Advertisement

ഒബാമയുടെ പ്രിയപ്പെട്ട പുസ്തകം എഴുതിയ മലയാളി; ഡോ എബ്രഹാം വർഗീസിന്റെ ദി കവനന്റ് ഓഫ് വാട്ടർ കേരളത്തെ അടയാളപ്പെടുത്തുന്ന വിധം

January 16, 2024
Google News 2 minutes Read
Obama's favorite book The Covenant of Water by Dr Abraham Varghese

അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒരു ഇംഗ്ലീഷ് നോവൽ… കേരളത്തിലെ സിറിയൻ ക്രിസ്ത്യൻ പശ്ചാത്തലത്തിൽ എഴുതപ്പെട്ട കേരള ചരിത്രത്തേയും ജാതീയതയേയും കമ്മ്യൂണിസ്റ്റ് പാരമ്പര്യത്തേയും തൊടുന്ന ഒരു ഒരു നോവൽ… മറിയാമ്മ, ബിഗ് അമ്മച്ചി, ബിഗ് അപ്പച്ചൻ, ജോപ്പൻ, പീലിപ്പോസ് എന്നിങ്ങനെ മലയാളിപ്പേരുള്ള കഥാപാത്രങ്ങൾ… അവരിലൂടെ രണ്ട് ലോകമഹായുദ്ധങ്ങളും ക്ഷാമകാലവും കൊളോയിണൽ കാലവും സ്വാതന്ത്ര്യസമരവും കമ്മ്യൂണിസ്റ്റ് സർക്കാരും നക്‌സലിസവും ഒക്കെ പ്രതിഫലിക്കപ്പെടുന്നു… ഇതെല്ലാം കോർത്തിണക്കപ്പെടുന്നത് ശക്തമായ വൈകാരിതകയുടെ നൂലിലാണ്. ഒറ്റയടിയ്ക്ക് അരുന്ധതി റോയ്യുടെ ദി ഗോഡ് ഓഫ് സ്മാൾ തിങ്‌സും അതിലെ ഇംഗ്ലീഷിൽ നിറഞ്ഞ് നിൽക്കുന്ന മലയാളവും ബേബിക്കൊച്ചമ്മയേയും വെളുത്തയേയും അമ്മുവിനേയും ഒക്കെ ഓർമിപ്പിക്കുന്ന ആഖ്യാനം. പറഞ്ഞുവരുന്നത് ഒബാമ അദ്ദേഹത്തിന്റെ പ്രീയപ്പെട്ട പുസ്തകങ്ങളിൽ ഒന്നായി തെരഞ്ഞെടുത്ത ദി കവനന്റ് ഓഫ് വാട്ടർ എന്ന നോവലിനെക്കുറിച്ചാണ്. അമേരിക്കയിലെ മലയാളി ഡോക്ടറായ ഡോ എബ്രഹാം വർഗീസിന്റെ നോവൽ പേരുപോലെ തന്നെ കേരളത്തിന്റെ വേരുകളുമായി ജലം കൊണ്ട് തീർക്കുന്ന ഒരു ഉടമ്പടിയാണ്. മുൻ അമേരിക്കൻ പ്രസിഡന്റ് ഒബാമയുടെ ഉൾപ്പെടെ ലക്ഷക്കണക്കിന് പേരുടെ പ്രിയ നോവലായി ലോകത്തിലെ ബെസ്റ്റ് സെല്ലറായി തലപ്പൊക്കത്തോടെ നിൽക്കുകയാണ് എബ്രഹാം വർഗീസിന്റെ ഈ പുസ്തകം.

