ചൈനയിലും പിണറായിയാണ് താരം

കേരളത്തിൽ മാത്രമല്ല,അങ്ങ് ചൈനയിലും മുഖ്യമന്ത്രി പിണറായി വിജയൻ തരംഗമാണ്. രാഷ്ട്രീയത്തിലല്ല കലാരംഗത്താണെന്ന് മാത്രം. ഗ്വാങ്‌ഗോങ്ങ് പ്രവിശ്യയുടെ തലസ്ഥാനമായ ഗ്വാങ്ഷൗവിൽ നടന്ന ഇമേജസ് ഓഫ് ഇന്ത്യ എന്ന ചിത്രപ്രദർശനത്തിലാണ് പിണറായി വിജയൻ താരമായത്.
ചൈനീസ് യുവാക്കളായ സൺ ഗെ,ജിൻ ചെങ്ങ്,ജിയാങ് യുവെ എന്നിവർ ചേർന്നാണ് പ്രദർശനം ഒരുക്കിയത്. ഇവർ പകർത്തിയ ദക്ഷിണേന്ത്യൻ കാഴ്ചകളായിരുന്നു പ്രദർശനത്തിന്റെ പ്രമേയം. നിയമസഭാ തെരഞ്ഞെടുപ്പിനെ ഓർമ്മിപ്പിക്കുന്ന പെയിന്റിങ്ങിന്റെ അടിക്കുറിപ്പും പിണറായി വിജയൻ എന്നു തന്നെ.
ഒരു സുഹൃത്താണ് അയച്ചുതന്നതെന്നു പറഞ്ഞ് പിണറായി വിജയൻ തന്നെയാണ് ചിത്രം ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം….
ചൈനയിലെ ഗ്വാങ്ങ്‌ദോങ്ങ് പ്രവിശ്യയുടെ തലസ്ഥാനമായ ഗ്വാങ്ങ്ഷൗവില്‍ നടന്ന ഇമേജസ് ഓഫ് ഇന്ത്യ എന്ന ചിത്രപ്രദര്‍ശനത്തില്‍ ‘പിണറായി വിജയന്‍’ എന്നു കണ്ട് ഒരു സുഹൃത്ത് അയച്ചു തന്ന ചിത്രമാണിത്. ഒരു സമരപ്പന്തലും അവിടത്തെ കൊടിയും ബോര്‍ഡുകളും മറ്റുമാണ് കാണുന്നത്. കൊടിയിലെ അക്ഷരങ്ങള്‍ തെറ്റായാണ് എഴുതിയത് (CITU എന്നത് മാറിപ്പോയതാകാം) എന്നതൊഴിച്ചാല്‍ തെരഞ്ഞെടുപ്പിനു മുമ്പുള്ള കേരളത്തിന്റെ മൂഡ് ചിത്രത്തിലുണ്ട്. ദക്ഷിണേന്ത്യന്‍ കാഴ്ച്ചകള്‍ പകര്‍ത്താന്‍ എത്തിയ ചൈനീസ് യുവാക്കളായ സണ്‍ ഗെ, ജിയാങ്ങ് യുവെ, ജിന്‍ ചെങ് എന്നിവരുടെ പെയിന്റിങ്ങുകളാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്. ചിത്രകാരനും അയച്ചു തന്ന സുഹൃത്ത് സലിമിനും നന്ദി. ഇന്ത്യന്‍ കോണ്‍സുലേറ്റിലെ മലയാളി ശ്രീ പി വി മനോജ് ആണ് പ്രദര്‍ശനം ഉല്‍ഘാടനം ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here