തുളളികളായ് പകരുന്ന ജീവൻ

ജീവൻ നല്കാൻ നമുക്ക് കഴിയുമോ ? അത് ദൈവത്തിനല്ലേ കഴിയൂ… പറഞ്ഞു കേട്ട ഈ പഴമൊഴി കള്ളമാണെന്ന് തിരിച്ചറിവുണ്ടാകുന്ന കാലമാണിത്. ജീവനും പകുത്ത് നല്കാം. എത്രയോ വഴികളുണ്ട്. ദൈവങ്ങളാകാം … രക്ത ദാനം തന്നെയല്ലേ അതിന്റെ ആദ്യ വഴി.

2004 മുതൽ എല്ലാ വർഷവും ജൂൺ 14 ലോകം രക്ത ദാന ദിനമായി ആചരിച്ചുവരികയാണ്. രക്തം സംരക്ഷിക്കുന്നതിനും സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനുമായി ലോക ആരോഗ്യ സംഘടനയാണ് രക്തദാന ദിനാചരണം ആരംഭിച്ചത്. രക്ത ഗ്രൂപ്പുകളുടെ നിർണ്ണയം സാധ്യമാക്കിയ കാൾ ലാന്റ്‌സ്റ്റെയ്‌നറുടെ ജന്മദിനമായ ജൂൺ 14 ആണ് രക്തദാനദിനമായി ആചരിച്ചുവരുന്നത്. (1868 ജൂൺ 14 ന് ). എ ബി ഒ ബ്ലഡ് ഗ്രൂപ്പുകൾ കണ്ടെത്തിയതിന് അദ്ദേഹത്തിന് നോബേൽ സമ്മാനം ലഭിച്ചിരുന്നു.

ലോക ആരോഗ്യ സംഘടനയുടെ എട്ട് ആഗോള പൊതു ആരോഗ്യ ബോധവൽക്കരണ ക്യാമ്പൈനിൽ ഉൾപ്പെട്ടതുകൂടിയാണ് ഈ ദിനം. ലോക ആരോഗ്യ ദിനം, ലോക ക്ഷയ രോഗ ദിനം, ലോക പ്രതിരോധ വാരം, ലോക മലേറിയ ദിനം, ലോക പുകയില വിരുദ്ധ ദിനം, ലോക എയിഡ്‌സ് ദിനം, ഹെപറ്റൈറ്റിസ് ദിനം എന്നിവയാണ് മറ്റ് ക്യാമ്പൈനുകൾ.

കോടിക്കണക്കിന് ആളുകളുടെ ജീവിതമാണ് രക്തദാനത്തിലൂടെ ഓരോ വർഷവും രക്ഷിക്കുന്നത്. എന്നാൽ ഇന്നും നിരവധി രാജ്യങ്ങളിൽ മതിയായ രക്തം ലഭിക്കുന്നില്ല. ഇത് പരിഹരിക്കാൻ സന്നദ്ധ രക്തദാനം കൂടിയേ തീരൂ. 2020 ഓടെ എല്ലാ രാജ്യങ്ങളിലും മതിയായ രക്തം എത്തിക്കുക എന്നതാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം. 2014 ഓടെ 60 രാജ്യങ്ങളിൽ തദ്ദേശീയമായി രക്തം നൽകുന്ന സംവിധാനങ്ങൾ നിലവിൽവന്നു. 70 ലേറെ രാജ്യങ്ങളിൽ ഇന്നും രക്തം സ്വീകരിക്കുന്നത് ബന്ധുക്കളിൽനിന്ന് തന്നെയാണ്.

രക്തദാനം മഹാദാനം ഓർമ്മ വെച്ച നാൾ മുതൽ നമ്മളെല്ലാം കേൾക്കാറുണ്ട്. എന്നിട്ട് എത്ര പേർ രക്തം ദാനം ചെയ്ത് മഹാദാനത്തിൽ പങ്കു ചേർന്നു. 2016 ലെ രക്തദാന ദിനം നിങ്ങൾക്കും സന്നദ്ധ പ്രവർത്തകരാകാനുള്ള അവസരം നൽകുന്നു. രക്തം നൽകിയവർക്കും നൽകാൻ ആഗ്രഹിക്കുന്നവർക്കും അണിചേരാം ട്വന്റിഫോർ ന്യൂസ് ഡോണേഴ്‌സ് ഡേ യോടൊപ്പം. ഡോണേഴ്‌സ് ഡേ ക്യാമ്പൈന്റെ ഭാഗമാകൂ പകുത്തുനൽകൂ പുതു ജീവൻ.

 

Loading...
Top