റിയോയില്‍ ഇന്ത്യയുടെ ഷൂട്ടിംഗിന് ഉന്നം തെറ്റിയതെവിടെ?

        റിയോയിൽ ഷൂട്ടിംഗിലായിരുന്നു ഇന്ത്യ ഏറ്റവും കൂടുതൽ മെഡൽ പ്രതീക്ഷപുലർത്തിയിരുന്നത്. കാരണം പങ്കെടുത്തവരിൽ രണ്ടുപേർ ഒഴികെ എല്ലാവരും ലോകതാരങ്ങളായിരുന്നു. ലോക ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പികളിലും ലോകകപ്പിലും മെഡൽ നേടിയവർ. ലോകം അറിയുന്നവർ. പക്ഷേ ഫലം അങ്ങേയറ്റം നിരാശാ ജനകമായിരുന്നു.
         പുരുഷവനിതാ വിഭാഗങ്ങളിലായി 13 പേരാണ് റിയോയിലേക്ക് പോയത്. അഭിനവ്ബിന്ദ്ര, പ്രകാശ്‌നഞ്ജപ്പ, ഗഗൻനാരംഗ്, ജിത്തുറായി, ചെയിൻസിംഗ്, ഗുർപ്രീത് സിംഗ്, മാനവജിത്ത് സന്ധു, കൈനാൻചെനായ്, മായിരാജ് അഹമ്മദ്ഖാൻ എന്നീ പുരുഷതാരങ്ങളും അപൂർവിചന്ദേല, അയോണികാപോൾ, ഹീനാസിദ്ധു എന്നീ വനിതാ താരങ്ങളും.
         ഇതിൽ അഭിനവ് ബിന്ദ്ര പത്തുമീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ നാലാംസ്ഥാനത്തും ജിത്തുറായി 10 മീറ്റർ എയർപിസ്റ്റൽവിഭാഗത്തിൽ എട്ടാം സ്ഥാനത്തും എത്തി എന്നുള്ളത് മാത്രമാണ് നേട്ടം. മറ്റുള്ളവരെല്ലാം ആദ്യറൗണ്ടിൽ തന്നെ പുറത്തായിരുന്നു.
         ഇവരുടെ മുൻകാല നേട്ടങ്ങൾ കൂടി പരിശോധിച്ചാലേ പരാജയത്തിന്റെ ആഴം ബോധ്യമാകു. 2008-ലെ ബീജിംഗ് ഒളിമ്പിക്‌സിൽ സ്വർണം നേടിയ താരമാണ് ഉത്തരാഖണ്ഡ് സ്വദേശിയും 33-കാരനുമായ അഭിനവ്ബിന്ദ്ര. 2006-ലെ ലോക ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിലും സ്വർണം നേടിയിരുന്നു. 2002, 2006, 2010, 2014-കോമൺവെൽത്തു ഗെയിംസുകളിലും ഇതേ വിഭാഗത്തിൽ ബിന്ദ്ര സ്വർണം നേടിയിരുന്നു. രണ്ടായിരത്തിൽ അർജ്ജുനാ അവാർഡും 2001-ൽ ഖേൽരത്‌നയും 2009-ൽ പ്ത്മഭൂഷണും രാജ്യം അദ്ദേഹത്തിന് സമർപ്പിച്ചിട്ടുണ്ട്. റിയോയിൽ പത്തു മീറ്റർ എയർപിസ്റ്റൽ വിഭാഗത്തിലാണ് മൽസരിച്ചത്.
         നാൽപതുകാരനും ബാംഗ്ലൂർ സ്വദേശിയുമായ പ്രകാശ് നഞ്ജപ്പ 2013-ലെ ലോകചാമ്പ്യൻഷിപ്പിൽ 10 മീറ്റർ എയർപിസ്റ്റൽ വിഭാഗത്തിൽ വെങ്കലവും 2014-ലെ കോൺവെൽത്ത് ഗെയിംസിൽ വെള്ളിയും അതേവർഷം നടന്ന എഷ്യൻഗെയിംസിൽ വെങ്കലവം നേടിയിരുന്നു. 50-മീറ്റർ പിസ്റ്റൽ വിഭാഗത്തിലാണ് നഞ്ജപ്പ റിയോയിൽ മൽസരിച്ചത്.
          തെലുങ്കാന  സ്വദേശിയും 33-കാരനുമായ ഗഗൻനാരംഗ് 2012-ലെ ലണ്ടൻ ഒളിമ്പിക്‌സിൽ പത്തുമീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ വെങ്കലം നേടിയ താരമാണ്. 2006 മുതൽ 13 വരെയുള്ള കോമൺവെൽത്ത് ഗെയിംസുകളിൽ എട്ടു സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും കൂടി നേടിയിട്ടുണ്ട്.
2010-ൽ ഖേൽരത്്്‌നയും 2011-ൽ പത്മശ്രീയും നൽകി രാജ്യം ആദരിച്ചു. 10 മീറ്റർ എയർറൈഫിൾ, 50-മീറ്റർ റൈഫിൾ പ്രോൺ, 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ എന്നിവയിലാണ് നാരംഗ് റിയോയിൽ മൽസരിച്ചത്.
