ഈശ്വരന് നന്ദി,പിന്നെ ആ ഓട്ടോ ഡ്രൈവർക്കും!!

കണ്ണന്റെ മുഖത്തെ കുസൃതിഭാവം കാണുമ്പോൾ നടന്നതൊക്കെയും ഒരു ദുസ്വപ്‌നമായിരുന്നു എന്നാശ്വസിക്കുകയാണ് ശ്രീജ. ഒന്നരവയസ്സുള്ള കുഞ്ഞ് കിണറ്റിൽ വീണതും താൻ പിന്നാലെ ചാടിയതും തിരിച്ചുകയാറാൻ വഴിയില്ലാതെ വിഷമിച്ചപ്പോൾ ഒരു ഓട്ടോ ഡ്രൈവർ ദൈവദൂതനെ പോലെ എത്തിയതുമെല്ലാം ഓർക്കുമ്പോ ശ്രീജയ്ക്കിപ്പോഴും പേടി മാറിയിട്ടില്ല.
കളിച്ചുകൊണ്ടിരുന്നതിനിടെയാണ് കോട്ടയം മണിമല സ്വദേശികളായ അനൂപ് ശ്രീജ ദമ്പതികളുടെ മകൻ കണ്ണനെ കാണാതായത്. സമീപത്തെ വീടുകളിലും തൊടിയിലുമൊക്കെ അന്വേഷിച്ചെങ്കിലും കണ്ണനെ കണ്ടില്ല. കുഞ്ഞ് 30 അടി താഴ്ചയുള്ള കിണറ്റിലുണ്ടെന്ന് കണ്ടത് മുത്തശ്ശി ഉഷയാണ്. മൂന്നടിയോളം വെള്ളം കിണറ്റിലുണ്ടായിരുന്നു.കുഞ്ഞ് ബോധരഹിതനായ അവസ്ഥയിലും. ശ്രീജ കിണറ്റിലേക്ക് എടുത്തുചാടി കുഞ്ഞിനെ വാരിയെടുത്തു. പക്ഷേ,തിരിച്ചുകയറാനാവാതെ വിഷമിച്ചു.
അതുവഴി പോയ ഓട്ടോ ഡ്രൈവർ കടയനിക്കാട് എട്ടാംമൈൽ സ്വദേശി രവീന്ദ്രൻപിള്ള(ഓമന) സ്ത്രീകളുടെ കരച്ചിൽ കേട്ട് ഓടിയെത്തി കിണറ്റിലിറങ്ങി. പ്ലാസ്റ്റിക് കയറിൽ തൂങ്ങി കുഞ്ഞിനെയും കൊണ്ട് കരയ്ക്ക് കയറി. കുഞ്ഞിനെ തോളിലിട്ട് മുകളിലേക്ക് കയറുന്നതിനിടെയുള്ള ഉലച്ചിലിനിടെ കുട്ടിയുടെ വയറ്റിലെ വെള്ളം ഏറെയും വായിലൂടെ പുറത്തേക്ക് പോയത് രക്ഷയായി.കിണറിന്റെ വക്ക് ശരീരത്ത് ഇടിഞ്ഞുവീണിട്ടും ഇത് കാര്യമാക്കാതെയാണ് രവീന്ദ്രൻപിള്ള രക്ഷാപ്രവർത്തനം നടത്തിയത്.
തുടർന്ന് പ്രാഥമിക ശ്രുശ്രൂഷ നല്കി നാട്ടുകാർ കുഞ്ഞിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് തുടർചികിത്സയ്ക്കായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടു.ഈ നേരമത്രയും ശ്രീജ കിണറ്റിൽത്തന്നെയായിരുന്നു.പിന്നീട് നാട്ടുകാരെത്തി ഏണി ഇറക്കിയാണ് ശ്രീജയെ പുറത്തെത്തിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here