മെസ്സിയുടെ റെക്കോഡോടെ അർജന്റീനയ്ക്ക് ഇരട്ടി മധുരം

കോപ അമേരിക്ക ആദ്യ സെമിഫൈനലിൽ ആതിഥേയരായ അമേരിക്കയെ പരാജയപ്പെടുത്തി അർജന്റീന ഫൈനലിലെത്തി. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് അർജന്റീനയുടെ വിജയം. ലയണൽ മെസ്സിയുടെ റെക്കോർഡ് ഗോൾ നേട്ടത്തോടെ ഇരട്ടിമധുരമാണ് അർജന്റീനയ്ക്ക് ഹൂസ്റ്റണിലെ വേദി സമ്മാനിച്ചത്. മെസ്സിയ്ക്ക് പുറമെ ഗോൻസാലെ ഹിഗ്വെ രണ്ടും എക്യുവൽ ലെവസി ഒരു ഗോളും സ്വന്തമാക്കി.
അർജന്റീനയ്ക്ക് വേണ്ടി ഏറ്റവുമധികെ ഗോൾ നേടുന്ന താരം എന്ന ബഹുമതിയാണ് മെസ്സി ഈ കളിയിലൂടെ സ്വന്തമാക്കിയത്. ഗബ്രിയേൽ ബാറ്റിസ്റ്റൂട്ടയുടെ റെക്കോർഡ് മറികടന്നാണ് മെസ്സി സ്വപ്ന നേട്ടം കരസ്ഥമാക്കിയത്. അർജന്റീമനയ്ക്കായുള്ള മെസ്സിയുടെ 55ആം ഗോൾ പിറക്കുകയായിരുന്നു കളിയുടെ 32ആം മിനുട്ടിൽ ഹൂസ്റ്റണിൽ.
മത്സരം തുടങ്ങി മൂന്നാം മിനുട്ടിൽ അർജന്റീനയുടെ എക്യുവൽ ലെവസി ആദ്യ ഗോൾ നേടി. രണ്ടാമത് എത്തിയ മെസ്സിയുടെ ഗോളിലൂടെ തന്നെ കളിയുടെ ആധിപത്യം 32ആം മിനുട്ടിൽ അർജന്റീനയുടെ കൈകളിലെത്തി.
മറ്റ് രണ്ട് ഗോളുകളും പിറന്നത് രണ്ടാം പകുതിയിൽ. 53ആം മിനുട്ടിലായിരുന്നു മൂന്നാമതും അമേരിക്കയുടെ ഗോൾവല കുലുങ്ങിയത്. ഹിഗ്വെ നേടിയ ഈ ഗോളോടെ വിജയം ഉറപ്പിക്കുകയായിരുന്നു നീലപ്പട. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ 86ആം മിനുട്ടിൽ ഹിഗ്വെ തന്റെ രണ്ടാം ഗോളും അർജന്റീനയുടെ നാലാം ഗോളും നേടി.
വ്യാഴാഴ്ച നടക്കുന്ന കൊളംബിയ – ചിലി മത്സരത്തിലെ വിജയി അർജന്റീനയെ ഫൈനലിൽ നേരിടും. ജൂൺ 27 നാണ് കോപ്പ അമേരിക്ക മത്സര ഫൈനൽ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here