ഒർലാൻഡോ വെടിവെപ്പ് ; ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു

ഫ്ളോറിഡയിലെ ഒർലാൻഡോയിൽ ഉണ്ടായ വെടിവെപ്പിൽ മരണം 50 ആയി, 53 പേർക്ക് പരിക്കേറ്റു. പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ അക്രമി കൊല്ലപ്പെട്ടു. വെടിവെപ്പിന്റെ ഉത്തരവാദിത്വം തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.
വെടിവെപ്പ് നടത്തിയ 29കാരൻ ഉമർ സിദ്ദീഖ് മതീൻ തങ്ങളുടെ പ്രതിജ്ഞ കൈക്കൊണ്ടിട്ടുള്ള ആളാണെന്ന് ഐ.എസ് പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കുന്നു. സംഭവത്തെ പ്രസിഡന്റ് ബരാക് ഒബാമ അപലപിച്ചു. ഭീകരതയുടേയും വിദ്വേഷത്തിന്റേയും ആക്രമണമാണ് ഒർലാൻഡോയിൽ നടന്നതെന്ന് ഒബാമ പറഞ്ഞു.
ഒർലാൻഡോ പ്രദേശത്തെ ഗേ ക്ലബിൽ ഞായറാഴ്ച പുലർച്ചെ രണ്ടോടെയാണ് വെടിവെപ്പുണ്ടായത്. തോക്കും സ്ഫോടക വസ്തുക്കളുമായി ക്ലബിൽ പ്രവേശിച്ച അക്രമി വെടിയുതിർക്കുകയായിരുന്നു. വിവരം പുറംലോകമറിഞ്ഞതോടെ പോലീസ് എത്തി അക്രമിയെ കൊലപ്പെടുത്തി ബന്ധികളാക്കിയവരെ മോചിപ്പിച്ചു.
എഫ്.ബി.ഐയുടെ വാച്ച് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന ആളാണ് ഉമർ സിദ്ദീഖ് മതീൻ.
സ്വകാര്യ കമ്പനിയിൽ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്തു വരുകയായിരുന്നു ഇയാൾ. ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് മതീനെ രണ്ടു വർഷം മുമ്പ് എഫ്.ബി.ഐ ചോദ്യം ചെയ്തിരുന്നു. ന്യൂയോർക്കിൽ ജനിച്ച അഫ്ഗാനിസ്താൻ വംശജനായ ഇയാൾ 2009ൽ ഉസ്ബകിസ്താൻ വംശജ സിതോറ യൂസഫിനെ വിവാഹം കഴിച്ചു. മാനസിക രോഗിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് നാലു മാസങ്ങൾക്ക് ശേഷം മതീനുമായുള്ള ബന്ധം സിതോറ വേർപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here