കബാലി കാണാൻ പറന്നെത്താം ;ആരാധകർക്കായി എയർ ഏഷ്യയുടെ മോഹിപ്പിക്കുന്ന ഓഫർ

തലൈവരും കബാലിയും ദിവസംചെല്ലുന്തോറും ആരാധകരെ കൂടുതൽ കൂടുതൽ മോഹിപ്പിക്കുകയാണ്.ഇപ്പോഴിതാ പുതിയ വാർത്ത വന്നിരിക്കുന്നു,ആകാശത്തുവച്ചും കബാലി റിലീസ് ആഘോഷമാക്കാം എന്ന്.
കബാലിയുടെ റിലീസ് ദിനത്തിൽ യാത്രക്കാർക്ക് പ്രത്യേക ഓഫറുകൾ വാഗ്ദാനം ചെയ്തിരിക്കുന്നത് ഇക്കണോമിക് വിമാനസർവ്വീസായ എയർ ഏഷ്യയാണ്. ചിത്രത്തിന്റെ ഒഫീഷ്യൽ എയർലൈൻ പാർട്ണറായ എയർ ഏഷ്യയുടെ വിമാനത്തിൽ ജൂലൈ 15ന് ബംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് യാത്ര ചെയ്യുന്നവർക്കാണ് ഓഫർ. കബാലിയുടെ ടിക്കറ്റ്,പ്രത്യേക മെനു ഉൾപ്പടെ ഭക്ഷണം,മടക്കയാത്രയ്ക്കുള്ള ടിക്കറ്റ്,ചിത്രത്തിന്റെ ഓഡിയോ സിഡി എന്നിവ ഇതിൽ ഉൾപ്പെടും.വിമാനത്താവളത്തിൽ നിന്ന് തിയേറ്ററിലേക്ക് വാഹനസൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
രാവിലെ ആറ് മണിക്ക് ബംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന വിമാനം ഏഴു മണിയ്ക്ക് ചെന്നൈയിൽ എത്തും. ഉച്ചകഴിഞ്ഞ് 3 മണിക്കാണ് തിരികെയുള്ള സർവ്വീസ്.ഈ സ്‌പെഷ്യൽ പാക്കേജിന് 7860 രൂപയാണ് ഈടാക്കുക.