അമേരിക്കൻ മലയാളി മാതാപിതാക്കളുടെ പുത്രനായി ജനിച്ച ഡോ വർഗീസിന്റെ നോവൽ കേരളത്തിലെ ഒരു സാധാരണ ക്രിസ്ത്യൻ കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. പ്രധാന കഥാപാത്രമായ മറിയാമ്മയുടെ 12 വയസിൽ അതായത് 1977 മുതലാണ് നോവൽ ആരംഭിക്കുന്നത്. മൂന്ന് തലമുറകളുടെ കഥ പറയുകയാണ് 724 പേജുകളുള്ള ഈ നോവൽ. കോട്ടയം, ചങ്ങനാശ്ശേരി, കൊച്ചി, പുനലൂർ, വയനാട് തുടങ്ങിയ കഥാപശ്ചാത്തലങ്ങളെ ലോകസാഹിത്യഭൂപടത്തിൽ അടയാളപ്പെടുത്തുകയാണ് നോവൽ. പ്രണയത്തിന്റേയും ഏകാന്തതയുടേയും മരണത്തിന്റേയും പ്രതീക്ഷകളുടേയും മോഹഭംഗങ്ങളുടേയും കഥകളെ കേരളത്തിലൂടെ ഒഴുകുന്ന നദികളെന്ന പോലെ ജലം കൊണ്ട് ബന്ധിപ്പിച്ചിരിക്കുകയാണ് എഴുത്തുകാരൻ.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിലെ ഒരു സിറിയൻ ക്രിസ്ത്യൻ കുടുംബത്തിൽ പിറന്ന മറിയാമ്മയെന്ന പെൺകുട്ടി തന്നേക്കാൾ മുപ്പത് വയസോളം മൂത്ത ഒരു വിഭാര്യനെ കല്യാണം കഴിക്കുന്നു. ജീവിതത്തിന്റെ എല്ലാ വിരസതകൾക്കിടയിലും ആ കുടുംബത്തിന്റെ ബിഗ് അമ്മച്ചിയായി മാറി തറവാട് ഭരിക്കുന്ന മറിയാമ്മയിലേക്കുള്ള ഒരു ട്രാൻസ്ഫർമേഷനാണ് കഥാപശ്ചാത്തലം. മറിയാമ്മയുടെ ജീവിതത്തിന്റെ പശ്ചാത്തലത്തിലാണ് ലോകമഹായുദ്ധങ്ങളും കൊളോണിയൽ കാലവും നോവലിൽ അടയാളപ്പെടുത്തപ്പെടുന്നത്. ബിഗ് അമ്മച്ചിയുടെ മകൻ ഫിലിപ്പോസിന്റെ സുഹൃത്ത് ജോപ്പൻ എന്ന കഥാപാത്രത്തിലൂടെയാണ് കേരളത്തിലെ പുലയ വിഭാഗം നേരിടുന്ന വിവേചനത്തിന്റേയും തൊഴിൽ ചൂഷണത്തിന്റേയും വികാരതീവ്രത വായനക്കാരിലെത്തുന്നത്. അപ്പൻ ചെയ്തുവന്നിരുന്ന അടിമവേലകൾ അയാളുടെ മരണശേഷം ഏറ്റെടുക്കാൻ വിസമ്മതിച്ച് ഇറങ്ങിപ്പോകുന്ന ജോപ്പനിൽ കഥാപാത്രം ഒരു നായകപരിവേഷം കൈവരിക്കുന്നുണ്ട്.

കൊളോണിയലിസവും ലോകമഹായുദ്ധങ്ങളും കടന്ന് ക്ഷാമകാലവും അതിജീവിച്ച് ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്ന നന്മയും തിന്മയുമുള്ള ബ്ലാക്ക് ആൻഡ് വൈറ്റിലല്ലാത്ത മനുഷ്യരാണ് നോവലിലുടനീളമുള്ളത്. കൊളോണിയൽ ഭരണകാലത്ത് എത്തിപ്പെട്ട വെള്ളക്കാരാകട്ടെ, കുഷ്ഠരോഗികളെ സഹായിക്കാൻ കേന്ദ്രം സ്ഥാപിക്കുന്ന സ്വീഡീഷ് ഡോക്ടറാകട്ടെ എല്ലാ കഥാപാത്രങ്ങൾക്കും മനുഷ്യത്വവും ദയയും ഹീറോയിസവും പ്രദർശിപ്പിക്കാൻ നോവൽ അവസരം കൊടുക്കുന്നുണ്ട്. എല്ലാ കഥാപാത്രങ്ങളും അവരുടെ അന്തർസംഘർഷങ്ങളും വികസിക്കുന്നത് കൃത്യമായ ചരിത്രപരിസരങ്ങളിൽ നിന്നുകൊണ്ടാണ്. സാമൂഹ്യവും ചരിത്രപരവും ശാസ്ത്രസംബന്ധിയുമായ ചരിത്രപശ്ചാത്തലങ്ങളിലേക്കാണ് ഓരോ കഥാപാത്രങ്ങളേയും നോവലിസ്റ്റ് ജീവൻവയ്പ്പിച്ചുവിടുന്നത്. മാത്രവുമല്ല കേരളത്തിന്റെ തീരപ്രദേശങ്ങളുമായി ബന്ധപ്പെട്ട സ്ഥലകാലങ്ങളെ വളരെ മനോഹരമായാണ് നോവലിനുടനീളം അദ്ദേഹം സന്നിവേശിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ വീടുകളുടെ വാസ്തുവിദ്യ, പശ്ചിമ ഘട്ടത്തിലെ കോടമഞ്ഞ്, തീരപ്രദേശത്തെ കടൽക്കാറ്റ്, ബിഗ് അമ്മച്ചിയുടെ അടുക്കളയിൽ നിന്ന് ഉയരുന്ന കൂട്ടാന്റെ മണം എല്ലാം നോവൽ വായിക്കുന്ന അമേരിക്കക്കാരനെക്കൊണ്ട് വരെ അനുഭവിപ്പിക്കുന്ന വിധത്തിലാണ് വിവരണം.

