Advertisement

കൂടുതല്‍ പണം ഈടാക്കിയത് ചോദ്യം ചെയ്തതിന് ഓട്ടോ ഡ്രൈവറില്‍ നിന്ന് ഭീഷണി; സംവിധായിക കുഞ്ഞിലയുടെ പരാതിയില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷന്‍

1 day ago
Google News 4 minutes Read
Human rights commission on Kunjila Mascillamani's complaint

കോഴിക്കോട്ടെ ഓട്ടോ ഡ്രൈവറില്‍ നിന്ന് ദുരനുഭവം ഉണ്ടായെന്ന സംവിധായിക കുഞ്ഞില മാസിലാമണിയുടെ പരാതിയില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. യാത്രയ്ക്ക് കൂടുതല്‍ പണം ആവശ്യപ്പെട്ട ഡ്രൈവര്‍ ഫോണ്‍ പിടിച്ച് വാങ്ങാന്‍ ശ്രമിച്ചെന്നും തന്നെ വീട്ടില്‍ കയറി ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് കുഞ്ഞിലയുടെ പരാതി. ( Human rights commission on Kunjila Mascillamani’s complaint)

ഇക്കഴിഞ്ഞ 10ന് രാത്രിയിലാണ് സംഭവം. കോഴിക്കോട് പുതിയ സ്റ്റാന്റില്‍ നിന്ന് തൊണ്ടയാട്ടെ വീട്ടിലേക്ക് 120 രൂപ യാത്രാക്കൂലി പറഞ്ഞുറപ്പിച്ചാണ് കുഞ്ഞില ഓട്ടോയില്‍ കയറിയത്. എന്നാല്‍ വീട്ടിലെത്തിയ തന്നോട് കൂടുതല്‍ പണം ആവശ്യപ്പെട്ടെന്നും തന്റെ ഫോണ്‍ പിടിച്ചുവയ്ക്കാന്‍ ശ്രമിച്ചെന്നുമാണ് കുഞ്ഞിലയുടെ പരാതി.

Read Also: പത്തനംതിട്ടയിലെ ഹോട്ടല്‍ ഉടമയുടെ ആത്മഹത്യാക്കുറിപ്പില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തിന്റെ പേര്