          50 മീറ്റർ പിസ്റ്റൽ വിഭാഗത്തിൽ ലോക നാലാം റാങ്കുകാരനും 28-കാരനുമായ ജിത്തുറായി നേപ്പാൾ സ്വദേശിയാണെങ്കിലും ഇപ്പോൾ ഇന്ത്യൻ പൗരനാണ്. 2014-ലെ ലോകകപ്പിൽ 10 മീറ്റർ പിസ്റ്റൽ വിഭാഗത്തിൽ സ്വർണം നേടിയിട്ടുള്ള ജിത്തുറോയി 2014-ലെ കോമൺവെൽത്തു ഗെയിംസിൽ 50 മീറ്റർ പിസ്റ്റൽ വിഭാഗത്തിൽ വെള്ളിയും അതേവർഷം നടന്ന ഏഷ്യൻഗെയിംസിൽ ഇതേവിഭാഗത്തിൽ സ്വർണവും നേടിയിട്ടുണ്ട്. 10 മീറ്റർ എയർ പിസ്റ്റൽ വിഭാഗത്തിലും 50 മീറ്റർ പിസ്റ്റൽ വിഭാഗത്തിലും ജിത്തുറോയി റിയോയിൽ മൽസരിച്ചിരുന്നു.
          ജമ്മുകാശ്മീർ സ്വദേശിയാണ് ചെയിൻസിംഗ്്. 2016-ൽ ഗോഹട്ടിയിൽ നടന്ന സൗത്ത് ഏഷ്യൻ ഗെയിംസിൽ ആറു സ്വർണം നേടിയ ചരിത്രമാണ് ചെയിൻസിംഗിനുള്ളത്. ആ മിടുക്ക് പക്ഷേ ഒളിമ്പിക്‌സിൽ കണ്ടില്ല. റിയോയിൽ 50-മീറ്റർ റൈഫിൾ പ്രോൺ, 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ എന്നിവയിൽ ചെയിൻസിംഗ് മൽസരിച്ചിരുന്നു.
          2010-ലെ കോമൺവെൽത്തു ഗെയിംസിൽ സ്വർണം നേടിയ താരമാണ് ഗുർപ്രീത് സിംഗ്. അദ്ദേഹത്തിന്റെ പ്രകടനം അന്നത്തേതിൽ നിന്നു മെച്ചപ്പെട്ടിട്ടില്ലെന്നു തന്നെയാണ് റിയോ തെളിയിക്കുന്നത്.
          പഞ്ചാബ് സ്വദേശിയും നാൽപതുകാരനുമായ മാനവജിത്ത് സന്ധു 2006-ലെ ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തും  2010-ൽ മൂന്നാം സ്ഥാനത്തും ഉണ്ടായിരുന്നു. 2010, 2014 ലോകകപ്പുകളിൽ ട്രാപ്പ് ഷൂട്ടിംഗിൽ സ്വർണം നേടിയിട്ടുണ്ട്. ഏഷ്യൻ ഗെയിംസുകളിൽ നാലു സ്വർണവും ഒരു വെള്ളിയും കോമൺവെൽത്ത് ഗെയിംസിൽ നാലു വെള്ളിയും ഒരു വെങ്കലവും നേടി. ട്രാപ്പ് ഷൂട്ടിംഗ് വിഭാഗത്തിലാണ് റിയോയിൽ അദ്ദേഹം മൽസരിച്ചത്. 2006-ൽ ഖേൽരത്‌ന നൽകി രാജ്യം അദരിച്ചു.
          വനിതാ വിഭാഗത്തിൽ ഹീനാ സിദ്ധുവാണ് ഏറ്റവും നിരാശപ്പെടുത്തിയ താരം. പത്തുമീറ്റർ എയർപിസ്റ്റൽ വിഭാഗത്തിലും 25 മീറ്റർ പിസ്റ്റൽ വിഭാഗത്തിലുമാണ് ഇരുപത്തിയാറുകാരിയായ ഈ പഞ്ചാബി താരം മൽസരിച്ചത്. ലോക ഷൂട്ടിംഗിൽ അത്ഭുതപ്പെടുത്തുന്ന നേട്ടങ്ങളാണ് അവർക്കുള്ളത്. ലോകറാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരിയായ ഹീന 2009, 2013- ലോകകപ്പുകളിൽ  വെള്ളി നേടിയിരുന്നു. 2008-ൽ നടന്ന ഹംഗേറിയൻ ഓപ്പണിൽ ആറ്  സ്വർണവും 2009, 2013-വർഷങ്ങളിൽ നടന്ന മ്യൂണിക്ക് ഓപ്പണുകളിൽ മൂന്നു സ്വർണവും  2015-ലെ ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ഒരു സ്വർണവും നേടിയിട്ടുണ്ട്. 2014-ൽ രാജ്യം അവർക്ക് അർജ്ജുനാ അവാർഡും സമ്മാനിച്ചു.
          ഇത്രയൊക്ക നേട്ടങ്ങൾ അവകാശപ്പെടാനില്ലെങ്കിലും വനിതാവിഭാഗത്തിലെ ജയ്പ്പൂർ സ്വദേശിയായ അപൂർവി ചന്ദേലയും മഹാരാഷ്ട്രാ സ്വദേശിയായ അയോണികാ പോളും ലോക ശ്രദ്ധയാകർഷിച്ചിട്ടുള്ള താരങ്ങളാണ്. റിയോയിൽ പത്തു മീറ്റർ എയർ റൈഫിൾ വിഭാഗത്തിലാണ് ഇരുവരും മൽസരിച്ചത്. ഇത്രയേറേ ലോകതാരങ്ങൾ അണിനിരന്നിട്ടും ഷൂട്ടിംഗിൽ ഒരു വെങ്കലം പോലും നേടാൻ  കഴിഞ്ഞില്ല എന്നത്് വിശകലനങ്ങൾക്ക് വിധേയമാക്കേണ്ടത് തന്നെയാണ്.
rio news card

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top