കൊല്ലത്തു നിന്നൊരു എംപി- മന്ത്രി പോര്

ജില്ലാ കലക്ടറും എംപിയും തമ്മിലുള്ള വാഗ്വാദങ്ങളുടെ അലകൾ കെട്ടടങ്ങുന്നതേയുള്ളു.അപ്പോഴതാ എംപിയും മന്ത്രിയും തമ്മിൽ കൊമ്പുകോർക്കുന്നെന്ന വാർത്ത കൊല്ലത്തുനിന്ന്.എൻ.കെ.പ്രേമചന്ദ്രൻ എംപിയും ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടിയമ്മയുമാണ് പുതിയ വാർത്തയിലെ താരങ്ങൾ.
ജില്ലയിൽ മന്ത്രിതലത്തിൽ വിളിക്കുന്ന വികസനപ്രവർത്തന അവലോകന യോഗങ്ങളിൽ നിന്ന് എംപിയെ തുടർച്ചയായി ഒഴിവാക്കുന്നെന്നാണ് മന്ത്രിക്കെതിരായ ആരേപണം.ഇങ്ങനെ ഒഴിവാക്കുന്നതു ശരിയല്ലെന്ന് കാട്ടി എംപി മന്ത്രിക്ക് കഴിഞ്ഞ ദിവസം കത്തുനല്കി.ഒന്നുകിൽ യോഗങ്ങൾ തന്നെ അറിയിക്കാറില്ല,അതല്ലെങ്കിൽ തനിക്ക് പങ്കെടുക്കാനാവില്ലെന്ന് ഉറപ്പുവരുത്തി യോഗം വിളിച്ചു ചേർക്കുന്നു എന്നാണ് പ്രേമചന്ദ്രന്റെ പരാതി.
എന്നാൽ,ഇത് മന്ത്രിയെ ചൊടിപ്പിച്ചു. പ്രേമചന്ദ്രൻ കുറച്ചുകൂടി സഹിഷ്ണുതയോടെ പെരുമാറണമെന്ന് വിമർശിക്കുകയും ചെയ്തു. മാലിന്യസംസ്കരണത്തെക്കുറിച്ച് വിളിച്ച യോഗത്തിൽ എംപി പങ്കെടുത്തില്ല.ദേശീയപാതയുമായി ബന്ധപ്പെട്ട യോഗമാണെങ്കിൽ അതു കഴിഞ്ഞകാല പ്രവൃത്തികളുടെ തുടർച്ച മാത്രമായിരുന്നു.പ്രേമചന്ദ്രൻ ഒന്നും ചെയ്യാതിരിക്കുകയും മറ്റുള്ളവർ ചെയ്യുമ്പോൾ അസഹിഷ്ണുത കാട്ടുകയും ചെയ്യുന്നത് ശരിയല്ലെന്നും മന്ത്രി തിരിച്ചടിച്ചു.
മന്ത്രിയുടെ നിലപാടിനെ വിമർശിച്ച് എംപി വീണ്ടും പരാമർശം നടത്തിയതോടെ വാക്പോര് മുറുകുന്ന ലക്ഷണമാണ്.എന്തുകൊണ്ടു ലോക്സഭാംഗത്തെ യോഗത്തിൽ നിന്നൊഴിവാക്കി എന്ന് പറയാൻ മന്ത്രിക്ക് ബാധ്യതയുണ്ട്.അതിനു തയ്യാറാവാതെ നല്ലനടപ്പ് വിധിക്കുന്നത് അസഹിഷ്ണഉതയുടെ തെളിവാണെന്നാണ് എപിയുടെ വാദം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here