കുഴലൂതണമെങ്കില് അത് ജനം ടിവി ഉൗതും പോലെ

അരവിന്ദ് വി / ഫീലിംഗ് പുശ്ചം !
ആ കൈകള്‍ ഏതെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ ഒന്നു ചുംബിക്കാമായിരുന്നു. അദ്ദേഹത്തോടൊപ്പം ഒരു സെല്‍ഫി എടുത്ത് പോസ്റ്റ് ചെയ്ത് അഹങ്കരിക്കാമായിരുന്നു. കാരണം മലയാള മാധ്യമ പ്രവര്‍ത്തന ചരിത്രത്തില്‍ ഇന്ന് വരെ കണ്ടിട്ടില്ലാത്ത വണ്ണം ഒരു സൃഷ്ടിയ്ക്ക് പിതാവായ അദ്ദേഹത്തേയും ആ സൃഷ്ടിയേയും ചില്ലിട്ട് സൂക്ഷിക്കണം. കുഴലൂത്തെന്ന് പറഞ്ഞാല്‍ അത് ജനം ടിവിയും, ടി മഹാനും ചെയ്തത് പോലെ തന്നെ വേണം! കുലംകുത്തുന്നെങ്കില് വെറും കുത്ത് പോര; അത് ഇങ്ങനെ തന്നെ വേണം !
വാര്‍ത്ത പോലെ എന്തോ ഒന്ന് ആരോ എഴുതി ജനം ടിവിയുടെ വെബ് പത്രത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. പാലക്കാട് നിന്നാണ് വാര്‍ത്ത. (അതോ ‘തല’സ്ഥാനത്തിനിരുന്ന് ആരേലും ഇന്റലിജന്റായി പടച്ചു വിട്ടതോ?) അദ്ദേഹം ഒരു ജേണലിസ്റ്റാകാന്‍ തരമില്ല. എങ്കില്‍ കുഴപ്പമില്ല. അഥവാ അങ്ങിനെ ആണെങ്കിലേ ഇനി കഥയുള്ളൂ. അദ്ദേഹം ജേണലിസ്റ്റാണെങ്കില് പാലക്കാട് ഒറ്റപ്പാലം കോടതി വളപ്പില്‍ ഗുണ്ടകളുടെ ആക്രമണത്തിനിരയായ ഏഷ്യാനെറ്റിലെ ശ്യാം അടക്കമുള്ളവര്‍ അദ്ദേഹത്തിന് ആരോ? എന്തോ?എന്ന് ചോദിക്കാന്‍ തക്കവിധം അന്യരായിപ്പോയതെങ്ങനെ എന്നോര്‍ത്ത് നമ്മള് ഇനിയുള്ള കാലം ദു:ഖിച്ചു കൊണ്ടേയിരിക്കണം. കുലം കുത്തികള്ക്കാകെ മാതൃകയായി ഒരു വാര്‍ത്ത അദ്ദേഹം സൃഷ്ടിച്ചിരിക്കുന്നു. ( വാര്‍ത്തയുടെ പൂര്‍ണ്ണ രൂപം അവസാനം ചേര്‍ക്കുന്നു). വാര്‍ത്തയിലെ ഏറ്റവും പ്രസക്ത ഭാഗം ഇങ്ങനെ വായിക്കാം.
” തിരിച്ചറിയൽ രേഖകളുണ്ടോ എന്ന് അന്വേഷിച്ച ബിജെപി- ആർഎസ്എസ് പ്രവർത്തകരോട് പരുഷമായ രീതിയിലാണ് മാദ്ധ്യമപ്രവർത്തകർ എന്ന് അവകാശപ്പെടുന്ന സംഘം പെരുമാറിയത്.”
പ്രതികളായി പോലീസ് കോടതിയിലേക്ക് കൊണ്ടു വരുന്നവര്‍ മാധ്യമ പ്രവര്‍ത്തകരുടെ തിരിച്ചറിയല്‍ കാര്‍ഡ് ചോദിക്കാനും വേണ്ടി മാലയിട്ട് ആദരിക്കപ്പെടുന്ന വ്യക്തിത്വങ്ങളാണെന്ന് സിന്ധു സൂര്യകുമാറിന്റെ സംഭവത്തോടെയെങ്കിലും മണ്ടന്മാരായ ഏഷ്യാനെറ്റ് അടക്കമുള്ള മാധ്യമ പ്രവര്‍ത്തകര്‍ മനസിലാക്കണമായിരുന്നു.
“ഐഡി കാര്‍ഡ് കാട്ടടാ….” എന്നാക്രോശിക്കുന്നവരോട് “ഇതാങ്ക യശ്ശമാ… ഐഡി കാര്‍ഡ്” എന്ന് പറഞ്ഞ് നീട്ടുകയും കൈകെട്ടി റാന്‍ മൂളി നില്‍ക്കുകയും ചെയ്യുന്ന അളവില്‍ മാത്രം കബാലികളായാല് മതി കേരളത്തിലെ മാധ്യമങ്ങള്‍ എന്ന പുതിയ സംഘി നിയമങ്ങളെ ശിരസ്സാവഹിക്കണമെന്ന ആഹ്വാനം കൂടിയാണ് ജനംടി വി അണിയിച്ചൊരുക്കിയ ഈ വാര്‍ത്ത.
