സുൽത്താന് റെക്കോർഡ് കളക്ഷൻ

ഇതുവരെ ഇറങ്ങിയ ബോളിവുഡ് ചിത്രങ്ങളുടെയെല്ലാം ആദ്യ ദിന ബോക്‌സ് ഓഫീസ് കളക്ഷനെ സൽമാൻഖാന്റെ ‘സുൽത്താൻ’ പിന്നിലാക്കിയെന്നാണ് ബി ടൗണിൽ നിന്നുളള ഏറ്റവും പുതിയ വാർത്ത.
ചിത്രം ഇന്ത്യയിൽനിന്ന് മാത്രം നേടിയത് 40 കോടിയിലേറെ രൂപയാണ്. നാൽപ്പതുകോടിക്കുമുകളിൽ എത്രവരെ എന്നതിനുള്ള യഥാർത്ഥ കണക്കുകൾ വരാനിരിക്കുന്നതേ ഉള്ളൂ.
മാത്രമല്ല പെരുന്നാൾ റിലീസുകളുടെ ചരിത്രത്തിൽ എക്കാലത്തെയും വലിയ ആദ്യദിന കളക്ഷനും ഈ സൽമാൻ ചിത്ത്രതിനുതന്നെ. ഷാരൂഖ് ഖാന്റെ ‘ചെന്നൈ എക്‌സ്പ്രസ്’, സൽമാന്റെ തന്നെ ‘കിക്ക്’, ‘ഏക് ഥാ ടൈഗർ’, ബജ്‌റംഗി ഭായ്ജാൻ’ എന്നിവയെയെല്ലാം സുൽത്താൻ റിലീസ് ദിനത്തിൽ മറികടന്നു.
ഇന്ത്യയിൽ 4350 സ്‌ക്രീനുകളിലും വിദേശത്ത് 1100 സ്‌ക്രീനുകളിലുമാണ് ‘സുൽത്താൻ’ റിലീസായത്. മൊത്തം 5450 സ്‌ക്രീനുകൾ. നിർമ്മാണ ചെലവ് 70 കോടിയും പരസ്യത്തിന്റെ ചെലവ് 20 കോടിയും. അങ്ങനെ മൊത്തം ബജറ്റ് 90 കോടി. 90 മുതൽ 100 ശതമാനം വരെ പ്രേക്ഷകരുണ്ടായിരുന്നു ആദ്യദിനം ‘സുൽത്താൻ’ റിലീസ് സെന്ററുകളിൽ.
പെരുന്നാൾ ചിത്രമായി ബുധനാഴ്ച റിലീസ് ചെയ്തതിനാൽ ഞായറാഴ്ച വരെ നീളുന്ന അഞ്ച് ദിവസം ചിത്രത്തിന് ലഭിക്കും. വരുന്ന ദിവസങ്ങളിൽ ‘സുൽത്താൻ’ ബോക്‌സ് ഓഫീസിൽ സൃഷ്ടിക്കുന്ന ചലനമെന്തെന്ന് അറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് ബോളിവുഡ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here