ലോകം ഒന്നടങ്കം പറയുന്നു, യോ യോ റിയോ!!

ലോകം ഇനി റിയോ ഡി ജെനീറോയിലേക്ക്. മാരക്കാന സ്‌റ്റേഡിയത്തിലേക്ക് ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്ന കായികപ്രേമികളെ ആവേശത്തിലാഴ്ത്തി ഒളിമ്പിക്‌സ് തിരി തെളിഞ്ഞു.സസ്‌പെൻസുകൾക്ക് വിരാമമിട്ട് ഒളിമ്പിക് ദീപം തെളിക്കാൻ എത്തിയത് ബ്രസീലിന്റെ മുൻ മാരത്തോൺ താരം വാൻഡർ ലീ ലിമോയാണ്.
ഫുട്‌ബോൾ ഇതിഹാസം പെലെ,ലോകപ്രശസ്ത എഴുത്തുകാരൻ പൗലോ കൊയ്‌ലോ,ബ്രസീൽ ടെന്നീസ് ഇതിഹാസം ഗുസ്താവോ കേർട്ടൻ എന്നിവരുടെയൊക്കെ പേരുകളായിരുന്നു ഒളിമ്പിക് ദീപം ആര് തെളിക്കുമെന്ന ചോദ്യത്തിന് ഉത്തരമായി കേട്ടിരുന്നത്.എന്നാൽ,ഏവരെയും അമ്പരപ്പെടുത്തിക്കൊണ്ട് ആ ദൗത്യം ലിമോയെത്തേടിയെത്തി. 2004 തേൻസ് ഒളിമ്പിക്‌സിൽ മാരത്തോൺ മത്സരത്തിൽ വെങ്കലമെഡൽ നേടിയ താരമാണ് ലിമോ. മത്സരത്തിനിടെ ആക്രമണം നേരിട്ടിട്ടും മനസ്സാന്നിധ്യം വിടാതെ ഓടി മൂന്നാം സ്ഥാനം സ്വന്തമാക്കിയ ഇതിഹാസം.
ഇന്ത്യൻ സമയം പുലർച്ചെ 4.30നാണ് ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിച്ചത്.ലാറ്റിനമേരിക്കയുടെ ചരിത്രവും സംസ്‌കാരവും വിളിച്ചോതുന്ന വിസ്മയക്കാഴ്ചകളാണ് പിന്നെ അരങ്ങേറിയത്.സാമ്പത്തികപ്രതിസന്ധി വില്ലനായെങ്കിലും പണക്കൊഴുപ്പിന്റെ അകമ്പടിയില്ലാതെ വൈവിധ്യം നിറഞ്ഞ ചടങ്ങുകൾ സംഘടിപ്പിക്കാൻ ബ്രസീലിനായി.
ബ്രസീലിയൻ ഗായകൻ പൗളിഞ്ഞോ ഡാ വിയോള ദേശീയഗാനം അവതരിപ്പിച്ചതിനു പിന്നാലെയാണ് വിവിധ രാജ്യങ്ങളുടെ മാർച് പാസ്റ്റുകൾ തുടങ്ങിയത്. ഇന്ത്യക്ക് വേണ്ടി ഷൂടച്ടിങ്ങ് താരം അഭിനവ് ബിന്ദ്ര മാർച് പാസ്റ്റ് നയിച്ചു.ഹോക്കി ടീം മാർച് പാസ്റ്റിൽ പങ്കെടുത്തില്ല.
206 രാജ്യങ്ങളിൽ നിന്ന് 10,500ലേറെ താരങ്ങളാണ് ലോക കായികമാമാങ്കത്തിൽ പങ്കെടുക്കുന്നത്. 28 മത്സരങ്ങളിൽ നിന്ന് 306 സ്വർണമെഡലുകൾ വിജയികളെ കാത്തിരിക്കുന്നു. ഇന്ന് അമ്പെയ്ത്ത്,ഹോക്കി മത്സരങ്ങളാണ് നടക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here