സൗമ്യയെ കൊന്നത് ഗോവിന്ദച്ചാമിയാണെന്നതിന് തെളിവുണ്ടോ; സുപ്രീം കോടതി

soumya

സൗമ്യയെ കൊന്നത് ഗോവിന്ദച്ചാമിയെന്നതിന് തെളിവുണ്ടോ എന്ന് സുപ്രീം കോടതി. സൗമ്യയെ ട്രെയിനിൽനിന്ന് തള്ളിയിട്ട് കൊന്നത് ഗോവിന്ദച്ചാമിയാണെന്നതിന് തെളിവ് എവിടെയെന്ന് ചോദിച്ച കോടതി ഉഹാപോഹങ്ങൾ പറയരുതെന്നും വ്യക്തമാക്കി.

സാഹചര്യ തെളിവുകൾ മാത്രമായിരുന്നു പ്രൊസിക്യൂഷന്റെ അടിസ്ഥാനം. സൗമ്യയെ തള്ളിയിട്ടത് ഗോവിന്ദച്ചാമിയാണെന്നത് പ്രോസിക്യൂഷന് തെളിയിക്കാനായില്ല. മരണകാരണമായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ച മുറിവ് വീഴ്ചയിൽ സംഭവിച്ചതാകാമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

സൗമ്യ വധക്കേസിൽ കീഴ്‌കോടതി വിധിച്ച വധശിക്ഷക്കെതിരെ ഗോവിന്ദച്ചാമി നൽകിയ അപ്പീലിൽ തുടർവാദം കേൾക്കവേയാണ് കോടതി ചോദ്യം ഉന്നയിച്ചത്. കീഴ്‌കോടതി വിധി റദ്ദാക്കി തന്നെ കുറ്റവിമുക്തനാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ഗോവിന്ദച്ചാമിയെ മാധ്യമങ്ങൾ വിചാരണ ചെയ്ത് കുടുക്കുകയായി രുന്നുവെന്നാണ് പ്രതിഭാഗം അഭിഭാഷകൻ ബി.എ ആളൂർ കോടതിയെ ധരിപ്പിച്ചത്.

കൊലപാതകം, ബലാത്സംഗം, വനിതാ കമ്പാർട്ടുമെന്റിൽ അതിക്രമിച്ച് കടക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഗോവിന്ദച്ചാമിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ. കേസിൽ തൃശൂർ അതിവേഗ കോടതി വിധിച്ച വധശിക്ഷ നേരത്തെ ഹൈകോടതി ശരിവെച്ചിരുന്നു.

എറണാകുളം ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനിലിൽ നിന്ന് തള്ളി പുറത്തേക്കിട്ട് സൗമ്യയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് ഹൈകോടതി ശിക്ഷ വിധിച്ചത്. 2011 ഫെബ്രുവരി 1നാണ് സംഭവം നടന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top