കോടിയേരി തുണിയുരിഞ്ഞു ; മാധ്യമങ്ങൾ ചൂളിപ്പോയി

കയ്യിൽ ഏലസ്സല്ല: ആടിനെ പട്ടിയാക്കി വീണ്ടും മാധ്യമങ്ങൾ
കോടിയേരി കയ്യിൽ രക്ഷാ ഏലസ്സ് കെട്ടിയിരിക്കുന്നു എന്ന മഹത്തായ കണ്ടു പിടുത്തം നടത്തിയ മാധ്യമങ്ങൾ ഇളിഭ്യരായി. വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന പയ്യന്നൂരിൽ നടത്തിയ പ്രസംഗത്തിനിടെയാണ് കയ്യുയർത്തിയ കോടിയേരി ബാലകൃഷ്ണന്റെ കഷത്തിലേക്കു കാമറ ചൂഴ്ന്നു ചെന്ന് അത് കണ്ടെത്തിയത്. സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടറി അന്ധവിശ്വാസം പേറുന്ന രക്ഷാ ഏലസ്സ് കെട്ടിയിരിക്കുന്നു. പോരെ പൂരം. കാര്യമായ ഇരകളില്ലാതിരുന്ന ചാനലും പത്രവും ഓൺലൈനും ഒക്കെ കൂടി സംസ്ഥാനത്തെയും പാർട്ടിയെയും അന്ധവിശ്വാസത്തിൽ നിന്നും രക്ഷിക്കാൻ നെട്ടോട്ടമായി. ആവർത്തിച്ചാവർത്തിച്ചു കാണിച്ചു കൊണ്ട് കോടിയേരിയുടെ അന്ധവിശ്വാസ നീചപ്രവർത്തിയെ അവർ പല്ലും നഖവും ഉപയോഗിച്ച് എതിർത്തുകൊണ്ടേയിരുന്നു.
ഇതിനിടയിലെപ്പോഴോ ആണ് താൻ ഒരു അന്ധവിശ്വാസിയായ കമ്മ്യൂണിസ്റ് നേതാവായി പേരെടുത്ത കാര്യം കോടിയേരി ഞെട്ടലോടെ അറിയുന്നത്. വക്കീലന്മാർക്കുള്ള കലിപ്പൊന്നും കോടിയേരിക്ക് മാധ്യമങ്ങളോടില്ലാത്തതു കൊണ്ട് ക്യാമറയ്ക്കു മുന്നിൽ തന്റെ ഷർട്ടിന്റെ കൈ തെറുത്തു കയറ്റാൻ അദ്ദേഹം തയ്യാറായി. നേരത്തെ ക്യാമറ കണ്ണ് കൊണ്ട് ഒളിഞ്ഞു നോക്കിയ സ്ഥലമൊക്കെ കോടിയേരി കാണിച്ചു കൊടുത്തു. ചൂളിപ്പോയി മാധ്യമങ്ങൾ !
ഏലസ്സിന്റെ ക്ലോസ്സപ്പ് എടുക്കാൻ വന്നവർ കണ്ടത് ഒരു പ്രമേഹരോഗിയുടെ ബുദ്ധിമുട്ടുകൾ പറഞ്ഞു കൊണ്ട് വസ്ത്രം മാറ്റി തന്റെ കയ്യിൽ പിടിപ്പിച്ചിരിക്കുന്ന ഒരു ഉപകരണത്തെ കാണിച്ചു കൊടുക്കുന്ന കോടിയേരിയെ ആണ്. ഉപകരണം അട്ടകുളങ്ങര രാമകൃഷ്ണന്റെ ശത്രുസംഹാരയന്ത്രം ആയിരുന്നില്ല. അത് കേരളത്തിലെ പ്രമേഹ രോഗ ചികിത്സയിൽ പേരെടുത്ത ഡോ. ജ്യോതിദേവ് നൽകിയ *ഗ്ലൂക്കോസ് മാപിനി ആയിരുന്നു. തകർന്നു പോയില്ലേ …
ഒരു പ്രമേഹ രോഗിയെ മൈക്ക് വച്ചു കെട്ടി ആക്ഷേപിച്ചവർ എന്ന് ടി.മാധ്യമങ്ങളെ നാളെ പൊതുജനം കുറ്റപ്പെടുത്തിയാൽ കുറ്റം പറയരുത്.
*ഗ്ലൂക്കോസ് മാപിനി
തിരക്കുള്ള (കോടിയേരിയെ പോലെ ഒരാൾ ) പ്രമേഹരോഗികൾക്കു ഏറെ ഉപകാരമാണ് 24 മണിക്കൂറും ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ നിരീക്ഷിക്കുന്ന ഈ ഉപകരണം. ഇതിലെ മീറ്റർ ആവശ്യപ്പെടുന്ന മരുന്ന് ശരീരത്തിലേക്ക് നൽകാൻ രോഗിക്ക് സാധിക്കുമെന്നതും , അത് വഴി രക്തത്തിൽ ഉണ്ടാകുന്ന ഗ്ലൂക്കോസ് ഏറ്റക്കുറച്ചിലുകൾ നിയന്ത്രിക്കാൻ സാധിക്കുമെന്നതും മേന്മയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here