‘കൃപ’ കാത്തിരിക്കുന്നു, അവരുടെ തിരിച്ചുവരവിനായ്…

ദുരൂഹസാഹചര്യത്തിൽ കാണാതായ മലയാളികൾ പോയത് ഐഎസിലേക്കോ എന്ന സംശയത്തിന്റെ നിഴലിൽ നിന്നാണ് യാക്കരയിലെ ‘കൃപ’ എന്ന വീട് ശ്രദ്ധകേന്ദ്രമാകുന്നത്. നാല് പേരെയാണ് ഈ വീട്ടിൽ നിന്ന് കാണാതായത്. സഹോദരങ്ങളായ ഈസ,യാഹ്യ (ബെക്‌സിൻ,ബെസ്റ്റിൻ)
എന്നിവരെയും അവരുടെ ഭാര്യമാരെയും ഒരുമിച്ച് കാണാതാവുകയായിരുന്നു.
മക്കളുടെ തിരിച്ചുവരവ് കാത്ത് പ്രതീക്ഷയോടെ ഓരോ ദിനവും തള്ളിനീക്കുകയാണ് ഇവരുടെ പിതാവ് വിൻസന്റ്.മുപ്പത് വർഷക്കാലം ഗൾഫിലായിരുന്ന വിൻസന്റ് തിരിച്ചെത്തി പാലക്കാട് താമസമാക്കുകയായിരുന്നു. ജീവിതം സമാധാനപൂർണമായി മുന്നോട്ട്‌പോകുന്നുവെന്ന സന്തോഷം തല്ലിക്കെടുത്തി ഭാര്യ ഉപേക്ഷിച്ചു പോയതോടെ വിൻസന്റിന്റെ പ്രതീക്ഷയത്രയും മക്കളിലായിരുന്നു. എന്നാൽ,ഇതോടെ മൂത്തമകന്റെ ജീവിതവും താറുമാറായി. ബെക്‌സിന് 22 വയസ്സുള്ളപ്പോഴാണ് എൽസി വിൻസന്റിനെ ജീവിതത്തിലേക്ക് വന്നത്. രണ്ടാനമ്മയെയും അവരുടെ ആദ്യവിവാഹത്തില കെുട്ടികളെയും അംഗീകരിക്കാനോ സ്‌നേഹിക്കാനോ ബെക്‌സിൻ തയ്യാറല്ലായിരുന്നു.അങ്ങനെ വീട് വിട്ട ബെക്‌സിൻ കുറച്ചകലെ മറ്റൊരു വീടെടുത്ത് താമസം തുടങ്ങി.
കോയമ്പത്തൂരിലെ സ്വകാര്യ കോളേജിലെ ഡിഗ്രിപഠനകാലത്തു തന്നെ ബെക്‌സിൻ ലഹരിയ്ക്ക് അടിപ്പെട്ടിരുന്നു. ഇക്കാലത്തു തന്നെയാണ് ബെക്‌സിന്റെ പ്രണയബന്ധം തകർന്നതും. മാനസികമായി തളർന്നതോടെ ലഹരി ബെക്‌സിനെ കൂടുതൽ സ്വാധീനിച്ചു.മൂത്തമകന്റെ നാശത്തിൽ മനംനൊന്ത് വിധിയെ പഴിച്ച് കഴിയുമ്പോഴാണ് ഇളയ മകൻ ബെസ്റ്റിൻ മറ്റൊരു ആഘാതം ആ മനസ്സിന് സമ്മാനിച്ചത്. സ്‌കൂൾ വിദ്യാഭ്യാസ്തതിനു ശേഷം ബംഗളൂരുവിലേക്ക് പോയ ബെസ്റ്റിൻ മടങ്ങിയെത്തിയത് യഹ്യയായി ആയിരുന്നു.
ബെഗളൂരുവിൽ ബെസ്റ്റിന്റെ സഹപാഠികളായിരുന്ന കാസർഗോഡ് സ്വദേശികളാണ് ഈ മതംമാറ്റത്തിനു പിന്നിലെന്ന് വിൻസന്റ് വിശ്വസിക്കുന്നു.പഠനശേഷം മുംബൈയിലേക്ക് പോയത് ജോലികിട്ടിയെന്ന് പറഞ്ഞായിരുന്നു.ഇസ്ലാം മതം സ്വീകരിച്ചതോടെ താടി നീട്ടി വളർത്തിയ ബെസ്റ്റിൻ മതപ്രഭാഷണങ്ങളും പുസ്തകങ്ങളുമൊക്കെയായി പുതിയ ജീവിതരീതികളിലേക്ക് മാറി.
ലഹരിക്കടിപ്പെട്ട് സ്വയം നശിച്ച ബെക്‌സിനെ നേർവഴിക്ക് കൊണ്ടുവരാൻ ബെസ്റ്റിന് സാധിച്ചു.അനുജന്റെ സ്വാധീനത്തിൽ ബെക്‌സിൻ അങ്ങനെ ഈസ ആയി മാറി. അനുജനെപ്പോലെ ഇസ്ലാം മതകാര്യങ്ങളിൽ അതീവ തല്പരനായിത്തീരുകയും ചെയ്തു. ഈസയുടെ ആദ്യവിവാഹം പരാജയമായിരുന്നു. തുടർന്നാണ് തിരുവനന്തപുരം സ്വദേശി നിഷാ ഫാത്തിമയെ വിവാഹം ചെയ്തത്.ബംഗളൂരുവിൽ നിന്ന് മടങ്ങിയെത്തിയ യഹ്യയാവട്ടെ എറണാകുളം സ്വദേശി മറിയം മെറിനെ വിവാഹം ചെയ്തു.മക്കളും മരുമക്കളും അടിക്കടി മുംബൈക്ക് പോവാറുണ്ടായിരുന്നെന്ന് എൽസി പറയുന്നു.മരുമക്കൾ ഗർഭിണികളായപ്പോഴും യാത്രകൾക്ക് മുടക്കമുണ്ടായില്ല. അങ്ങനെയാണ് സാക്കിൽ നായിക്കിനെക്കുറിച്ച് എൽസി കേൾക്കുന്നതും.മതപ്രഭാഷകൻ എന്നായിരുന്നു ഇയാളെക്കുറിച്ച് യഹ്യ പറഞ്ഞത്.
മക്കളുമായി വളരെക്കുറച്ച് സംഭാഷണങ്ങളെ മാതാപിതാക്കൾ നടത്താറുള്ളായിരുന്നു. അയൽവാസികൾക്കും ഇരുവരെയും കുറിച്ച് വലിയ അറിവൊന്നുമില്ല. ആരെയും ഗൗനിക്കാത്ത പ്രകൃതമായിരുന്നു ഈസയുടേതെന്ന് നാട്ടുകാർ പറയുന്നു.യഹ്യയെക്കണ്ടതായി പോലും അയൽക്കാർക്ക് ഓർമ്മയില്ല.നാലുപേരും ഐഎസിൽ ചേർന്നെന്ന അഭ്യൂഹം ശരിയാവരുതേ എന്ന പ്രാർഥനയിലാണ് മാതാപിതാക്കളും നാട്ടുകാരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here