ശസ്ത്രക്രിയാ പിഴവ് ; വയറിനുള്ളിലായ ഉപകരണത്തിന്റെ ചിത്രങ്ങൾ പുറത്തായി

യൂട്രസ് ശസ്ത്രക്രിയക്ക് വിധേയയായ സ്ത്രീയുടെ വയറ്റിനുള്ളിൽ ശസ്ത്രക്രിയ നടത്തിയ ഡോക്‌ടർ ഉപകരണം മറന്നുവെച്ചു. ശസ്ത്രക്രിയക്ക് ശേഷം തുന്നിക്കൂട്ടലിനിടയിൽ ശസ്ത്രക്രിയക്ക് ഉപയോഗിച്ച ‘റേഡിയോ ഒപെക് ക്ലിപ്’ മറന്നു വെയ്ക്കുകയായിരുന്നു. തിരുവനന്തപുരം നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം.
ശസ്ത്രക്രിയക്ക് ശേഷം മണിയ്ക്കൂറുകൾക്ക് ശേഷം ശസ്ത്രക്രിയാ ഉപകരണങ്ങളുടെ കണക്കെടുത്ത ആശുപത്രി അധികൃതർക്ക് ഒരു ഉപകരണം കാണാനില്ലെന്ന് ബോധ്യമായി. തുടർന്ന് രോഗിയെ ആശുപത്രി അധികൃതർ പുറത്ത് സ്വകാര്യ ലാബിൽ കൊണ്ടുപോയി എക്സ് റേ പരിശോധനയ്ക്ക് വിധേയയാക്കി. ഉപകരണം വയറ്റിലുണ്ടെന്ന് മനസ്സിലായതോടെ എക്സ് റേ പുറത്തുകാണിക്കാതെ രോഗിയെ അടിയന്തരമായി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
തൊളിക്കോട് ഇരുതലമൂല റോഡരികത്ത് വീട്ടിൽ അബ്‌ദുൾ ഹമീദിന്റെ ഭാര്യ ലൈല ബീവിയാണ് (45) ഡോക്‌ടറുടെ അനാസ്ഥമൂലം നരകിക്കേണ്ടിവന്നത്. ഇക്കഴിഞ്ഞ 15 നാണ് ഇവർ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റായത്. 18ന് രാവിലെയായിരുന്നു ശസ്ത്രക്രിയ. നാൽപത് മിനിറ്റ് മാത്രമെ ശസ്ത്രക്രിയ പൂർത്തിയാക്കുവാൻ എടുക്കുകയുള്ളു എന്നാണ് ആശുപത്രി അധികൃതർ ആദ്യം ബന്ധുക്കളോട് പറഞ്ഞിരുന്നത്. എന്നാൽ ശസ്ത്രക്രിയ പൂർത്തിയാക്കുവാൻ മണിയ്ക്കൂറുകൾ എടുത്തു. ലൈലാ ബീവിയെ ശസ്ത്രക്രിയക്ക് ശേഷം കയറ്റിയ രോഗികളുടെ ശസ്ത്രക്രിയ പൂർത്തിയാക്കിയിട്ടും ഇവരെ പുറത്തിറക്കിയിരുന്നില്ല. ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് ശസ്ത്രക്രിയ പൂർത്തിയായ രോഗിയെ ഓപറേഷൻ മുറിയിൽ നിന്നും പുറത്തിറക്കുവാൻ അധികൃതർ തയ്യാറായത്.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ രാത്രി പ്രവേശിപ്പിച്ച രോഗിക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തി വയറ്റിനുള്ളിൽ കുടുങ്ങിയ ശസ്ത്രക്രിയാ ഉപകരണം പുറത്തെടുക്കുകയായിരുന്നു. എട്ടാം വാർഡിൽ പ്രവേശിപ്പിച്ച ലൈലാ ബീവി ആരോഗ്യം വീണ്ടെടുത്തു വരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. ഡോക്‌ടർമാരുടെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ച ഏറെ ഗുരുതരമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here