ഇവനാണ് നുമ്മ പറഞ്ഞ പ്രിസ്മക്കാരൻ!!

അലക്‌സി മൊയ്‌സീൻകോവ് എന്ന് പറഞ്ഞാൽ ആർക്കും മനസ്സിലാവില്ല. എന്നാൽ,പെട്ടന്ന് മനസ്സിലാവുന്ന മറ്റൊരു വാക്കുണ്ട്,പ്രിസ്മ. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രെൻഡിംഗ് ആയ വാക്ക് ഏത് എന്ന് ചോദിച്ചാൽ ഉത്തരം പ്രിസ്മ എന്ന് മാത്രമാണ്. പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ തരംഗമായ പ്രിസ്മയ്ക്ക് പിന്നിൽ പ്രവർത്തിച്ചത് ആരാണെന്ന ചോദ്യമാണ് അലക്‌സിയിലേക്ക് നമ്മളെ എത്തിക്കുക.
ഈ റഷ്യൻ യുവാവാണ് റെക്കോഡ് നേട്ടം സ്വന്തമാക്കിയ പ്രിസ്മയ്ക്ക് പിന്നിലുള്ളത്. ഇരുപത്തിയഞ്ചുകാരനായ അലക്‌സിയും നാലു സുഹൃത്തുക്കളും ചേർന്നാണ് പ്രിസ്മ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്. ഇവരുടെ സ്റ്റാർട്ട് അപ്പിൽ നിന്ന് മുമ്പും ആപ്ലിക്കേഷനുകൾ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ഇത്രമേൽ വിജയം നേടുന്ന ഒന്ന് ഇതാദ്യമായാണ്.
ന്യൂറൽ സിസ്റ്റവും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉപയോഗിച്ച് പ്രിസ്മ നാം നല്കുന്ന ചിത്രങ്ങളെ പെയിന്റിംഗ് സങ്കേതത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. എന്നാൽ ഇത് മറ്റ് ആപ്ലിക്കേഷനുകളിലേതു പോലെ കേവലമൊരു ലെയർ ഫോട്ടോയിലേക്ക് സ്ഥാപിച്ചുകൊണ്ടല്ല ചെയ്യുന്നത്. ഫോട്ടോയെക്കുറിച്ച് പഠിച്ച ശേഷം പുതിയതൊന്ന് നിർമ്മിക്കുകയാണ് പ്രിസ്മ ചെയ്യുന്നത്. അതു തന്നെയാണ് പ്രിസ്മ ഇത്രമേൽ ജനപ്രീതി നേടാനുള്ള കാരണവും.
ഇത്രവേഗത്തിലെങ്ങനെ ഇത് സാധിക്കും എന്നതാണ് അത്ഭുതപ്പെടുത്തുന്ന വസ്തുത.എന്നാൽ ആ രഹസ്യം നമുക്ക് അജ്ഞാതമാണ്. അതിനാണ് കമ്പനി സീക്രട്ട് എന്ന് പറയുന്നതും!!
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here