പ്രഗത്ഭനായ ഡോക്ടറായതുകൊണ്ട് തന്നെ വർഗീസ് വൈദ്യശാസ്ത്രത്തിന്റെ വികാസത്തിനും ചരിത്രത്തിനും കേരളത്തെ ബാധിച്ച മഹാമാരികളുടെ വിവരണത്തിനും നോവലിൽ സവിശേഷമായ ഇടം കൊടുത്തിട്ടുണ്ട്. സങ്കീർണമായ രോഗചികിത്സയുടെ വിവരണങ്ങൾ പോലും ഭാഷയുടെ വഴക്കം കൊണ്ട് വർഗീസ് നോവലിൽ ആസ്വാദ്യകരമാക്കിയിട്ടുണ്ട്. മനുഷ്യരുടെ രോഗാവസ്ഥ, അതിനുള്ള ചികിത്സകൾ തുടങ്ങിയ അൽപം ഡ്രൈയെന്ന് തോന്നുന്ന വിഷയങ്ങളെ മനുഷ്യശരീരത്തെക്കുറിച്ചുള്ള തന്റെ ആഴത്തിലുള്ള അറിവുകൊണ്ടും ഭാഷയുടെ ഒഴുക്കുകൊണ്ടും വളരെ ഹൃദ്യമായാണ് വർഗീസ് നോവലിൽ വിവരിക്കുന്നത്.

Read Also : പ്രധാനമന്ത്രി 150 കോടി ജനങ്ങളുടെ നേതാവ്, മാലദ്വീപിലേക്കില്ല പകരം ലക്ഷദ്വീപിലേക്ക്; നാഗാർജ്ജുന

അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ബെസ്റ്റ് സെല്ലർ ആയി മാറിയ പുസ്തകം പക്ഷേ സൽമാൻ റഷ്ദിയുടെ മിഡ്‌നൈറ്റ് ചിൽഡ്രൻ പോലെ ഇന്ത്യയുടെ ഇരുണ്ട ചരിത്രത്തെക്കൂടി തൊടുന്ന ഒരു സങ്കീർണമായ ചരിത്ര വിവരണമല്ല ഉൾക്കൊള്ളുന്നത്. മറിച്ച്, ഏഷ്യൻ വിരുദ്ധ വിദ്വേഷത്തിന്റേയും ഇസ്ലാമോഫോബിയയുടേയും വംശീയതയുടേയും തീവ്ര വലതുപക്ഷ ഭരണത്തിനെതിരായ ആഗോള വിമർശനത്തിന്റേയും കാലത്ത് ഇന്ത്യയോടും പ്രത്യേകിച്ച് കേരളത്തോടും സുഖമുളള ഒരു സ്‌നേഹം തോന്നുന്ന വിവരണമാണ് നോവലിന്റേത്.

ജുംപാ ലാഹിരിയുടെ ദി നേയിംസേക്കുമായും അരുന്ധതി റോയിയുടെ ബുക്കർ സമ്മാനം നേടിയ ദി ഗോഡ് ഓഫ് സ്‌മോൾ തിംഗ്‌സുമായും ഒക്കെയാണ് വർഗീസിന്റെ നോവൽ താരതമ്യപ്പെടുത്തുന്നത്. ഈ പുസ്തകങ്ങളേക്കാളൊക്കെ ലൈറ്റായ ഒരു അനുഭവമാണ് ദി കവനന്റ് ഓഫ് വാട്ടർ നൽകുന്നത്. മുറിവേറ്റ, തകർന്ന ഹൃദയങ്ങളെ, ഭൂപ്രദേശങ്ങളെ, ചരിത്രഘട്ടത്തെ ഒരു ഡോക്ടറിന്റെ അലിവോടെയും വൈദഗ്ധ്യത്തോടെയും നോക്കാനുള്ള ഉൾക്കാഴ്ച വായനയ്ക്ക് ശേഷവും നോവൽ വായനക്കാരിൽ അവശേഷിപ്പിക്കുന്നു.

Story Highlights: Obama’s favorite book The Covenant of Water by Dr Abraham Varghese

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here