വാട്സ്ആപ്പ് സ്റ്റാറ്റസ് ഇനി ‘ക്ലോസ് ഫ്രണ്ട്സ്’ ലിസ്റ്റുമായി കൂടുതൽ സ്വകാര്യമാകും

സ്റ്റാറ്റസ് കൂടുതൽ വ്യക്തിഗതമായ രീതിയിൽ പങ്കിടാൻ സഹായിക്കുന്ന ഒരു പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് വരുന്നു. ഇൻസ്റ്റഗ്രാമിൽ ഏറെ പ്രചാരമുള്ള ‘ക്ലോസ് ഫ്രണ്ട്‌സ്’ ഫീച്ചറിന് സമാനമായ ഈ മാറ്റം ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു.
എന്താണ് ഈ പുതിയ ഫീച്ചർ?
നിലവിൽ വാട്സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ ആരുമായി പങ്കിടണമെന്ന് തീരുമാനിക്കാൻ മൂന്ന് ഓപ്ഷനുകളാണുള്ളത്, എല്ലാ കോൺടാക്റ്റുകൾക്കും, ചില കോൺടാക്റ്റുകളെ ഒഴിവാക്കി, അല്ലെങ്കിൽ തിരഞ്ഞെടുത്ത കോൺടാക്റ്റുകൾക്ക് മാത്രം. ഈ ഓപ്ഷനുകൾ ഉപയോഗിച്ച് ഓരോ തവണയും സ്റ്റാറ്റസ് പങ്കിടുമ്പോൾ കോൺടാക്റ്റുകളെ തിരഞ്ഞെടുക്കുന്നത് ചിലപ്പോൾ ബുദ്ധിമുട്ടാവാറുണ്ട്. എന്നാൽ പുതിയ ഫീച്ചറിലൂടെ നിങ്ങൾ സ്ഥിരമായി സ്റ്റാറ്റസ് പങ്കിടാൻ ആഗ്രഹിക്കുന്ന സുഹൃത്തുക്കളുടെ ഒരു പ്രത്യേക ലിസ്റ്റ് ഉണ്ടാക്കാൻ സാധിക്കും. ഈ ലിസ്റ്റിന് ‘ക്ലോസ് ഫ്രണ്ട്‌സ്’ എന്ന് പേരിൽ അറിയപ്പെടുന്നു.
ഒരു തവണ ഈ ലിസ്റ്റ് ഉണ്ടാക്കിക്കഴിഞ്ഞാൽ ഓരോ സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുമ്പോഴും ഈ ലിസ്റ്റിലുള്ളവർക്ക് മാത്രം കാണിക്കണോ അതോ മറ്റ് ഓപ്ഷനുകൾ തിരഞ്ഞെടുക്കണോ എന്ന് എളുപ്പത്തിൽ തീരുമാനിക്കാം. ഇത് സ്റ്റാറ്റസ് ഷെയറിങ് പ്രക്രിയ കൂടുതൽ വേഗത്തിലാക്കുകയും, നിങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ വളരെ വിശ്വസ്തരായ ആളുകളുമായി മാത്രം പങ്കിടാൻ സഹായിക്കുകയും ചെയ്യും.
എങ്ങനെയാണ് ഇത് പ്രവർത്തിക്കുക?
വാബീറ്റ ഇൻഫോയുടെ റിപ്പോർട്ടുകൾ അനുസരിച്ച് ഈ ഫീച്ചർ നിലവിൽ ഐഒഎസ് ബീറ്റ പതിപ്പിൽ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലേതുപോലെ തന്നെ ഈ ഫീച്ചർ വാട്സ്ആപ്പിലും രഹസ്യമായിരിക്കും. അതായത് ആരെങ്കിലും നിങ്ങളെ അവരുടെ ‘ക്ലോസ് ഫ്രണ്ട്‌സ്’ ലിസ്റ്റിൽ ചേർത്താലോ അതിൽ നിന്ന് നീക്കം ചെയ്താലോ നിങ്ങൾക്ക് ഒരു അറിയിപ്പും ലഭിക്കില്ല.
ഈ പുതിയ ഫീച്ചറുള്ള സ്റ്റാറ്റസുകൾക്ക് സാധാരണ സ്റ്റാറ്റസുകളിൽ നിന്ന് വ്യത്യസ്തമായ നിറം നൽകാൻ സാധ്യതയുണ്ട്. ഉദാഹരണത്തിന് ഇൻസ്റ്റഗ്രാമിൽ ക്ലോസ് ഫ്രണ്ട്‌സ് സ്റ്റോറികൾക്ക് പച്ച നിറത്തിലുള്ള റിംഗ് ആണുള്ളത്. ഇതുപോലെ വാട്ട്‌സ്ആപ്പിലും ഒരു പ്രത്യേക നിറം നൽകുന്നത് ആ സ്റ്റാറ്റസ് ആർക്കൊക്കെ വേണ്ടിയുള്ളതാണെന്ന് ഉപയോക്താക്കൾക്ക് വേഗത്തിൽ മനസ്സിലാക്കാൻ സഹായിക്കും.
Read Also: പുതിയ ഇരട്ട നികുതി ഘടനയ്ക്ക് ജിഎസ്ടി കൗണ്‍സില്‍ അംഗീകാരം നല്‍കിയതായി സൂചന; ഔദ്യോഗിക പ്രഖ്യാപനം നാളെ
ഈ പുതിയ ഫീച്ചർ മെറ്റയുടെ ആപ്പുകളായ ഇൻസ്റ്റഗ്രാമും വാട്ട്‌സ്ആപ്പും തമ്മിലുള്ള ഉപയോക്തൃ അനുഭവം കൂടുതൽ ഏകീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. ഇൻസ്റ്റഗ്രാമിൽ ഏറെ വിജയിച്ച ഒരു ഫീച്ചർ വാട്ട്‌സ്ആപ്പിലേക്ക് കൊണ്ടുവരുന്നതിലൂടെ ഇരു പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കുന്നവർക്ക് എളുപ്പത്തിൽ മാറാനും ഒരേ ഫീച്ചറുകൾ പരിചയപ്പെടാനും സാധിക്കും. ഈ ഫീച്ചർ എന്ന് എല്ലാവർക്കും ലഭ്യമാവുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ പരീക്ഷണം പൂർത്തിയാകുന്നതോടെ അടുത്ത അപ്‌ഡേറ്റുകളിൽ ഇത് പ്രതീക്ഷിക്കാം.
Story Highlights : WhatsApp Status will now be more private with a ‘Close Friends’ list
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here