വക്കീൽ കടന്നുപിടിക്കാൻ ശ്രമിച്ചതുതന്നെ; യുവതിയുടെ വെളിപ്പെടുത്തൽ

സർക്കാർ പ്ലീഡർ അഡ്വ.ധനേഷ് മാത്യു മാഞ്ഞൂരാൻ തന്നെ കടന്നുപിടിച്ചെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി ആരോപണവിധേയായ യുവതി.മാധ്യമങ്ങളോടാണ് യുവതി ഇക്കാര്യം പറഞ്ഞത്.
മാഞ്ഞൂരാന്റെ കുടുംബം കാലുപിടിച്ച് അപേക്ഷിച്ചതിനാലാണ് ഇതുവരെ മാധ്യമങ്ങളെ കാണാൻ തയ്യാറാകാഞ്ഞത്. ജാമ്യം കിട്ടാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് മാഞ്ഞൂരാന്റെ അച്ഛനും അമ്മയും ഭാര്യയും സഹോദരനും തന്നെ വന്നു കാണുകയായിരുന്നു. എന്നാൽ കേസ് അന്വേഷണഘട്ടത്തിൽ തനിക്കെതിരെ അപവാദപ്രചരണങ്ങളുണ്ടായി.തെറ്റ് ചെയ്തയാളെ സംരക്ഷിക്കാൻ ഒരുവിഭാഗം അഭിഭാഷകർ ശ്രമിച്ചു.നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.
കേസ് റദ്ദാക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം പോലീസ് ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.അന്വേഷണം അന്തിമഘട്ടത്തിലാണെന്നും പ്രഥമദൃഷ്ട്യാ കുറ്റം നടന്നതായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. വിശദമായ റിപ്പോർട്ട് പത്തുദിവസത്തിനകം സമർപ്പിക്കും.
കഴിഞ്ഞ മാസം 14ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഡ്വ.ധനേഷ് മാത്യു തന്നെ കയറിപ്പിടിച്ചതായി യുവതി പറഞ്ഞതിനെത്തുടർന്ന് ഇയാളെ പോലീസ് പിടികൂടുകയും ചെയ്തു. എന്നാൽ,ആളുമാറി പരാതി നല്കിയതാണെന്ന് യുവതി കോടതിയിൽ സത്യവാങ്മൂലം നല്കി.തുടർന്ന് മാഞ്ഞൂരാന് ജാമ്യം ലഭിക്കുകയും ചെയ്തു. ഇതിന് പിന്നാലെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് ആരോപിച്ച് മാഞ്ഞൂരാനും ഒരു കൂട്ടം അഭിഭാഷകരും രംഗത്തെത്തിയതോടെ വിഷയം വിവാദമാവുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here