”അവളൊരു പാവം കുട്ടിയായിരുന്നു”

ഐഎസിൽ ചേരാൻ പോയ മലയാളികളുടെ കൂട്ടത്തിൽ മെറിൻ എന്ന തങ്ങളുടെ അയല്ക്കാരി കുട്ടിയുമുണ്ടെന്ന വാർത്തയുടെ ഞെട്ടലിലാണ് എറണാകുളം തമ്മനം സ്വദേശികൾ.അവർക്കറിയാവുന്ന മെറിൻ അത്രമേൽ പാവമായിരുന്നു.
തമ്മനം ബേക്കറി ജംഗ്ഷന് എതിർവശത്തുള്ള വീട്ടിൽ മാധ്യമപ്രവർത്തകർ എത്തിത്തുടങ്ങിയതോടെയാണ് വിവരം അയൽക്കാർ അറിഞ്ഞത്.അവൾക്ക് എങ്ങനെ ഈ ഭീകരസംഘത്തിനൊപ്പം ചേരാൻ മനസ് വന്നെന്നാണ് ഇവർ ചോദിക്കുന്നത്.
സഹോദരന്റെ സുഹൃത്തായ ബെസ്റ്റിൻ വിൻസന്റിനെ സ്‌കൂൾ കാലം മുതലേ മെറിന് പരിചയമുണ്ടായിരുന്നു.അന്നേ മനസ്സിൽ പ്രണയം തോന്നിയിരുന്നു എന്നാണ് സൂചന. എറണാകുളം സെന്റ് തെരേസാസ് കോളേജിലെ പഠനശേഷം ക്യാനപ്‌സ് റിക്രൂട്ട്‌മെന്റിലൂടെ മെറിന് ജോലി ലഭിച്ചു. ട്രെയിനിംഗിനായി മുംബൈയിലെത്തിയ മെറിനെക്കാത്ത് അവിടെ ബെസ്റ്റിൻ ഉണ്ടായിരുന്നു. തുടർന്നാണ് ഇരുവരും പ്രണയത്തിലായത്.
അവധിക്കാലത്ത് വീട്ടിലെത്തിയ മെറിൻ ഇസ്ലാം രീതിയിലുള്ള പ്രാർഥനകളോട് താല്പര്യം കാണിച്ചപ്പോൾ വീട്ടുകാർഞെട്ടി. അപ്പോഴൊന്നും ബെസ്റ്റിൻ മുംബൈയിലുണ്ടെന്നോ ഇരുവരും പ്രണയത്തിലാണെന്നോ വീട്ടുകാർക്കറിയില്ലായിരുന്നു. ബെസ്റ്റിനെ വിവാഹം കഴിക്കണമെന്ന് മെറിൻ തന്നെയാണ് വീട്ടുകാരോട് ആവശ്യപ്പെട്ടത്. ബെസ്റ്റിൻ മതം മാറി യഹ്യയായ കാര്യവും പറഞ്ഞു. ഈ ബന്ധത്തിൽ നിന്ന് മകൾ പിൻമാറില്ലെന്ന് മനസ്സിലായതോടെ പാലക്കാട്ടുള്ള ബെസ്റ്റിന്റെ വീട്ടിലെത്തി മെറിന്റെ പിതാവ് വിവരങ്ങൾ തിരക്കി. ലഭിച്ചത് അത്ര നല്ല വിവരങ്ങളല്ലാത്തതിനാൽ വിവാഹം നടത്താനാവില്ലെന്ന നിലപാടിൽ വീട്ടുകാർ ഉറച്ചുനിന്നു. എന്നാൽ,വേറൊരു വിവാഹം തനിക്കുണ്ടാവില്ലെന്നും ബെസ്റ്റിനുമായുള്ള വിവാഹം ഒരു വർഷം മുമ്പ് രജിസ്റ്റർ ചെയ്തതാണെന്നും മെറിൻ അറിയിച്ചു. ഇതിനു വേണ്ടി മെറിൻ മറിയയായി മതംമാറിയതും അപ്പോഴാണ് വീട്ടുകാർ അറിയുന്നത്.
മുംബൈയിലെ ട്രെയിനിംഗ് അവസാനിപ്പിച്ച് മെറിനെ വീട്ടുകാർ നാട്ടിലേക്ക് കൊണ്ടുവന്നു.പക്ഷേ,മെറിൻ വീണ്ടും മുംബൈയിലേക്ക് പോയി.ഇടയ്ക്കിടയ്ക്ക് വീട്ടിലേക്ക് ഫോൺ ചെയ്യാറുണ്ടായിരുന്നു. റംസാൻ നോമ്പിന് മുമ്പുവരെ മാത്രമാണ് ആ പതിവ് നീണ്ടത്.തുടർന്ന് മെറിനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതായതോടെ കൂടെ ജോലി ചെയ്തിരുന്ന സുഹൃത്തിനെ വിളിച്ച് അന്വേഷിച്ചു.
പൂനം എന്ന ആ സുഹൃത്ത് പറഞ്ഞാണ് മുസ്ലീം മത കാര്യങ്ങളോട് മെറിന് വല്ലാത്ത താല്പര്യമായിരുന്നെന്നും ഐഎസ് വീഡിയോകൾ കാണാറുണ്ടായിരുന്നെന്നുമൊക്കെ വീട്ടുകാർ അറിഞ്ഞത്. ബെസ്റ്റിനൊപ്പമായിരിക്കും മെറിനെന്നും സുഹൃത്ത് പറഞ്ഞു.കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബെസ്റ്റിനും മെറിനും സിറിയയിലേക്ക് പോയ സംഘത്തിലുണ്ടാവുമെന്നാണ് പോലീസും പറയുന്നത്.
ഫോട്ടോ :മനോരമ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here