ഇതല്ലേ ശരിക്കും സിംപ്ലിസിറ്റി!!
മസാചുസറ്റ്‌സിലെ നാൻസി റെസ്റ്റോറന്റ് ഇപ്പോൾ ലോകമെമ്പാടും ചർച്ചാവിഷയമായിരിക്കുകയാണ്. റെസ്റ്റോറന്റിലെ ഒരു ജീവനക്കാരിയാണ് ഈ പൊടുന്നനെയുള്ള പ്രശസ്തിയിലേക്ക് റെസ്റ്റോറന്റിനെ എത്തിച്ചത്. ഈ കക്ഷി ജോലിക്കായി എത്തുന്നത് ആറ് സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ്. ജോലിയിലെ ആത്മാർഥതയും ശുഷ്‌കാന്തിയും എടുത്തുപറയേണ്ട കാര്യവും. ആരാണ് ഈ വിവിഐപി ജീവനക്കാരി എന്നല്ലേ. അതു തന്നെയാണ് ഇവിടെ ആഹാരം കഴിക്കാനെത്തുന്നവരെ കാത്തിരിക്കുന്ന സസ്‌പെൻസും.അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഇളയ മകൾ സാഷയാണ് ഈ താരം.
വിശ്വസിക്കാൻ അല്പം പ്രയാസമുള്ള കാര്യമാണെങ്കിലും സംഗതി സത്യമാണ്.ജീവിക്കാൻ വേണ്ടി റെസ്റ്റോറന്റിൽ പണിയെടുക്കണോ ഈ കുട്ടിക്ക് എന്നൊക്കെ ചിന്തിക്കാൻ വരട്ടെ.തന്റെ വേനലവധി പ്രായോഗികമായി വിനിയോഗിക്കാനാണ് സാഷ ഒബാമ എന്ന പതിനഞ്ചുകാരിയുടെ ശ്രമം.ഏഴു വർഷത്തോളമായി വൈറ്റ് ഫൗസിൽ സമ്പന്നതയുടെ നടുവിലാണ് കഴിയുന്നതെങ്കിലും താനും അമേരിക്കയിലെ പൊതുജനങ്ങളും തമ്മിൽ ഭേദമില്ലെന്ന് തെളിയിക്കുന്ന സാഷയുടെ തീരുമാനത്തെ കൗതുകത്തോടെ വീക്ഷിക്കുന്നവരാണ് അധികവും.
അതിരാവിലെ ജോലിക്കെത്തുന്ന സാഷ 11.30 ആകുമ്പോഴേക്കും ജോലിയൊക്കെ ചെയ്ത് തീർത്ത് മടങ്ങും. സുരക്ഷ കണക്കിലെടുത്താണ് ഈ ഡ്യൂട്ടിസമയം തെരഞ്ഞെടുത്തത്. ഒപ്പം നിന്ന് സെൽഫിയെടുക്കാനുള്ള ശ്രമങ്ങളെ സാഷ പുഞ്ചിരിയോടെ ഒഴിവാക്കും. താൻ ഡ്യൂട്ടിയിലാണെന്ന് വരുന്നവരെ സമാധാനിപ്പിക്കുകയും ചെയ്യും.
മക്കളെ രണ്ട് പേരെയും സാധാരണക്കാരെപ്പോലെ വളർത്താനാണ് ഇഷ്ടമെന്ന് മിഷേൽ ഒബാമ പ്രതികരിച്ചിട്ടുണ്ട്. സാഷയുടെ തീരുമാനത്തിന് തന്റെ പൂർണ പിന്തുണയാണുള്ളതെന്നും മിഷേൽ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here