അത് മനുഷ്യൻ എഴുതിയ വാർത്തയല്ല,പിന്നെയോ!!

നിങ്ങൾ വായിക്കുന്ന വാർത്തയ്ക്ക് പിന്നിൽ മനുഷ്യനോ റോബോട്ടോ എന്ന് ആലോചിക്കേണ്ട കാലം വന്നെത്തിയിരിക്കുന്നു. വാർത്ത തയ്യാറാക്കാൻ റോബോട്ടുകൾക്ക് ആവുമോ എന്ന് സംശയമുള്ളവർ റിയോ ഒളിമ്പിക്‌സ് വേദി വരെ പോവുക. നിങ്ങൾക്ക് മുന്നിൽ മെഡൽ ജേതാക്കളുടെ വിവരങ്ങൾ അപ്പപ്പോൾ അപ്‌ഡേറ്റ് ചെയ്ത് പത്രസ്ഥാപനത്തിലേക്ക് എത്തിക്കുന്ന റോബോട്ടുകളെ കാണാനാവും!!

ആ പത്രസ്ഥാപനം ഏതെന്ന്് അറിയുക,അതാണ് വാഷിംഗ് ടൺ പോസ്റ്റ്. ബിസിനസ് ഭീമനും ആമസോൺ തലവനുമായ ജഫ് ബസോസ് വാഷിംഗ് ടൺ പോസ്റ്റിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തപ്പോൾ ലോകം ചിന്തിച്ചത് പൂച്ചയ്‌ക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം എന്നായിരുന്നു. എന്നാൽ,ഒളിമ്പിക്‌സ് ബ്രസീലിലേക്കെത്തിയപ്പോൾ ആ പൂച്ച പൊന്നുരുക്കേണ്ടതെങ്ങനെയെന്ന് ലോകത്തെ പഠിപ്പിക്കുകയാണ്.തന്റെ വാഷിംഗ് ടൺ പോസ്റ്റിൽ പണി ചെയ്യാൻ റോബോട്ടുകളെ നിയമിച്ച ജഫ് ബോസിന്റെ നീക്കത്തെ ആശങ്കയോടെയാണ് മാധ്യമസമൂഹം വീക്ഷിക്കുന്നത്. തങ്ങളുടെ പണി പോവുന്ന കാലം അതിവിദൂരമല്ല എന്ന ഭയം തന്നെ കാരണം.

എന്നാൽ,ആശങ്കപ്പെടാൻ മാത്രം ഇതിൽ ഒന്നുമില്ലെന്ന് ജഫ് ബോസ് ഉറപ്പ് നല്കുന്നു.മനുഷ്യരെ പൂർണമായി ഒഴിവാക്കിക്കൊണ്ട് മാധ്യമപ്രവർത്തനം സാധ്യമാവില്ലല്ലോ എന്നാണ് മറുചോദ്യം.റോബോട്ടിക് ജേണലിസ്റ്റ് പരീക്ഷണങ്ങൾ ആരംഭിച്ചിട്ട് കാലം കുറേയായെങ്കിലും ഒരു മുഖ്യധാരാ സ്ഥാപനം ഇത് പരീക്ഷിച്ച് വിജയിപ്പിക്കുന്നത് ഇതാദ്യമായാണ്.കമ്പനി സ്വന്തമായി വികസിപ്പിച്ചെടുത്ത റോബോട്ടുകളാണ് ഇവ എന്ന പ്രത്യേകതയുമുണ്ട്.

ഒളിമ്പിക്‌സ് കഴിഞ്ഞാൽ അമേരിക്കൻ തെരഞ്ഞെടുപ്പിൽ വാഷിംഗ്ടൺ പോസ്റ്റിന്റെ സൈറ്റുകൾക്കും ബ്ലോഗുകൾക്കും വേണ്ടി വിപുലമായ തോതിൽ റോബോട്ടുകളെ രംഗത്തിറക്കാനാണ് പദ്ധതി. അനുനിമിഷം മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ മാധ്യമരംഗത്തിന്റെ ഭാവി എത്രയോ ഉന്നതങ്ങളിലെത്തും എന്നതിന്റെ തെളിവ് കൂടിയാവുകയാണ് ഈ നീക്കമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top