ആട് ആന്റണി കുറ്റക്കാരൻ, ശിക്ഷാ വിധി മറ്റന്നാൾ

കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണിയെ കുറ്റക്കാരനായി കണ്ടെത്തി. 2012 ജൂൺ 26 ന് പോലീസുകാരനെ കുത്തിക്കൊലപ്പെടുത്തുകയും എ എസ് ഐയെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലാണ് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ആന്റണിയെ കുറ്റക്കാരനായി കണ്ടെത്തിയിരിക്കുന്നത്. ശിക്ഷാവിധി ജൂലൈ 22 ന്.
കൊല്ലം പാരിപ്പള്ളിയിൽ മോഷണം നടത്തിയ ശേഷം വാനിൽ വന്ന ആട് ആൻറണിയെ എ.എസ്.ഐ ജോയി പൊലീസ് ഡ്രൈവർ മണിയൻപിള്ള എന്നിവർ ചേർന്ന് തടയവെ വാനിലുണ്ടായിരുന്ന കമ്പിപ്പാര എടുത്ത് ആൻറണി ജോയിയേയും മണിയൻപിള്ളയെയും കുത്തുകയായിരുന്ന മണിയൻപിള്ള തൽക്ഷണം മരിച്ചു. ജോയി പരുക്കുകളോടെ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.
എന്നാൽ പൊലീസ് പിൻതുടർന്നതിനാൽ വാൻ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു ആൻറണി. കൊല നടത്തി രക്ഷപ്പെട്ട ഇയാളെ പിന്നെ പിടികൂടിയത് മൂന്നരവർഷത്തിന് ശേഷം പാലക്കാട്ടെ ഗോപാലപുരത്ത് വെച്ചായിരുന്നു. വാനിലെ വിരലടയാളവും രക്തക്കറയുമാണ് അന്വേഷണത്തിൽ നിർണായകമായത്.
സംഭവ ദിവസം താൻ കേരളത്തിലില്ലായിരുന്നു എന്നായിരുന്നു ആട് ആൻറണിയുടെ വാദം. ഈ ദിവസം ഗ്യാസ് കണക്ഷന് വേണ്ടി അപേക്ഷ നൽകിയത് ചൂണ്ടിക്കാണിച്ചാണ് ഈ വാദത്തെ പ്രോസിക്യൂഷൻ പൊളിച്ചത്. ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട എസ്.ഐ ജോയി കേസിൽ നിർണായക സാക്ഷിയായിരുന്നു.