ഒന്നര കിലോ കഞ്ചാവുമായി പ്രിയ പിടിയിൽ

ദമ്പതികൾ ചമഞ്ഞ് തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന രണ്ട് പേർ പിടിയിലായി. ഒന്നര കിലോ ഗ്രാം കഞ്ചാവുമായി വിഴിഞ്ഞം സ്വദേശി ബൈജു, കാച്ചാണി സ്വദേശി പ്രിയ എന്നിവരാണ് പിടിയിലായത്. സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് കച്ചവടം നടത്തിവരികയായിരുന്നു ഇവർ.

തിരുവനന്തപുരം ജില്ലയിൽ കഞ്ചാവ് കച്ചവടം വർദ്ധിച്ചുവരുന്നതിനാൽ ഇത്തരക്കാരെ കേന്ദ്രീകരിച്ച നത്തിയ അന്വേഷണത്തിലാണ് ഇരുവരും ഷാഡോ പോലീസിന്റെ പിടിയിലായത്.

ആഡംബര ബൈക്കിൽ ദമ്പതിമാരെന്ന് തോന്നിക്കും വിധത്തിൽ യാത്രചെയ്ത് ആവശ്യക്കാർക്ക് പ്രിയ വഴിയാണ് കഞ്ചാവ് എത്തിച്ച് നൽകിയിരുന്നത്. ഉപഭോക്താക്കളെ ഫോണിൽ ബന്ധപ്പെട്ടതിന് ശേഷം ആർക്കും സംശയം തോന്നാത്ത വിധത്തിൽ പ്രിയ കഞ്ചാവ് കൈമാറും.

കഞ്ചാവിന്റെ മൊത്ത വിതരണക്കാരനായ കാച്ചാണി കുമാറിന്റെ മകളാണ് പിടിയിലായ പ്രിയ. എക്‌സൈസിലും പോലീസിലും നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണ് കുമാർ.

ജയിലിലായിരുന്ന ഇയാൾ ജാമ്യത്തിലിറങ്ങിയ ശേഷം മകളേയും കാമുകനേയും ഉപയോഗിച്ച് കച്ചവടം നടത്തിവരികയായിരുന്നു. കമ്പം, തേനി എന്നിവിടങ്ങളിൽ നിന്നാണ് ഇയാൾ കഞ്ചാവ് വാങ്ങിക്കുന്നത്. തുടർന്ന് വീട്ടിൽ വെച്ച് 500 രൂപയുടെ ചെറുപൊതികളിലാക്കി മകൾക്കും കാമുകനും വിൽപ്പനയ്ക്ക് നൽകുകയാണ് പതിവ്.

പ്രിയ വഴി കോളേജ് വിദ്യാർത്ഥികളിലേക്കും കഞ്ചാവിന്റെ ഉപയോഗം എത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. ഇവരിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചില്ലറ കഞ്ചാവ് കച്ചവടക്കാരിലേക്ക്കൂടി അന്വേഷണം നടത്തുമെന്നും സിറ്റി പോലീസ് കമ്മീഷണർ സ്പർജൻ കുമാർ ഐപിഎസ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top