കബാലി ചെന്നൈൽനിന്ന് മാത്രം നേടാൻ പോകുന്ന കളക്ഷൻ എത്രയെന്ന് അറിയേണ്ടേ

സിനിമാ ലോകത്തിന് ഇപ്പോൾ നല്ലകാലമാണ്. സൽമാൻ ഖാൻ ചിത്രം സുൽത്താൻ അടക്കം ഇറങ്ങിയ ചിത്രങ്ങളെല്ലാം നൂറുകോടി ക്ലബ്ബും കഴിഞ്ഞ് കവിഞ്ഞൊഴുകു കയാണ്. അതിനിടയിലാണ് രജനി ചിത്രം ‘കബാലി’ റിലീസിനൊരുങ്ങുന്നത്. ഇന്ത്യയ്ക്ക് പുറമെ വിദേശരാജ്യങ്ങളിലെല്ലാം ഫാൻസ് ഉള്ള രജനി ചിത്രം പാരിസിലടക്കം റിലീസ് ഡേറ്റ് കാത്തിരിക്കുകയാണ്.
എന്നാൽ സൂപ്പർ സ്റ്റാറിന്റെ സ്വന്തം ചെന്നൈൽ ‘കബാലി’ എത്ര കളക്ഷൻ നേടുമെന്ന ആശങ്കയിലാണ് ആരാധകർ. പെരുന്നാളിനെത്തിയ സുൽത്താൻ റിലീസ് ദിനത്തിൽ മാത്രം 36.54 കോടിയാണ് നേടിയത്. സ്‌റ്റൈൽ മന്നന് ഇതിൽനിന്ന് ഒട്ടും കുറയരുതല്ലോ.
തമിഴ്‌നാടിന്റെ തലസ്ഥാന നഗരമാണെങ്കിലും തീയേറ്ററുകളുടെ എണ്ണത്തിൽ പിറകിലാണ് ചെന്നൈ. മറ്റ് പല സംസ്ഥാനങ്ങളേക്കാളും ടിക്കറ്റ് വിതരണം
ഫലപ്രദമായി പ്രവർത്തിക്കുന്ന ഇടങ്ങളിലൊന്നാണ് തമിഴ്‌നാട്.
ടിക്കറ്റ് വില 120 രൂപയിൽ കൂടരുതെന്ന് സർക്കാർ ഉത്തരവും തമിഴ്‌നാട്ടിൽ നിലവിലുണ്ട്. മൾട്ടിപ്ലെക്‌സുകൾ ഉൾപ്പെടെ എല്ലാ തീയേറ്ററുകളിലും വെറും 10 രൂപയ്ക്ക് മുൻവരിയിലെ സീറ്റുകൾ ഒഴിച്ചിടണമെന്നും തമിഴ്‌നാട്ടിലെ നിയമമാണ്. തീയേറ്ററുകൾ ഏറെക്കുറെ ഇതെല്ലാം പാലിക്കുന്നതിനാൽ എല്ലാ ഷോകളും ഹൗസ്ഫുൾ ആയാൽ ലഭിക്കുന്ന വരുമാനം കണക്കുകൂട്ടാൻ പ്രയാസമില്ല.
ചിത്രങ്ങളുടെ ആദ്യ ദിന കളക്ഷൻ പ്രവചിക്കുന്ന ബിഹൈൻഡ് വുഡ്‌സിന്റെ കണക്ക് പ്രകാരം 1.05 കോടി രൂപ കബാലി ചെന്നൈ നഗരത്തിൽനിന്ന് മാത്രം ആദ്യ ദിനം സ്വന്തമാക്കും. ആദ്യ മൂന്ന് ദിവസത്തേക്ക് ‘കബാലി’യുടെ ടിക്കറ്റുകൾ നിലവിൽ കിട്ടാനില്ലാത്ത സ്ഥിതിയാണ് ചെന്നൈയിൽ.
‘കബാലി’യുടെ വ്യാജപകർപ്പ് ഇന്റർനെറ്റിൽ ചോർന്നത് ചിത്രത്തിന്റെ ബോക്‌സ്ഓഫീസ് കളക്ഷനെ ബാധിക്കുമോ എന്ന് ആശങ്കയിലാണ് ആരാധകരും അണിയറ പ്രവർത്തകരും. എന്നാൽ രജനി ചിത്രം കമ്പ്യൂട്ടർ സ്‌ക്രീനുകളിൽ കണ്ട് തൃപ്തിപ്പെടാൻ രജനി ആരാധകർ തയ്യാറാവില്ലെന്ന് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ഓൺലൈനിൽ ചിത്രം ലീക്കായാലും കളക്ഷനെ അത് ബാധിക്കില്ലെന്നാണ് ആരാധകർ പറയുന്നത്.