ആകെ നാണക്കേടായില്ലേ!!

അമേരിക്കയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന്റെ സ്ഥാനാർഥിത്വം ലോകമെങ്ങും ചർച്ചയാണ്. ട്രംപിന്റെ ജനപ്രീതി ദിനംപ്രതി വർധിച്ചുവരുന്നതായി റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാൽ,അതിനിടെ സ്വന്തം ഭാര്യ തന്നെ ട്രംപിന് എട്ടിന്റെ പണി കൊടുത്തിരിക്കുകയാണ്.
അമേരിക്കയുടെ പ്രഥമ വനിത മിഷേൽ ഒബാമയുടെ പ്രസംഗം അതേപടി പകർത്തി അവതരിപ്പിച്ചതാണ് മിലാനിയ ട്രംപിനും അതുവഴി ഡൊണാൾഡ് ട്രംപിനും വിനയായിരിക്കുന്നത്.കഴിഞ്ഞ ദിവസം റിപ്പബ്ലിക്കൻ നാഷണൽ കൺവൻഷനിൽ 35 ദശലക്ഷത്തോളം ആൾക്കാരെ സാക്ഷിയാക്കിയായിരുന്നു പ്രസംഗം.ഡൊണാൾഡ് ട്രംപും വേദിയിലുണ്ടായിരുന്നു.പ്രാസംഗിക വൻ കയ്യടി നേടിയെങ്കിലും പ്രസംഗം കോപ്പിയടിച്ചതാണെന്ന സത്യം വെളിച്ചത്തായതോടെ സംഭവം ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കപ്പെട്ടു.
2008ൽ ഡെമോക്രാറ്റിക് നാഷണൽ കൺവൻഷനിൽ മിഷേൽ നടത്തിയ പ്രസംഗത്തിന്റെ തനിപ്പകർപ്പാണ് മിലാനിയ അവതരിപ്പിച്ചത്. എന്നാൽ,ഇത് താൻ തന്നെ എഴുതിയുണ്ടാക്കിയതാണെന്ന നിലപാടിൽ ഉറച്ച് നില്ക്കുകയാണ് മിലാനിയ.അതേസമയം,മിലാനിയയുടെ അനുഭവങ്ങൾ ആധാരമാക്കി ഒരുകൂട്ടം ആളുകൾ ചേർന്ന് തയ്യാറാക്കിക്കൊടുത്തതാണ് ആ പ്രസംഗമെന്നും കൂട്ടിച്ചേർക്കലുകളിൽ മിലാനിയ നിരപരാധിയാണെന്നുമാണ് ട്രംപ് പക്ഷത്തിന്റെ ഔദ്യോഗിക വിശദീകരണം. എന്തായാലും സംഗതി ആകെ നാണക്കേടായെന്നത് സത്യം.