കത്തി താഴെയിടടാ…

ഒരു വർത്തമാനകാല ഭരണ നേതാവിനുണ്ടാകേണ്ട ഗുണങ്ങളെല്ലാം തികഞ്ഞയാളാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ. അത്യന്തം പൈങ്കിളിവത്കരിക്കപ്പെട്ട രാഷ്ട്രീയ നേതാക്കൾക്കിടയിൽ ധാർഷ്ട്യത്തിന്റെ ശരീരഭാഷയോടെ, അധികാരത്തിന്റെ യഥാർത്ഥസത്ത എങ്ങനെ പ്രായോഗികവത്കരിക്കപ്പെടുമെന്ന് തെളിയിച്ചുകൊണ്ടിരി ക്കുന്ന അപൂർവ്വം നേതാക്കളിലൊരാൾ

‘കേരള മോഡി’ എന്ന് പിണറായി വിജയൻ വിളിക്കപ്പെടുന്നെങ്കിൽ അതിനുകാരണം ഇരുകൂട്ടരും കസേരയുടെ യഥാർത്ഥ അധികാരം പ്രയോഗിക്കുന്നതിൽ പുലർത്തുന്ന കൂസലില്ലായ്മയും, തീരുമാനങ്ങളിൽ പ്രകടിപ്പിക്കുന്ന നിശ്ചയദാർഢ്യവുമാണ്. നരേന്ദ്രമോഡിയുടെ മനസ്സിൽ ‘മറ്റൊരിന്ത്യ’യുണ്ടെങ്കിൽ പിണറായിയുടെ മനസ്സിലുമുണ്ട് ‘മറ്റൊരു കേരളം’. ഈ രണ്ടു നേതാക്കളുടെയും പ്രവർത്തന വഴിയിൽ തടസ്സാമായെത്തുന്നത് സ്വന്തം പാർട്ടിയും, അണികളുടെ ദുഷ്‌ചെയ്തികളുമാണെന്നത് വളരെ കൗതുകകരമായ മറ്റൊരു സാമ്യം.

പാർട്ടി സെക്രട്ടറി മുഖ്യമന്ത്രിയായി മാറുമ്പോൾ, പഴയതുപോലെ അണികളെ ന്യായീകരിക്കാനാകില്ല. വരമ്പത്തുകൂലി നൽകാനാഹ്വാനം ചെയ്യുന്ന നേതാക്കൾ സ്വന്തം സർക്കാരിനാണ് തലവേദന സൃഷ്ടിക്കുന്നതെന്ന യാഥാർത്ഥ്യം തുറന്നുപറയാതിരിക്കാനുമാകില്ല

 

അധികാരത്തിലെത്തും മുമ്പ്, പാർട്ടി അണികളുടെ ചെയ്തികളെ മുൻപിൻ നോക്കാതെ ന്യായീകരിച്ച നേതാവാണ് പിണറായി വിജയൻ. കൊല്ലും കൊലയും നടത്തിയ അണികൾക്ക് പാർട്ടി സെക്രട്ടറി എന്ന നിലയിൽ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും കവചം തീർത്തയാൾ. പാർട്ടിയ്ക്കുള്ളിലെ എതിർപക്ഷത്തിന്റെ നിലപാടുകൾക്ക് പുല്ലുവില കൽപ്പിച്ച് അണികളുടെ താൽപര്യത്തിന് മാത്രം പിന്തുണ നൽകിവന്നയാൾ.

എന്നാൽ, മുഖ്യമന്ത്രിക്കസേരയ്‌ക്കൊപ്പം കേരളത്തിന്റെ ക്രമസമാധാനച്ചുമതല കൂടി കയ്യാളുമ്പോൾ പിണറായി വിജയൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സ്വന്തം അണികളിൽ നിന്നുതന്നെയാണ്. കേരളത്തിൽ ഇക്കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ നടന്ന ആറ് രാഷ്ട്രീയ കൊലപാതകങ്ങളിലെല്ലാം ഒരറ്റത്ത് സിപിഎമ്മുണ്ട്.

ഒരു സിപിഎം കാരൻ കൊലചെയ്യപ്പെടുമ്പോൾ കിട്ടാത്ത രാഷ്ട്രീയ – വാർത്താ പ്രാധാന്യം സിപിഎമ്മുകാരൻ കൊലയാളിയാകുമ്പോൾ സംഭവത്തിന് കൈവരുമെന്നത് കേരളത്തിലെ നാട്ടുനടപ്പ്. ഇത് നന്നായി അറിയാവുന്ന ആളാകണം മുഖ്യമന്ത്രി. സിപിഎം വെട്ടുന്ന ഓരോ വെട്ടും എണ്ണപ്പെടുന്നതാണ്.
ഇന്ന് ഈ വെട്ടുകൾക്കുത്തരം പറയുക മാത്രമല്ല, ഉത്തരവാദിയെ കണ്ടെത്തേണ്ടതും പിണറായി വിജയനാണ്.

പാർട്ടി സെക്രട്ടറി മുഖ്യമന്ത്രിയായി മാറുമ്പോൾ, പഴയതുപോലെ അണികളെ ന്യായീകരിക്കാനാകില്ല. വരമ്പത്തുകൂലി നൽകാനാഹ്വാനം ചെയ്യുന്ന നേതാക്കൾ സ്വന്തം സർക്കാരിനാണ് തലവേദന സൃഷ്ടിക്കുന്നതെന്ന യാഥാർത്ഥ്യം തുറന്നുപറയാതിരിക്കാനുമാകില്ല. സുഗമമായ ഭരണനടത്തിപ്പിനായി അണികൾക്ക് മുന്നിൽ പിണറായി വിജയന് തിലകന്റെ വേഷം കെട്ടിയേ മതിയാകൂ

അത് കത്തി താഴെയിടടാ എന്ന പഴയ പാർട്ടി സെക്രട്ടറിയുടെ ഗർജ്ജനമാകാം – അല്ലെങ്കിൽ, – ” മുഖ്യനാ പറയുന്നത് കത്തി താഴെയിടടാ” എന്ന വിലാപവുമാകാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top