വെള്ളാപ്പള്ളി ജയിലിൽ കിടക്കേണ്ടി വരും

വെള്ളാപ്പള്ളിക്കെതിരേ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ , വഞ്ചനാക്കുറ്റം, പണാപഹരണം എന്നിവയ്ക്ക് പുറമേ അഴിമതി നിരോധന നിയമവും ചേർത്തു കേസ്സെടുക്കാൻ തീരുമാനിച്ചതോടെ അത് വെള്ളാപ്പള്ളിയുടെ ജയിൽ വാസം ഉറപ്പാക്കുകയാണ്. ഇതു സംബന്ധിച്ച നിയമോപദേശം കിട്ടിയാലുടന്‍ വെള്ളാപ്പള്ളിയെ അറസ്റ്റു ചെയ്യാനാണ് സാധ്യതയെന്ന് നിയമ വൃത്തങ്ങളും വിലയിരുത്തുന്നു. പഴുതുകളടച്ച അന്വേഷണമാകണം നടത്തേണ്ടതെന്നും കോടതിയിലെത്തുമ്പോള്‍ തെളിവുകളുടെ അഭാവമുണ്ടാകരുതെന്നും ജേക്കബ് തോമസ് കര്‍ശനനിര്‍ദേശം നൽകിയതായാണ് വിവരം. കുറഞ്ഞ ദിവസങ്ങളെങ്കിലും വെള്ളാപ്പള്ളിയെ ജയിലിൽ അടയ്ക്കുക എന്ന ലക്ഷ്യം ഉണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു.
വിജിലന്‍സ് പ്രത്യേക സംഘം അടുത്തയാഴ്ച തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ വെള്ളാപ്പള്ളിക്കെതിരേ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ , വഞ്ചനാക്കുറ്റം, പണാപഹരണം എന്നിവയ്ക്കുപുറമേ അഴിമതി നിരോധന നിയമവും ചുമത്തും. അതിനുശേഷം വിജിലന്‍സ് കോടതി മുമ്പാകെ എഫ്‌ഐആര്‍ സമര്‍പ്പിക്കും. വെള്ളാപ്പള്ളിയെ കൂടാതെ യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍, മൈക്രോഫിനാന്‍സ് കോര്‍ഡിനേറ്റര്‍ കെ.കെ. മഹേശന്‍, സംസ്ഥാന പിന്നാക്ക വികസന കോര്‍പറേഷന്‍ മുന്‍ മാനേജിങ് ഡയറക്ടര്‍ എസ്. നജീബ് എന്നിവരാണു മറ്റു പ്രതികള്‍.
പിന്നാക്ക വികസന കോര്‍പറേഷനിലെ ഉന്നതരുടെ ഒത്താശയോടെ നടന്ന കോടികളുടെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടു വി.എസ് അച്യുതാനന്ദന്‍ നല്‍കിയ കത്തിന്റെ അടിസ്ഥനത്തിലാണ് വിജിലന്‍സ് അന്വേഷണമാരംഭിച്ചത്. 15 കോടിയോളം രൂപ എസ്എന്‍ഡിപി യോഗത്തിനു പിന്നാക്ക വികസന കോര്‍പറേഷന്‍ വായ്പയായി നല്‍കി. ഈ തുക യോഗം ശാഖകള്‍ വഴി വിതരണം ചെയ്തത് അമിതപലിശയ്ക്കായിരുന്നു. അഞ്ചു ശതമാനത്തില്‍ താഴെ പലിശയേ ഈടാക്കാവൂ എന്ന വ്യവസ്ഥ മറികടന്ന് 10-15% പലിശ ഗുണഭോക്താക്കളില്‍നിന്ന് ഈടാക്കി. പല ശാഖകളും ഇങ്ങനെ ലഭിച്ച പണം ദുര്‍വിനിയോഗം ചെയ്തതായും വിജിലന്‍സ് കണ്ടെത്തി. വായ്പ അംഗങ്ങള്‍ക്കു നേരിട്ടു നല്‍കാതെ വെള്ളാപ്പളളിയുടെ പേരിലുള്ള ചെക്കായാണ് നല്‍കിയത്. ആനുകൂല്യം കൈപ്പറ്റിയ സ്വാശ്രയസംഘങ്ങളുടെ സാക്ഷ്യപത്രവും ഗ്രൂപ്പ് ഫോട്ടോയും ഉള്‍പ്പെടെയുള്ള രേഖകള്‍ കോര്‍പറേഷനില്‍ ഹാജരാക്കണമെന്ന വ്യവസ്ഥ പാലിക്കപ്പെട്ടില്ല. ക്രമവിരുദ്ധമായ ഇടപാട് ശ്രദ്ധയില്‍പെട്ടിട്ടും നടപടിയെടുക്കാതെ, 2015ല്‍ കോര്‍പറേഷന്‍ അഞ്ചുകോടി രൂപകൂടി വായ്പ നല്‍കി.
ഇക്കാര്യത്തില്‍ ഗുരുതരവീഴ്ചയാണ് കോര്‍പറേഷന്റെ ഭാഗത്തുനിന്നുണ്ടായതെന്നു വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ കരട് ഒന്‍പതിനു മുമ്പു സമര്‍പ്പിക്കാനാണു വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here