18
Jun 2021
Friday

മലനട അപ്പൂപ്പൻ; അനുഗ്രഹം ചൊരിയുന്ന ദുര്യോധനമൂർത്തി

ദുര്യോധനൻ,മഹാഭാരതത്തിലെ ഏറ്റവും വെറുക്കപ്പെട്ട കഥാപാത്രം.അധർമ്മത്തിന്റെ പര്യായമെന്ന് പേരുകേട്ടവൻ.എക്കാലവും പാണ്ഡവരാൽ അപമാനിക്കപ്പെടുകയും തോൽവി ഏറ്റുവാങ്ങുകയും ചെയ്തവൻ .രാജ്യവകാശം വിട്ടുകൊടുക്കാത്തതിനാൽ സംഭവിച്ച മഹായുദ്ധത്തിൽ അഞ്ച് തലമുറകളിലെ ബന്ധുക്കളെയും നഷ്ടപ്പെട്ടവൻ. ഭീമസേനന്റെ ആക്രമണത്തിൽ തുടയെല്ല് തകർന്ന് മരിക്കാൻ വിധിക്കപ്പെട്ടവൻ.മഹാഭാരതത്തിൽ ഏറ്റവും നികൃഷ്ടനായി അവതരിപ്പിക്കപ്പെടുന്ന അതേ ദുര്യോധനൻ ആരാധനാ മൂർത്തിയായ ഒരു ക്ഷേത്രമുണ്ട് കേരളത്തിൽ,പോരുവഴി പെരുവിരത്തി മലനട ക്ഷേത്രം.

malanada_duryodhana_temple20150811070209_311_1
കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ പോരുവഴി ഗ്രാമത്തിലാണ് ഈ ദുര്യോധനക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ശ്രീകോവിലോ വിഗ്രഹമോ ഇവിടെയില്ല. ആരാധനാമൂർത്തിയുടെ പ്രതീകമായി ആകെയുള്ളത് കെട്ടിയുയർത്തിയ ഒരു കൽത്തറ മാത്രം.ദുര്യോധനൻ എന്നല്ല മലനട അപ്പൂപ്പനെന്നാണ് ഇവിടെ ആരാധനമൂർത്തിക്ക് പേര്.കുറവ സമുദായത്തിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങൾ നിശ്ചയിക്കുന്നത് ഏഴു കരകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയാണ്.

ക്ഷേത്രോല്പ്പത്തിയുമായി ബന്ധപ്പെട്ട് രണ്ട് ഐതിഹ്യങ്ങളാണ് പറഞ്ഞുകേൾക്കുന്നത്.ഒന്ന് മഹാഭാരതത്തിലെ നിഴൽക്കുത്തുമായി ബന്ധപ്പെട്ടതാണ്. മറ്റൊരു കഥ പാണ്ഡവരുടെ വനവാസ കാലവുമായി ചേർന്നുള്ളതും.

മലനട അപ്പൂപ്പനും നിഴൽക്കുത്തും

ഇന്ദ്രപ്രസ്ഥത്തിൽ പാണ്ഡവർ ഐശ്വര്യസമൃദ്ധിയോടെ വാഴുന്ന കാലം. പാണ്ഡവരോട് അസൂയ പൂണ്ട ദുര്യോധനൻ ശകുനിയുടെ ഉപദേശപ്രകാരം അവരുടെ ഐശ്വര്യം ഇല്ലാതാക്കാൻ പല വഴികളും ആലോചിക്കുന്നു. നാനാദിക്കിലേക്കും ചാരന്മാരെ അയച്ച് പുതിയ പദ്ധതികളെക്കുറിച്ച് അന്വേിക്കുന്നതിനിടെയാണ് അതിലൊരാൾ ഭാരത മലയൻ എന്ന മന്ത്രവാദിയെക്കുറിച്ച് പറയുന്നത്.മഹാമാന്ത്രികനാണ്,നിഴൽകുത്തി ശത്രുക്കളെ വധിക്കാൻ കെൽപ്പുള്ള വ്യക്തിയാണ്. അതു കേട്ടതും മലയനെ കൂട്ടിക്കൊണ്ടുവരാൻ ദൂതനെ അയച്ചു. അദ്ദേഹത്തിന്റെ ശക്തി പരീക്ഷിക്കാൻ സുശർമ്മാവ് എന്ന ത്രിഗർത്തേശനെയും നിയോഗിച്ചു. മന്ത്രവാദി വരുമ്പോൾ കോട്ടവാതിൽക്കൽ തടയണമെന്നാണ് സുശർമ്മാവിനു കൊടുത്ത നിർദേശം. പറഞ്ഞതുപോലെ സംഭവിച്ചു. തന്ന തടഞ്ഞ കാവൽക്കാരനെ മന്ത്രവാദി തോല്പിക്കുകയും ചെയ്തു. സംതൃപ്തനായ ദുര്യോധനൻ ആവശ്യം അറിയിച്ചു. എന്നാൽ,യുധീഷ്ഠിരനോട് മമതയുള്ള ഭാരതമലയൻ ആദ്യം ആവശ്യം നിരാകരിച്ചു. പക്ഷേ,ദുര്യോധനന്റെ ഭീഷണിക്കു വഴങ്ങി ഒടുവിൽ നിഴൽകുത്തി പാണ്ഡവരെ വധിച്ചു.

