ഇന്ത്യൻ അധികൃതർ വെള്ളം നൽകിയില്ല; ജയ്ഷ കുഴഞ്ഞ് വീണു

റിയോ ഒളിമ്പിക്‌സിൽ മാരത്തോണിനിടെ നിർജലീകരണം മൂലം ഒ.പി.ജയ്ഷ കുഴഞ്ഞ് വീണു. ഇന്ത്യൻ അധികൃതർ വെള്ളം നൽക്കാതിരുന്നത് മൂലമാണ് നിർജലീകരണം സംഭവിച്ചത്.

ഐ.എ.എ.എഫ് നിയമ പ്രകാരം ഒഫീഷ്യൽ പോയിന്റ് കൂടാതെ എല്ലാ രാജ്യങ്ങളും തങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്ന അത്‌ലറ്റുകൾക്ക് വെള്ളവും ഗ്ലൂക്കോസ് ഉൾപ്പെടെയുള്ള മറ്റ് വസ്തുക്കളും നൽകേണ്ടതാണ്. എല്ലാ 2.5 കിലോമീറ്ററിലും ദീർഖദൂര ഓട്ടക്കാർക്ക് വെള്ളം നൽകണം എന്നത് നിർബന്ധമാണ്. മറ്റു രാജ്യങ്ങളുടെ റിഫ്രഷ്മന്റ് പോയിന്റുകളിൽ വെള്ളവും, ഗ്ലൂക്കോസ് ബിസ്‌കറ്റുകളും ഉൾപ്പെടെ കായിക താരങ്ങൾക്ക് കരുത്തേകുന്ന വസ്തുക്കൾ നിറഞ്ഞപ്പോൾ ഇന്ത്യൻ ഡെസ്‌ക്കുകൾ ഒഴിഞ്ഞ് കാണപ്പെട്ടു.

അതുകൊണ്ട് തന്നെ 2.5 കിലോമീറ്ററിന് പകരം ഓരോ 8 കിലോമീറ്ററിലുമാണ് ജയ്ഷയ്ക്ക് വെള്ളം ലഭിച്ചത്, അതും റിയോ ഒളിമ്പിക്‌സ് അധികൃതരുടെ ഒഫീഷ്യൽ സ്റ്റാളുകളിൽ നിന്നും. ഒരു രാജ്യത്തെ പ്രതിനിധീകരിക്കുന്ന അത്‌ലറ്റുകൾക്ക് മറ്റ് രാജ്യക്കാരുടെ റിഫ്രഷ്മന്റ് പോയിന്റിൽ നിന്നും ഒന്നും സ്വീകരിക്കാൻ പാടില്ല എന്നുള്ളത് സ്ഥിതി വഷളാക്കി.

മാരത്തോണിൽ ദീർഖദൂര ഓട്ടക്കാർ കുഴഞ്ഞ് വീഴുക അസ്വാഭാവികമാണ്. ഫിനിഷിങ്ങ് പോയിന്റിൽ കുഴഞ്ഞ് വീണ ജയ്ഷ മൂന്നു മണിക്കൂറിന് ശേഷമാണ് ആരോഗ്യനില വീണ്ടെടുത്തത്. ഏഴ് കുപ്പി ഗ്ലൂക്കോസാണ് ജയ്ഷയുടെ ശരീരത്ത്  കുത്തിവെച്ചത്.

ജയ്ഷ 2 മണിക്കൂർ 47 മിനിറ്റിലാണ് മാരത്തോൺ പൂർത്തീകരിച്ചത്. കഴിഞ്ഞ തവണ ബെയ്ജിങ്ങിൽ ഇതേ മത്സരയിനം 2 മണിക്കൂർ 34 മിനിറ്റിലാണ് അവർ പൂർത്തീകരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top