അസ്ലമിന്റെ കൊലപാതകം വടകരയിൽ ഇന്ന് ഹർത്താൽ

ലീഗ് പ്രവർത്തകൻ മുഹമ്മദ് അസ്ലമിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് വടകര താലൂക്കിൽ ഇന്ന് യു.ഡി.എഫ് ഹർത്താൽ. തൂണേരി ഷിബിൻ വധക്കേസിൽ കോടതി വെറുതേ വിട്ട ലീഗ് പ്രവർത്തകൻ മുഹമ്മദ് അസ്ലമം ഇന്നലെ വെട്ടേറ്റ് കൊല്ലപ്പെടുകയായിരുന്നു. മൃതദ്ദേഹം പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് സംസ്‌കരിക്കും.
ബൈക്കിൽ വെള്ളൂർ ഭാഗത്തേക്ക് പോകുകയായിരുന്ന അസ്ലമിനെ ചാലപ്പുറം വെള്ളൂർ റോഡിൽ ചക്കരക്കണ്ടിക്കു സമീപം വൈകീട്ട് 5.30 ഓടെയാണ് ഒരു സംഘം ആക്രമിക്കുന്നത്. വെട്ടേറ്റ് അസ്ലമിന്റെ ഇടത് കൈപ്പത്തി അറ്റുതൂങ്ങി. വയറിന്റെ ഭാഗത്തും കഴുത്തിനും ആഴത്തിൽ മുറിവേറ്റു.
ഗുരുതര പരിക്കുകളോടെ ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രകിയക്ക് വിധേയനാക്കിയിരുന്നു. ഇന്നോവ കാറിൽ പിന്നിൽ നിന്ന് വന്ന സംഘം ബൈക്കിനെ ഇടിച്ചുവീഴ്ത്തിയ ശേഷമാണ് അക്രമം നടത്തിയത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന അസ്ലമിന്റെ സുഹൃത്ത് ഷാഫിയെ ആക്രമിച്ചിട്ടില്ല. കണ്ണൂർ രജിസ്‌ട്രേഷൻ കാറിലത്തെിയത് ക്വട്ടേഷൻ സംഘമാണെന്ന് സംശയിക്കുന്നു. ആക്രമണത്തിനുശേഷം സംഘം കാറിൽ കടന്നുകളഞ്ഞു.
എന്നാൽ കൊലപാതകികളെ കുറിച്ച പോലീസിന് വിവരം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഷിബിൻ വധക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂണിലായിരുന്നു 17 പേരെ മാറാട് പ്രത്യേക കോടതി വെറുതെ വിട്ടത്. കേസിലെ മൂന്നാം പ്രതിയയിരുന്നു വെട്ടേറ്റ അസ്‌ലം.
കഴിഞ്ഞ വർഷം ജനുവരി 22ന് രാത്രിയാണ് ഷിബിൻ കൊല്ലപ്പെട്ടത്. യൂത്ത് ലീഗ് പ്രവർത്തകരായ തെയ്യമ്പാടി ഇസ്മയിൽ, സഹോദരൻ മുനീർ എന്നിവർ ഉൾപ്പെടെ 17 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. ഇവരെ തെളിവില്ലെന്നതിന്റെ പേരിൽ കോടതി വെറുതെ വിട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here