ലഭിച്ച പാരിതോഷികങ്ങളുമായി വീട്ടിലെത്തിയ ഭർത്താവിൽ നിന്ന് കഥയറിഞ്ഞ മലയന്റെ ഭാര്യ കോപാകുലയായി. കുന്തീദേവിക്ക് പുത്രദുഖം ഉണ്ടാക്കിയ ഭർത്താവിന്റെ പ്രവൃത്തിയിൽ മനംനൊന്ത് സ്വന്തം മകനെ വധിച്ചു. ശേഷം,കുന്തീസന്നിധിയിലെത്തിയ അവരെ ശ്രീകൃഷ്ണൻ സമാധാനിപ്പിക്കുകയും പുത്രനെ പുനർജീവിപ്പിക്കുകയും ചെയ്തു.

ഈ നിഴൽകുത്ത് കഥയിലെ ഭാരതമലയന്റെ വാസസ്ഥലമായിരുന്നു പോരുവഴി എന്നാണ് ഒരു ഐതിഹ്യം.എന്നാൽ,ഇവിടെയെങ്ങനെ ഒരു ദുര്യോധനക്ഷേത്രം വന്നു എന്നതിനെ സാധൂകരിക്കുന്നതൊന്നും ഈ ഐതിഹ്യം പറഞ്ഞുവയ്ക്കുന്നില്ല. അതേസമയം,ഉത്സവത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് നിഴൽകുത്ത് കഥകളി എന്നത് ഈ ഐതിഹ്യവുമായി ക്ഷേത്രത്തെ ചേർത്ത് നിർത്തുന്നു.image18
ദുര്യോധനനും കുറവസ്ത്രീയും

വനവാസകാലത്ത് പാണ്ഡവരെത്തേടിയിറങ്ങിയ ദുര്യോധനനും കൂട്ടരും പോരുവഴിയിലെത്തി. യാത്രചെയ്തു ക്ഷീണിച്ച അവർ ഇവിടെ വിശ്രമിച്ചുവെന്നും ദാഹിച്ചുവലഞ്ഞ ദുര്യോധനന് ഒരു കുറവസ്ത്രീ മധുചഷകം നല്കി സൽകരിച്ചു. അതിൽ സന്തുഷ്ടനായ കൗരവരാജാവ് ആ സ്ത്രീക്ക് 101 ക്കേർ സ്ഥലം സമ്മാനമായി നല്കി. ഈ സ്മരണയിലാണ് പിന്നീടവിടെ ദുര്യോധനനെ ആരാധിച്ചു തുടങ്ങി എന്നുമാണ് പ്രചാരത്തിലുള്ള മറ്റൊരു ഐതിഹ്യം.

മലക്കുട മഹോത്സവം

മീനമാസത്തിലാണ് പ്രസിദ്ധമായ മലക്കുട മഹോത്സവം.ഉത്വനാളുകളിലെ കെട്ടുകാഴ്ചകളിൽ പ്രധാനം കാളയും എടുപ്പുകുതിരയുമാണ്.എടുപ്പുകുതിരകളെയുമെടുത്ത് കുന്നിൻമുകളിലൂടെ വലംവയ്ക്കുന്നത് പ്രധാന ഉത്സവചടങ്ങാണ്.ഓലക്കുട ചൂടി ഒറ്റക്കാലിൽ ഉറഞ്ഞുതുള്ളിയെത്തുന്ന ക്ഷേത്രപൂജാരി താഴേക്ക് ഇറങ്ങി ചെന്ന് കെട്ടുകാഴ്ചകളെ അനുഗ്രഹിക്കും.23tvko-Malakuda_23_1404918f

പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന പള്ളിപ്പാനയും പ്രസിദ്ധമാണ്.ചൂരൽവള്ളികൾ ശരീരത്തിൽ ചുറ്റി ക്ഷേത്രമുറ്റത്ത് ഉരുളുന്ന പള്ളിപ്പാന ചടങ്ങ് കുരുക്ഷേത്രയുദ്ധത്തിലെ ശരശയ്യയെയാണ് അനുസ്മരിക്കുന്നത്.

മലനട അപ്പൂപ്പന്റെ കള്ള് നിവേദ്യം

ശിവശക്തി സ്വയംഭൂവായ മലനടക്ഷേത്രത്തിൽ നടക്കുന്നത് ഊരാളി പൂജയാണ്.പ്രഭാതമായാൽ ഊരാളി അടുക്കുവച്ച് ആരാധിക്കുന്നു. അടുക്കെന്നാൽ വെറ്റിലയും പുയിലയും പാക്കുമാണ്.കലശത്തിനായി ഇന്നും ഉപയോഗിക്കുന്നത് കള്ളാണ്.ഭക്തർക്ക് തീർഥത്തിന് പകരം നൽകുന്നതും കള്ള് തന്നെ.പ്രസാദം ഊട്ടായി കഞ്ഞിവീഴ്ത്തുമുണ്ട്.പട്ട് കറുപ്പ് കച്ച,കോഴി എന്നിവയും നേർച്ചയായി സമർപ്പിക്കുന്നു.

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top