മുന്‍പും സമാന അനുഭവമുണ്ടായെന്നും കുഞ്ഞില പറയുന്നു. ഗതാഗതമന്ത്രിയ്ക്ക് കുഞ്ഞില ഫേയ്‌സ്ബുക്കിലൂടെ നല്‍കിയ പരാതിക്ക് പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കുഞ്ഞിലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിലേയ്ക്ക്,
‘നീ നാറ്റിക്കെടീ നായിന്റെ മോളെ അനക്ക് ഞാന്‍ പിന്നെ തരുന്നുണ്ട് പണി കേട്ടോ.’
അല്പം മുമ്പ് ഒരു സ്ത്രീയോട് ഒരു ഓട്ടോ ഡ്രൈവര്‍ പറഞ്ഞിട്ടു പോയതാണ് വീഡിയോയില്‍. രാത്രി പത്തര മണിക്ക് കോഴിക്കോട് കെഎസ്ആര്‍ടിസിക്ക് എതിര്‍വശമുള്ള ടോപ്ഫോമിന് മുന്നില്‍ നിന്നും പിടിച്ച ഒട്ടോയാണ് കാണുന്നത്. മീറ്റര്‍ ഇടില്ലയെന്നും ഇട്ടാല്‍ തന്നെ അതിന്റെ ഇരട്ടി വാങ്ങുന്നതാണ് പതിവ് എന്ന് അറിയാവുന്നത് കൊണ്ടും കയറുന്നതിനു മുമ്പ് എത്രയാവും എന്ന് ചോദിച്ചാണ് കയറിയത്. 120 എന്നാണ് പറഞ്ഞത്. വീട് എത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞ പൈസ കൊടുക്കാന്‍ ഗൂഗിള്‍ പേ ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്ന് പറഞ്ഞു. ഇരുട്ടാണ്. പഴ്സിന്റെ ഉള്ളില്‍ കാണാനായി ഫോണിലെ ടോര്‍ച്ച് അടിച്ച് പിടിച്ച് നോക്കുമ്പോള്‍ ടോര്‍ച്ച് പിടിച്ച് തരാനായി ഫോണിന്റെ ഒരറ്റം ഡ്രൈവറുടെ കയ്യില്‍ കൊടുത്തു. നൂറ്റി ഇരുപത് രൂപ കൊടുത്തതും നൂറ്റി അറുപതാണ് എന്ന് പറഞ്ഞ് ഇയാള് എന്റെ ഫോണിലെ പിടി മുറുക്കി. വലിച്ചിട്ടും ഫോണ്‍ തന്നില്ല. വളരെ ശക്തി ഉപയോഗിച്ച് വലിച്ചാണ് ഒടുവില്‍ ഫോണ്‍ തിരിച്ച് കയ്യില്‍ കിട്ടിയത്. അപ്പോഴേയ്ക്കും ഇയാള്‍ ശബ്ദം ഉയര്‍ത്തി സംസാരിക്കാന്‍ തുടങ്ങി.
‘ഞാന്‍ അങ്ങോട്ട് കയറി വരും കേട്ടോ’ എന്ന് എന്നോട് പറഞ്ഞു. ഞാന്‍ ഒറ്റയ്ക്ക് താമസിക്കുന്ന ഒരു സ്ത്രീയാണ്. ഇനി അല്ലെങ്കില്‍ തന്നെ പറഞ്ഞ പൈസ കൊടുത്തതിന് വീട്ടിലേക്ക് കയറി വരും എന്നു പറഞ്ഞ് ഒരു വ്യക്തിയെ ഭീഷണിപ്പെടുത്താന്‍ മറ്റൊരു വ്യക്തിക്ക് എന്ത് അധികാരം? ഈ ഭീഷണി കേട്ടതും ഞാന്‍ വണ്ടിയുടെ നമ്പര്‍ പ്ലേറ്റിന്റെ ഫോട്ടോ എടുത്തു. ഉടനെ ഫോട്ടോ എടുക്കാന്‍ പാടില്ലെന്ന് പറഞ്ഞായി ബഹളം. ഞാന്‍ യാത്ര ചെയ്തു വന്ന വണ്ടിയുടെ – അതും ഇപ്പോള്‍ എന്റെ വീട്ടിലേക്ക് കയറി വരും എന്നു ഭീഷണിപ്പെടുത്തിയ ആളുടെ വണ്ടിയുടെ നമ്പര്‍ നോട്ട് ചെയ്യാന്‍ എനിക്ക് അവകാശമില്ലേ? ഭയന്നാണ് ഞാന്‍ വീട്ടിലേയ്ക്ക് കയറിയത്. ഇയാള്‍ ഗേറ്റ് തുറന്ന് എനിക്ക് പുറകെ വന്നു. ദീര്‍ഘദൂര യാത്ര കഴിഞ്ഞ് വരികയായ എനിക്ക് താക്കോല്‍ ഇട്ട് വീട് തുറക്കാന്‍ പേടിയായി. നേരത്തെ ഫോണ്‍ ബലമായി പിടിച്ച് വയ്ക്കാന്‍ ശ്രമിച്ച, അകത്തേയ്ക്ക് കയറി വരും എന്ന് ഭീഷണിപ്പെടുത്തിയ ഇയാള്‍, വാതില്‍ തള്ളിത്തുറന്ന് വരില്ലെന്ന് എന്ത് ഉറപ്പ്? ഞാന്‍ കൊടുത്ത 120 രൂപ ഇയാള്‍ തറയില്‍ വലിച്ചെറിഞ്ഞു. ദീര്‍ഘ വീഡിയോയില്‍ അത് കാണാം. ഭീഷണികള്‍ ഉച്ചത്തിലായി. ഭാഷ വഷളായി. ‘എന്താ നിന്റെ വിചാരം? പൈസ തരാതെ പോവാം എന്നാണോ? കോഴിക്കോട്ടെ ഒട്ടോക്കാരെ പറ്റി എന്തറിയാം? കോഴിക്കോട് ആയത് കൊണ്ടാണ് ഇത്രേം മര്യാദ’ (ദൈവത്തിനു സ്തുതി!) എന്നെല്ലാമാണ് അലറുന്നത്. ഇയാള്‍ എന്റെ വീട്ടുമുറ്റത്ത് നിന്നും പോവാതെ എനിക്ക് അകത്ത് കയറി ഒന്ന് ബാത്ത്‌റൂമില്‍ പോവാന്‍ പോലും പറ്റില്ല എന്നായപ്പോള്‍ ഞാന്‍ പോലീസിനെ വിളിച്ചു. വീഡിയോ എടുക്കാന്‍ തുടങ്ങി. അതിനു ശേഷം മറ്റൊരു വണ്ടിക്ക് സൈഡ് കൊടുക്കാന്‍ പോയ ഇയാള്‍ അതുവഴി വണ്ടി എടുത്ത് പോവുകയും ആ വഴിക്ക്, ‘നീ നാറ്റിക്കെടീ നായിന്റെ മോളെ അനക്ക് ഞാന്‍ പിന്നെ തരുന്നുണ്ട് പണി കേട്ടോ.’
എന്ന് പറയുകയും ചെയ്തു. ഇന്നു രാത്രി ഞാന്‍ എന്ത് ധൈര്യത്തില്‍ കിടന്നുറങ്ങണം?
ദയവ് ചെയ്ത് ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും കോഴിക്കോട്ടെ ഓട്ടോക്കാരുടെ നന്മ പ്രസിദ്ധമാണെന്നും പറയരുത്. പബ്ലിക് perception എന്തു തന്നെയായാലും ഇവിടുത്തെ യാഥാര്‍ത്ഥ്യം ഇതാണ്. ഇതു മാത്രമാണ്. പരക്കെ നിയമലംഘനം നടക്കുന്നിടത്ത് ചിലര്‍ സൗമ്യരായി പെരുമാറുന്നുണ്ടെങ്കില്‍ അത് നന്മയല്ല, യഥാര്‍ത്ഥ അവസ്ഥയ്ക്ക് ഒരപവാദം മാത്രമാണ്.
നിരവധി തവണ മോട്ടോര്‍ വാഹന വകുപ്പിന് ഇതിന് മൂലകാരണമായ അവസ്ഥയെ കുറിച്ച് ഞാന്‍ പരാതിപ്പെട്ടിട്ടുള്ളതാണ്. ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഇരുട്ട് വീണാല്‍ ഉടനെ (പത്ത് മണിക്ക് ശേഷം അല്ല) കോഴിക്കോട് നഗരത്തില്‍ മിക്ക ഓട്ടോക്കാരും മീറ്ററും ഇരട്ടിയും ആണ് വാങ്ങുന്നത്. ഇത് കോഴിക്കോട് മാത്രമുള്ള സ്ഥിതിവിശേഷമല്ല. കേരളത്തില്‍ അങ്ങോളമിങ്ങോളം യാത്ര ചെയ്തിട്ടുള്ള ആര്‍ക്കും പറയാനാവും ഇതാണ് norm എന്ന്. പത്ത് മണിക്ക് ശേഷം മീറ്ററും പകുതിയും എന്നാണ് നിയമം എന്നിരിക്കെ ഇത് സാധാരണമാണ് എന്ന നിലയില്‍ യാതൊരു സങ്കോചവുമില്ലാതെ പ്രവര്‍ത്തിക്കാന്‍ എങ്ങനെ കഴിയുന്നു എന്നു മനസ്സിലാവുന്നില്ല. നിയമവിരുദ്ധമായ ഈ പ്രവൃത്തി നിയമമാണ് എന്ന മട്ടിലാണ് ചോദ്യം ചെയ്താല്‍ ഓട്ടോക്കാര്‍ സംസാരിക്കുന്നത്. പിന്നെ ഒച്ച എടുക്കലായി, തെറിവിളിയായി, ഭീഷണിയായി. അപൂര്‍വ്വമായി