തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുൻതൂക്കം

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. 15 വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. തിരുവനന്തപുരം കോർപറേഷനിലെ പാപ്പനംകോട് വാർഡ് ബി.ജെ.പി നിലനിർത്തി. ഇടുക്കി കൊക്കയാർ പഞ്ചായത്ത് ഭരണം എൽഡിഎഫ് പിടിച്ചെടുത്തു. കാസർകോഡ് ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫ് നിലനിർത്തി.
തിരുവനന്തപുരം കോർപ്പറേഷനിലെ പാപ്പനംകോഡ് വാർഡ് ബിജെപി സ്ഥാനാർത്ഥി ആശാനാഥ്് 57 വോട്ടിന് വിജയിച്ചു. വെട്ടൂർ ഗ്രാമപഞ്ചായത്തിലെ അക്കരവിള വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി റീന 45 വോട്ടിനും. തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്കിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി സജിത 151 വോട്ടിനും വിജയിച്ചു.
എറണാകുളം തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ ചക്കംകുളങ്ങര വാർഡ് യുഡിഎഫ് ബിജെപിയിൽനിന്ന് പിടിച്ചെടുത്തു. യു.ഡി.എഫിന്റെ ശബരിഗിരീശൻ 96 വോട്ടിനാണ് ഇവിടെ ജയിച്ചത്. കഴിഞ്ഞ തവണ ബിജെപി നാല് വോട്ടിനാണ് ഇവിടെ വിജയിച്ചത്.
തിരുവനന്തപുരം കോർപ്പറേഷനിലെ പാപ്പനംകോട് വാർഡ് നിലനിർത്തിയെങ്കിലും ബിജെപിയുടെ ഭൂരിപക്ഷം ഇവിടെ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണ 500ലധികം വോട്ടുകൾക്ക് വിജയിച്ച വാർഡാണിത്. ഇവിടെ യു.ഡി.എഫ് മൂന്നാം സ്ഥാനത്തായി.
ഇടുക്കി മുളംകുന്ന് വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി മാമച്ചൻ ലൂക്കോസ് വിജയിച്ചു. കോഴിക്കോട് ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ ഓമശ്ശേരി ഈസ്റ്റിൽ എൽഡിഎഫിന്റെ കെ.കെ ഭാസ്‌കരൻ 76 വോട്ടിനും കണ്ണൂർ കല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം പീടിക വാർഡ് എൽഡിഎഫ് സ്ഥാനാർത്ഥി ഡി. രമ 505 വോട്ടിനും വിജയിച്ചു.
കൊടുങ്ങല്ലൂർ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ പത്താഴക്കാട് യുഡിഎഫ് സ്ഥാനാർത്ഥി കെ.എ ഹൈദ്രോസ് 98 വോട്ടിന് വിജയിച്ചു. എൽഡിഎഫ് സീറ്റായിരുന്നു പത്താഴക്കാട്. പാലക്കാട് ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ കണ്ണിയംപുറം വായനശാല വാർഡ് എൽ.ഡി.എഫ് നിലനിർത്തി. കെ.പി രാമകൃഷ്ണൻ 385 വോട്ടിന് വിജയിച്ചു.
മലപ്പുറം ജില്ലയിലെ ഊരകം പഞ്ചായത്തിലെ മൂന്നാം വാർഡിൽ വിജയം യുഡിഎഫിന്. റീന തുരുത്തിയിൽ 115 വോട്ടുകൾക്കാണ് എൽഡിഎഫിൽ നിന്ന് വാർഡ് പിടിച്ചെടുത്തത്.
മണർകാട് പഞ്ചായത്ത് രണ്ടാംവാർഡിൽ ബിജെപിയ്ക്കാണ് ജയം. ഇവിടെ സിന്ധു കൊരട്ടിക്കുന്നേൽ 198 വോട്ടുകൾക്ക് വിജയിച്ചു. എൽഡിഎഫ് രണ്ടാം സ്ഥാനത്തും സിറ്റിങ് സീറ്റ് നഷ്ടപ്പെട്ട കോൺഗ്രസ് മൂന്നാംസ്ഥാനത്തുമായി. ചേർത്തല പതിമൂന്നാംവാർഡിൽ ബിജെപിയുടെ ഡി. ജ്യോതിഷ് 134 വോട്ടിനു വിജയിച്ചു.
എട്ടുജില്ലകളിലെ തദ്ദേശസ്ഥാപനങ്ങളിൽ 15 വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
കാസർകോഡ് ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫ് നിലനിർത്തി. ഉദുമ ജില്ലാപഞ്ചായത്ത് ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാനവാസ് പാദൂർ 1100 വോട്ടിനാണ് വിജയിച്ചത്.
ആലപ്പുഴ ജില്ലയിലെ അടിക്കാട്ടുകുളങ്ങര വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഷൈലജ 137 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. തൃശ്ശൂർ ജില്ലയിലെ ശ്രീനാരായണപുരം പഞ്ചായത്തിൽ പത്താഴക്കാട് വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ എ പൈദ്രോസ് വിജയിച്ചു. കോഴിക്കോട് ഓമശ്ശേരി ഈസ്റ്റ് വാർഡിൽ ഭാസ്‌കരൻ മാസ്റ്റർ 76 വോട്ടുകൾക്കാണ് വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു ഇദ്ദേഹം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here