വേണം മത പാഠ ശാലകൾക്ക് മേൽ ഒരു കണ്ണ്

വേദ പാഠ ക്ലാസ്സിൽ നിന്നെത്തിയ അഞ്ചാം ക്ലാസ്സുകാരിയുടെ ചോദ്യം ‘നമ്മൾ ക്രിസ്ത്യാനികളെ ലോകത്തെങ്ങും മുസ്ലിങ്ങൾ കൊല്ലുകയാണോ ? ‘ ഇന്ന് വേദ പാഠ ക്ലാസ്സിൽ ടീച്ചർ പകർന്നു നൽകിയതാണ് ഈ പുതിയ അറിവ് . മുസ്ലിങ്ങൾ ക്രിസ്ത്യാനികളെ കൊല്ലുന്നില്‌ളെന്നും തീവ്ര വാദികളാണ് കൊലകൾ
നടത്തുന്നതെന്നും അവളെ പറഞ്ഞു ബോധ്യപ്പെടുത്തുമ്പോൾ ചെറു തലമുറയ്ക്കു മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന മത വിദ്യാഭ്യാസത്തിന്റെ അപകടത്തെക്കുറിച്ച് ചിന്തിച്ചു പോകുന്നു .
ലോകമെങ്ങും അരങ്ങേറുന്ന തീവ്രവാദ അക്രമങ്ങൾ സീറോ മലബാർ സഭയുടെ ഒരു പള്ളി കോമ്പൗണ്ടിലെ വേദ പാഠ ക്ലാസ്സിലെത്തുമ്പോൾ ക്രിസ്ത്യാനികളും മുസ്ലിങ്ങളും തമ്മിലുള്ള യുദ്ധമായി മാറുന്നു നമ്മുടെ സമുദായം നേരിടുന്ന വെല്ലുവിളികളെ ഓർത്തു ക്രിസ്ത്യൻ ബാല്യങ്ങൾ വേവലാതിപ്പെട്ടു തുടങ്ങുന്നു…
മത പഠനത്തിന്റെ യഥാർത്ഥ അന്ത:സത്ത ഉൾക്കൊള്ളുന്ന ഒരു സമൂഹത്തെയാണോ ഇത്തരം പാഠശാലകൾ സൃഷ്ടിക്കുന്നത്? അതോ നെഞ്ചിൽ ആയുധങ്ങൾ ഒളിപ്പിക്കുന്ന മത വിശ്വാസികളെയോ ?
നിർബന്ധിതമായ മത പഠനത്തിന് വിധേയരാകുന്നവരാണ് ക്രിസ്ത്യൻ മുസ്ലിം സമുദായങ്ങളിലെ കുട്ടികൾ .പള്ളികളോട് ചേർന്ന് പ്രവർത്തിക്കുന്ന മദ്രസകൾക്കും , വേദ പാഠ ശാലകൾക്കും വ്യവസ്ഥാപിതമായ ഒരു രൂപമുണ്ടിന്ന്. കൃത്യമായ വിദ്യാഭ്യാസ സംവിധാനം രൂപപ്പെടുത്തിയതാണ് സമുദായങ്ങൾ മത പാഠ ശാലകൾ
നടത്തിക്കൊണ്ടു പോകുന്നത് .മദ്രസ അധ്യാപകർക്ക് പെൻഷൻ നൽകുന്ന സംസ്ഥാനമാണ് കേരളം. മതേതര രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യങ്ങൾ എല്ലാം അനുഭവിച്ചു ഇത്തരം സംവിധാനങ്ങൾ നില നിന്ന് പോകുന്നു .
എന്നാൽ ,ജാതിയും മതവും ലോകത്തെ ഏറ്റവും വലിയ കൊലയാളികളുടെ വേഷം കൂടി ഏറ്റെടുക്കുന്ന ഇക്കാലത്തു എല്ലാ മേഖലകളും ജാഗ്രത ആവശ്യപ്പെടുന്നു. നമ്മുടെ മതപാഠശാലകൾ പിന്തുടരുന്ന പാഠ്യക്രമം എന്താണ് ? മത പഠനത്തിന്റെ യഥാർത്ഥ അന്ത:സത്ത ഉൾക്കൊള്ളുന്ന ഒരു സമൂഹത്തെയാണോ ഇത്തരം പാഠശാലകൾ സൃഷ്ടിക്കുന്നത്? അതോ നെഞ്ചിൽ ആയുധങ്ങൾ ഒളിപ്പിക്കുന്ന മത വിശ്വാസികളെയോ ? നമ്മൾ കണ്ണ് തുറന്നേ മതിയാകൂ .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here