ഇങ്ങനെയുമുണ്ട് അധ്യാപകർ!!

മധ്യപ്രദേശിലെ ഗോച്ചാമു ഗ്രാമത്തിൽ വൈദ്യുതിയും നവീകരിച്ച നടപ്പാതകളും ഒന്നുമില്ല. തീർത്തും പിന്നോക്ക ഗ്രാമമായ ഇവിടെ താമസിക്കുന്നത് ഗോത്രവിഭാഗത്തിൽ പെട്ട എണ്ണൂറോളം ആളുകളാണ്. വിദ്യാഭ്യാസ സ്ഥാപനമായി ഉള്ളതാവട്ടെ ഒരു പ്രൈമറി സ്‌കൂൾ മാത്രം.എന്നാൽ,ഈ പരിമിതികളെയൊക്കെ മറികടക്കാൻ ആ ഗ്രാമീണർ തങ്ങളുടെ നിധി പോലെ കരുതുന്ന ഒരാളുണ്ട് ഇവിടെ,അലോക് സാഗർ.

ഡൽഹി ഐഐടിയിൽ നിന്ന് എഞ്ചിനീയറിംഗിൽ ബിരുദം,ഹൂസ്റ്റണിൽ നിന്ന് മാസ്റ്റേഴ്‌സ് ഡിഗ്രിയും പിഎച്ച്ഡിയും. ഐഐടി അധ്യാപകൻ എന്ന നിലയിൽ ദീർഘനാളത്തെ പരിചയം.ശിഷ്യരുടെ നിരയിൽ റിസർവ്വ് ബാങ്ക് ഗവർണർ രഘുറാം രാജൻ ഉൾപ്പടെയുള്ള പ്രമുഖർ. ഇങ്ങനെയൊരു പ്രൊഫൈൽ ഉള്ള അലോക് എങ്ങനെ ഗോച്ചാമു ഗ്രാമത്തിന്റെ സ്വന്തമായി എന്നതാണ് അലോകിനെ വ്യത്യസ്തനാക്കുന്നത്.

കഴിഞ്ഞ 32 വർഷമായി മധ്യപ്രദേശിലെ ആദിവാസി ഗ്രാമങ്ങളിലാണ് ഈ മനുഷ്യന്റെ ജീവിതം. 26 വർഷമായി ഗോച്ചാമുവിലെത്തിയിട്ട്.ഔദ്യോഗികജീവിതത്തിൽ നിന്ന് വിരമിച്ചതോടെ ശേഷം കാലം ജനസേവകനാവുക എന്നത് അലോകിന്റെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു.ഇന്ത്യയിലെ
ജനങ്ങൾ നേരിടുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്. എന്നാൽ,അവയ്‌ക്കൊന്നും പരിഹാരം തേടാനോ മറ്റുള്ളവരോ സഹായിക്കാനോ തയ്യാറാകാതെ നേടിയ ഡിഗ്രികളുടെ ധാരാളിത്തത്തിൽ അഭിരമിക്കാനാണ് എല്ലാവരുടെയും ശ്രമമെന്ന് അലോക് അഭിപ്രായപ്പെടുന്നു.

ഇതിനോടകം ഗോച്ചാമുവിൽ 50,000 വൃക്ഷത്തൈകളാണ് അലോക് നട്ടുപിടിപ്പിച്ചത്. തൈകളും വിത്തുകളും ശേഖരികക്ുകയും ആദിവാസികൾക്കിടയിൽ അവ വിതരണം ചെയ്യുകയുമാണ് അലോകിന്റെ പ്രധാന പ്രവർത്തനം.സമൂഹത്തിന്റെ താഴേത്തട്ടിലുള്ള പ്രവർത്തനമാണ് രാജ്യപുരോഗതിയ്ക്ക് സഹായകമാവുക എന്ന് അദ്ദേഹം വിശ്വസിക്കുന്നു.

ബേതുൽ ജില്ലയുടെ ഭാഗമാണ് ഗോച്ചാമു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് അധികൃതർ അലോകിന്റെ പ്രവർത്തനങ്ങളെ സംശയാസ്പദമായി വീക്ഷിക്കുകയും അവിടം വിട്ടുപോവാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ,താൻ ആരാണെന്ന് വെളിപ്പെടുത്തി അവരെ ഞെട്ടിയ്ക്കുകയാണ് അലോക് ചെയ്തത്.

മൂന്ന് സെറ്റ് കുർത്തയും ഒരു സൈക്കിളുമാണ് ആകെയുള്ള സമ്പാദ്യം. നിരവധി ആദിവാസിഭാഷകൾ കൈകാര്യം ചെയ്യാനുമറിയാം. ലാളിത്യം മുഖമുദ്രയാക്കിയ അലോക് സാഗറിനെപ്പോലെയുള്ളവരല്ലേ നമുക്ക് മാതൃകയാകേണ്ടത്. കയ്യിലുള്ള ഡിഗ്രിയുടെ വലിപ്പമല്ല,മനസ്സിന്റെ വലിപ്പമാണ് ഏറ്റവും വലുതെന്ന് സ്വജീവിതം കൊണ്ട് തെളിയിക്കുകയാണ് ഈ വൃദ്ധൻ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top