനിന്നു…

ഇതിനിടയിൽ കുറച്ചകലെ നിന്നിരുന്ന സെക്യൂരിറ്റികാരൻ വണ്ടി മാറ്റിയിടാൻ പറഞ്ഞ് കൈകൊണ്ട് ആൻഗ്യംകാണിച്ചു. വണ്ടി മാറ്റിയിടാൻ സമയമെടുത്തത് കൊണ്ടാകാം… സെക്യൂരിറ്റി അരിശത്തിൽ വണ്ടിയുടെ അടുത്തേക്ക് പാഞ്ഞടുത്തു. ഡ്രൈവറെ കണ്ടതും സെക്യൂരിറ്റികാരന്റെ ദേഷ്യം ഉരുകിയില്ലതായിയെന്ന് മാത്രമല്ല വിനയപൂർവ്വം”നമസ്കാരംസർ” എന്ന് പറഞ്ഞ് കൈകൂപ്പി തിരിച്ച് പോയി എനിക്ക് ഒന്നും മനസ്സിലാകുന്നില്ല…!!

ഈ നാടകീയതയുടെ അന്തസത്ത അറിയാൻ പെട്ടിയിൽ പൈസയിട്ട് തിരിച്ച് സെക്യൂരിറ്റിക്കാരന്റെ അടുത്തേക്ക് ചെന്ന് കാര്യം തിരക്കി.

കൂലിപണിക്കാരായ അച്ഛനമ്മമാരുടെ 4 മക്കളിൽ രണ്ടാമത്തെ മകനാണ് ആ പോയ ഓട്ടോഡ്രൈവർ.. അച്ഛൻ നേരത്തെ മരിച്ചു. മൂത്ത മകൻ അപസ്മാര രോഗിയാണ്‌.. ഇളയത് 2 പെണ്‍കുട്ടികൾ. ഒരു കുടുംബത്തിന്റെ ഏക അത്താണിയാണ് അദ്ദേഹം!!

ഇപ്പോഴുംകോളേജിൽ പഠിക്കുന്ന അദ്ദേഹത്തിന് കഴിഞ്ഞ കൊല്ലം നല്ല മാർക്കിൽ പരീക്ഷ പാസ്സായതിനുള്ള സമ്മാനമാണ് ആ ഓട്ടോ; ഇവിടുത്തെ സൂപ്രണ്ട്സാറിന്റെ വകയാണത്‌. അഭിമാനിയായ അയാൾ ആദ്യമാസംതന്നെ തന്റെ വരുമാനത്തിന്റെ ഒരു പങ്ക് ”സൂപ്രണ്ട്സാറിനെ ഏൽപ്പിചിട്ട് പറഞ്ഞു, “എല്ലാ മാസവും ഡോക്ടറെ ഞാൻ ഇങ്ങനെ ഒരു തുക ഏൽപ്പിച്ച് ഓട്ടോയുടെ കടംവീട്ടാം”. സൂപ്രണ്ട് ഒരു പുഞ്ചിരിയോടെ അത് നിരസിച്ചു.. പക്ഷെ അയാൾ പറഞ്ഞു ഇല്ല സർ, അങ്ങനെയാണെങ്കിൽ ആ തുക ഞാൻ
ഇവിടുത്തെ രോഗികൾക്കുള്ള ഫണ്ടിലേക്ക് അടക്കാം. അന്ന് മുതൽ ആശുപത്രിയിലേക്കുള്ള ഓട്ടത്തിന് അദ്ദേഹം ആരോടും കണക്ക് പറയാറില്ല; എന്ന് മാത്രമല്ല ആ തുക മുഴുവൻ രോഗികളുടെ ചികിത്സാ ഫണ്ടിലേക്ക് കൊടുക്കുകയുംചെയ്യുന്നു. അതിനാണാ പെട്ടി.

അയാളെ കുറിച്ച് അറിയാനുള്ള എന്റെ ജിജ്ഞാസ കൂടി കൂടി വന്നു..!! നിങ്ങൾ എന്തിനാണ് അയാളെ കണ്ടപ്പോൾ കൈകൂപ്പി “സർ” എന്ന് വിളിച്ചത്.’!!
“3rd year MBBS ന് പഠിക്കുന്ന അദ്ദേഹത്തെ പിന്നെ ഞാൻ എന്താ വിളിക്കേണ്ടത്!!!”.

ഒരു നിമിഷം!!വാക്ക് നാക്കിൽ ഉടക്കി!!! ‌തിരിച്ച് ഒന്നും ചോദിക്കാൻ പറ്റിയില്ല. എന്റെ ദ്രിഷ്ട്ടികൾ ആ നല്ല മനസ്സിന്റെ ഉടമയെ ഒന്നുകൂടി പരതി.
കണ്‍വെട്ടത്ത്നിന്നുംവിദൂരതയിലേക്ക് മറഞ്ഞുപോയ ആ ഓട്ടോയെയും ഓട്ടോകാരനെയും ഒരിക്കൽകൂടി കാണാൻ മനസ്സ് വല്ലാതെ ആഗ്രഹിച്ചു.

ഈശ്വരൻ ചിലപ്പോൾ ഇങ്ങനെയാണ്…ചില വഴി വിളക്കുകളുടെ ദീപനാളങ്ങൾ എന്നെന്നേക്കുമായി അണക്കാതെ സൂക്ഷിക്കുന്നു!!!
അഹങ്കാരംകൊണ്ട് ഇരുളടഞ്ഞ മനുഷ്യ മനസ്സിലേക്ക് മാനവികതയുടെ ഇത്തിരി വെട്ടം പകരാൻ…”

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here