തിരുത്തലുകളുടെ ഓണം

ലീൻ ബി ജെസ്‌മസ് / തിരുത്ത്
ഓര്‍മ്മകള്‍ ആഘോഷിക്കപ്പെടേണ്ടവയാണെന്ന സുന്ദരമായ സങ്കല്‍പമാണ് ഓണം. സമൃദ്ധിയും, കൂട്ടായ്മയും നിറഞ്ഞ പൂര്‍വ്വകാലമെന്ന സ്മൃതിയെ ഒരു ഉത്സവമായേറ്റെടുത്ത് മലയാളി ആഘോഷിക്കുമ്പോള്‍ മഹാബലി എന്ന മിത്ത് ഒരു നിമിത്തം മാത്രമാണ്. ഇക്കൊല്ലത്തെ ഓണം, മലയാളിയ്ക്ക് ചില തിരുത്തലുകള്‍ കൂടി നല്‍കുന്നു.
ഓണക്കാലമാരംഭിക്കും മുമ്പ്, പുതിയ മുഖ്യമന്ത്രി സര്‍ക്കാര്‍ ഓഫീസുകളിലെ ആഘോഷങ്ങള്‍ ജനദ്രോഹകരമാകരുതെന്ന നിര്‍ദേശം മുന്നോട്ട് വച്ചു. ഇതിനെ രാഷ്ട്രീയ വളച്ചൊടിക്കലുകള്‍ക്ക് വിധേയരാക്കിയവര്‍ സ്വയം പരാജിതരാകുകയും ഭൂരിപക്ഷം സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തി സമയം പാഴാക്കാതെ സുന്ദരമായി ഓണം ആഘോഷിക്കുകയും ചെയ്തു. ഒരു തിരുത്തലിന് അങ്ങനെ ഈ ഓണക്കാലം തുടക്കം കുറിച്ചു.
മഹാബലി എന്ന നന്മയക്ക് മേല്‍ കപട തന്ത്രത്തിലൂടെ വിജയം നേടിയ വാമനന്റെ പക്ഷം പിടിച്ച് ഹിന്ദുതീവ്രവാദി ശശികല തുടങ്ങിവച്ചതാണ് മറ്റൊരു തിരുത്തല്‍ യജ്ഞം.
ആഘോഷിക്കപ്പെടേണ്ടത് മാവേലിയുടെ മടങ്ങിവരവാണോ വാമനെന്ന അവതാരത്തിന്റെ വിജയമാണോ എന്ന സമസ്യ സൃഷ്ടിച്ച് രാഷ്ട്രീയ വിജയം നേടാനുള്ള നീക്കത്തിന് കേന്ദ്രത്തിലെ തീവ്രവാദിയില്‍ നിന്നും പിന്തുണ കൂടി ലഭിച്ചതോടെ കേരളത്തിന്റെ നാട്ടുത്സവം ഹൈജാക്ക് ചെയ്യപ്പെടാനുള്ള നീക്കത്തിന്റെ തുടക്കമായിരിക്കുന്നു.
ഈ തിരുത്തലിന്റെ രാഷ്ട്രീയം ഓണത്തിന്റെ മൂല്യം കെടുത്തും. മത രാഷ്ട്രീയങ്ങളില്ലാത്ത നല്ലോണങ്ങളുടെ മഹത്തായ ആഘോഷത്തെ ഇനിയും നെഞ്ചോട് ചേര്‍ത്ത് നിര്‍ത്താന്‍ മലയാളിയ്ക്ക് കഴിയട്ടെ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here