മാത്രം ഓട്ടോ പിടിക്കുന്ന എനിക്കു പോലും പത്തോളം അനുഭവങ്ങള്‍ ഇത്തരത്തില്‍ പറയാന്‍ ഉണ്ടാവും. ഇതിനു മുമ്പ് ഉണ്ടായ അനുഭവത്തില്‍ ഡ്രൈവര്‍ എന്നോട് പറഞ്ഞത്, ഓട്ടോ കണ്ടുപിടിച്ചതു മുതല്‍ രാത്രി മീറ്ററിന്റെ ഇരട്ടിയാണ് കൂലി എന്നാണ്. പോലീസ് പരാതികള്‍ രണ്ട് പ്രാവശ്യമെങ്കിലും കൊടുത്തിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പിന് അയച്ച പരാതിയിന്മേല്‍ നടപടി ഇല്ലാതെ ഇരുന്നപ്പോഴാണ് ഇത്.
എല്ലാ തവണയും പോലീസ് സ്റ്റേഷന്‍ കയറി ഇറങ്ങാന്‍ എനിക്കു ഊര്‍ജ്ജമില്ല. പരാതി കൊടുത്താല്‍ ഒത്തുതീര്‍പ്പ് ആക്കണോ കേസ് ആക്കണോ എന്ന ചോദ്യം വരും. ഇയാള് ചെയ്തിരിക്കുന്നത് ഒരു ക്രിമിനല്‍ ഒഫന്‍സ് ആണ്. ഒരു തരത്തില്‍ നോക്കിയാല്‍, കേസ് ആക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട് എന്നാണ് എന്റെയും അഭിപ്രായം. പക്ഷേ വയ്യ. ഒന്നൊന്നര വര്‍ഷം കഴിയുമ്പോള്‍ കോടതിയില്‍ ചെന്ന് ഞാന്‍ മൊഴി കൊടുക്കണം. ഇതെല്ലാം പണ്ടും ചെയ്തിട്ടുള്ള വ്യക്തി എന്ന നിലയില്‍, അതിന്റെ മാനസിക സമ്മര്‍ദം കൈകാര്യം ചെയ്യാന്‍ പറ്റുന്ന അവസ്ഥ തത്കാലം എനിക്കില്ല എന്ന ബോധ്യമുണ്ട്.
മീറ്റര്‍ ഇട്ട് ഓട്ടോ ഓടിക്കാനുള്ള കര്‍ശന നിര്‍ദ്ദേശം ഓട്ടോകള്‍ക്ക് ഉണ്ടാവണം. പത്ത് മണി കഴിഞ്ഞാല്‍ മീറ്ററും പകുതിയുമാണ് കൂലി. മീറ്ററും ഇരട്ടിയുമല്ല. അതാണ് നിയമം. ഒന്നുകില്‍ ഇത് കര്‍ശനമായി നടപ്പിലാക്കണം. അല്ലെങ്കില്‍ കടലാസില്‍ നിയമം മാറ്റണം. അന്യായ കൂലി വാങ്ങിയാല്‍ ഉടനെ റിപ്പോര്‍ട്ട് ചെയ്യാനുള്ള 24 hour helpline number MVD യ്ക്കു വേണം. നിലവിലുള്ളത് പ്രവര്‍ത്തനരഹിതമാണ്. വിളിച്ചാല്‍ ആരും എടുക്കാറില്ല മെയില്‍ അയച്ചാല്‍ മറുപടിയുമില്ല. മിനുട്ടുകള്‍ക്കുള്ളില്‍ സ്‌ക്വാഡ് എത്തുകയും നടപടി ഉണ്ടാവുകയും ചെയ്യുന്ന സംവിധാനം നിലവില്‍ വരുത്തണം.
ഞാന്‍ ആലോചിച്ചു പോവുകയാണ്, തന്നോളം പൊക്കവും ആരോഗ്യവുമുള്ള ഒരു പുരുഷനായിരുന്നു വണ്ടിയിലെങ്കില്‍ ഇയാള്‍ ഇത്തരത്തില്‍ പെരുമാറുമായിരുന്നോ? ഞാന്‍ ഒരു സ്ത്രീ ആയതുകൊണ്ടും വീട്ടില്‍ ഒറ്റയ്ക്കാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ടും തന്നെയാണ് ഈ പ്രവൃത്തി എന്നത് വ്യക്തമാണ്. പറ്റുകയാണെങ്കില്‍, ഇയാള്‍ക്കെതിരെ മാതൃകാപരമായ നടപടി എടുക്കണം.

Story Highlights : Human rights commission on Kunjila Mascillamani’s complaint

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here