കഥയുടെ തലക്കെട്ടും മോശമല്ല ! ‘പാലക്കാട് സംഘർഷത്തിന് കാരണം അനുവാദമില്ലാതെ വീഡിയോ എടുത്തത്’ …
ഈ തലക്കെട്ടിന്റെ മറുപടി പറയേണ്ടത് ജനം ടി വി യിലെ ജേർണലിസ്റ്റുകളും ക്യാമറ ചലിപ്പിക്കുന്നവരും ആണ്. ആണോ ? കള്ളന്മാർ , കൊള്ളക്കാർ , പിടിച്ചു പറിക്കാർ, കൊലപാതകികൾ , പെണ്ണ് പിടിയന്മാർ , പോക്കറ്റടിക്കാർ തുടങ്ങി നാട്ടിലെ കുറ്റവാളികളെയൊക്കെ കോടതിയിലോക്കെ കൊണ്ടു വരുമ്പോ വെറ്റില കാലിൽ വച്ച് അവരോടു “ഞങ്ങൾ അങ്ങയുടെ മുഖദാവു പതിയും വിധം ഒന്ന് സ്വാംശീകരിച്ച് കൊള്ളട്ടെ ? “ എന്ന് ചോദിച്ച് അനുവാദം വാങ്ങി ആണോ ആവോ ചിത്രീകരിക്കുന്നത് ? ആണോ ?
അക്രമത്തില്‍ പരിക്കേറ്റവരേയും അക്രമത്തേയും അക്രമികളേയും ദൃശ്യങ്ങളിലൂടെ കേരളം മുഴുവനും കണ്ടു. ബുദ്ധിയും കാഴ്ചയുമുള്ളവര്ക്ക് അതാരൊക്കെയെന്ന് തിരിച്ചറിയാനും കഴിഞ്ഞു. പക്ഷേ നമ്മുടെയൊന്നും ബുദ്ധിയല്ല ജനത്തിലെ ജേണലിസ്റ്റ് എന്നവകാശപ്പെടുന്ന ടി മാന്യ ദേഹത്തിന്റേത്. അത് വ്യക്തമാക്കുന്ന വരികള്‍ ഇങ്ങനെ വായിക്കാം.
‘തിരിച്ചറിയൽ രേഖകളുണ്ടോ എന്ന് അന്വേഷിച്ച ബിജെപി- ആർഎസ്എസ് പ്രവർത്തകരോട് പരുഷമായ രീതിയിലാണ് മാദ്ധ്യമപ്രവർത്തകർ എന്ന് അവകാശപ്പെടുന്ന സംഘം പെരുമാറിയത്. ഇതിനെ തുടർന്നുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ‘
കൂടെ ഒരേ തൊഴില്‍ ചെയ്യുകയും തോളില്‍ കയ്യിട്ട് ചിരിക്കുന്നവനേയും മിനിട്ടുകളുടെ വ്യത്യാസത്തില്‍ ഇത്തരത്തില്‍ തള്ളിപ്പറയാന്‍ കഴിയുന്നവരെ കുലം കുത്തി അസോസിയേഷന്റെ തലപ്പത്തിരുത്തി മാലയിട്ടാദരിക്കണം. ഒറ്റപ്പാലം ഗുണ്ടാ ആക്രമണത്തെ അപലപിക്കുകയും പോലീസ് അന്വേഷണത്തിന് ഉത്തരവ് ഇടുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന് ഈ വാര്‍ത്ത വായിക്കാതെ തെറ്റിദ്ധരിച്ചതാകാനാണ് വഴി. തുടര്‍ന്ന് രമേശ് ചെന്നിത്തല മുതലുള്ള ഇടതു-വലത് നേതാക്കള്‍ ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം വരെയുള്ളവര്‍ ‘കാര്യ’ മറിയാതെ പാവം ആര്.എസ്.എസ് എന്നവകാശപ്പെടുന്ന ഗുണ്ടകളെ ശകാരിച്ചത് മോശമായിപ്പോയി. പത്രപ്രവര്ത്തകരാകട്ടെ ‘ഇങ്ങിനെയൊക്കെ ചെയ്യാമോ ഞങ്ങളും നിങ്ങളും കൂട്ടല്ലേ’ എന്ന മട്ടില്‍ ജാഥവരെ നടത്തുകയും ചെയ്തു.
ഒരു കാര്യം സമ്മതിക്കണം ; ചോറ് തരുന്നവനോടുള്ള രചയിതാവിന്റെ കൂറ് അപാരം. അതുകൊണ്ടാണ് കുഴലൂതുന്നെങ്കില് ഇങ്ങനെ തികച്ചും വെടിപ്പായിട്ട് ഊതണം എന്ന് പറയുന്നത്.
————————————————-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here