‘വീട് നിര്‍മിക്കുന്നത് ഭാര്യാപിതാവ് നല്‍കിയ ഭൂമിയില്‍; ആരോപണങ്ങള്‍ക്ക് പിന്നില്‍ പൊലീസിനുള്ളിലെ ഗൂഢാലോചന’, എം ആര്‍ അജിത്കുമാര്‍

അനധികൃത സ്വത്ത് സമ്പാദനത്തിൽ തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിലെ വ്യാജരേഖകള്‍ ചമച്ചത് പൊലീസില്‍ നിന്നെന്ന് എം ആർ അജിത് കുമാറിന്റെ മൊഴി. പൊലീസിനുള്ളിൽ ഗൂഢാലോചനകൾ നടന്നിട്ടുണ്ട്. അക്കാര്യത്തിൽ അന്വേഷണം വേണം. വീട് നിർമ്മാണം ഭാര്യ പിതാവ് നൽകിയ ഭൂമിയിലാണെന്നും ഫ്ലാറ്റ് മറിച്ചു വിറ്റ് ലാഭം നേടിയിട്ടില്ലെന്നും മൊഴിയിൽ പറയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് എസ്ബിഐയിൽ നിന്നെടുത്ത ലോൺ വിവരങ്ങളും വിജിലൻസിന് നൽകിയ മൊഴിയിൽ എം ആർ അജിത്കുമാർ വ്യക്തമാക്കി.
പി വി അന്‍വറിന്‍റെ വഴിവിട്ട ഇടപാടുകള്‍ക്ക് വഴങ്ങാത്തതാണ് ആരോപണങ്ങൾക്ക് കാരണമെന്നും അജിത് കുമാർ ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ച പ്രകാരം അൻവറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സുഹൃത്ത് നജീബിന്റെ വീട്ടിൽ വെച്ചായിരുന്നു നേരിൽ കണ്ടിരുന്നതെന്നും മൊഴി പറയുന്നുണ്ട്. മൊഴി പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.
എം ആർ അജിത് കുമാറിന് ക്ലീൻ ചീറ്റ് നൽകിയ റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയിരുന്നു. അന്വേഷണം തുടരണമെന്നും കോടതി നിർദ്ദേശിച്ചു. പരാതിക്കാരന്റെയും സാക്ഷികളുടെയും മൊഴി കോടതി നേരിട്ട് രേഖപ്പെടുത്തും. അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എം ആർ അജിത് കുമാർ പ്രതിസന്ധിയിലാണ്.
Story Highlights : ADGP MR Ajith Kumar’s statement to Vigilance released
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here