‘പോക്കിമോൻ ഗോ’ അപകടകാരിയാകുന്നതിങ്ങനെ

ലോകം മുഴുവൻ ഇപ്പോൾ പോക്കിമോൻ ഗോയ്ക്ക് പിറകെയാണ്. നാട്ടിലും നഗരത്തിലും പോക്കിമോനെ പിടിക്കാനുള്ള തത്രപ്പാടിലാണ്. എന്നാൽ സ്ഥലകാല ബോധമില്ലാതെ പോക്കിമോൻഗോ കളിച്ച് കുഴിയിൽ വീഴുന്നവരുടെ എണ്ണവും കൂടിത്തുടങ്ങി.
സെൽഫിയ്ക്ക് ശേഷം മരണകാരണമാകാൻ പോകുന്നത് പോക്കിമോൻ ഗോ ഗെയിം ആയിരിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ഒപ്പം മൊബൈലിലെ പേഴ്സണൽ ഡേറ്റ പൂർണ്ണമായും ഗെയിം കമ്പനിക്ക് ലഭിക്കുമെന്ന വാദവും നിലനിൽക്കുന്നുണ്ട്. ഇത് വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഇത് വ്യക്തി സ്വാതന്ത്ര്യം ഹനിക്കുന്നുവെന്നും അഭിപ്രായമുണ്ട്.
മുമ്പിലെ ലോകം എന്തെന്നറിയാതെ മൊബൈലിലേക്ക് മാത്രം കാഴ്ചകൾ ചുരുക്കുകയാണ് ഗെയിം. എന്നാൽ ഇതേ സമയം തന്നെ ചുരുങ്ങിയ ദിവസങ്ങൾകൊണ്ടാണ് ഈ ഗെയിം ലോകം മുഴുവൻ വൈറലായത്. പോക്കിമോൻ ഗോ കളിക്കാൻ ജോലി ഉപേക്ഷിച്ച വ്യക്തിയ്ക്ക് പോക്കിമോൻ ഗോ ട്യൂട്ടറായി ജോലി ലഭിച്ചതും വാർത്തയായിരുന്നു.
എന്നാൽ വിദേശരാജ്യങ്ങളിൽ അബദ്ധം പിണഞ്ഞവരും അപകടമുണ്ടായവരും അനവധി. സൂചനാ രേഖകൾ കാണാതെ കുഴിയിൽ വീണുപോവുകയും വാഹനാപകടങ്ങളിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുകയും ചെയ്ത കേസുകൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയിരിക്കുന്നു.
മൊബൈലിൽ പോക്കിമോൻ ഗോ കളിച്ചുകൊണ്ടിരുന്ന രണ്ട് പേരെ കഴിഞ്ഞ ദിവസമാണ് അമേരിക്കയിൽ വെടിവെച്ച് കൊന്നത്. വീട് കൊള്ളയടിക്കാനെത്തിയ കള്ളൻമാരാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു വെടിയുതിർത്തത്. മൊബൈലിൽ പരതി നടക്കുന്നത് കണ്ട് തെറ്റിദ്ധരിക്കുകയായിരുന്നു. ഇന്ത്യയിലും ഇത്തരം സാധ്യതകൾ തള്ളിക്കളയാനാവില്ല.
പോക്കിമോൻ പിടിക്കാനിറങ്ങി ഓടകളിലും ആൾ തുളകളിലും വീണ് ആളുകൾ മരിക്കുന്ന കാഴ്ച വിദൂരമാകില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here